ഭാഷാവിജ്‌ഞാനിയം (തുടർച്ച)
വിശ്വദർശനം: ലോകത്തെ കെട്ടിപ്പടുത്തിട്ടുള്ളത് ആശയങ്ങൾ കൊണ്ടും ആദർശങ്ങൾകൊണ്ടുമാണു്. അഥവാ അതിൻ്റെ സംസ്‌കാരത്തിലാണു്. പ്രാചീന ഭൂഭാഗങ്ങൾ ഇന്നും നിലനിന്നുവരുന്നുണ്ടെങ്കിൽ അതു് അതതിൻ്റെ അനശ്വരമായ അന്തസ്സത്ത ഒന്നുകൊണ്ടുമാത്രമാണെന്നു പറയാം. അത്തരത്തിലുള്ള പ്രാക്തനസംസ്‌കാരങ്ങളുടെ പ്രദർശനമാണു ‘വിശ്വദർശന’ത്തിൽ ഉള്ളത്. ഈ വിശിഷ്ടഗ്രന്ഥത്തിൻ്റെ കർത്താവായ രാഹുൽ സാംകൃത്യായൻ ഭാരതത്തിലെ പ്രസിദ്ധ സംസ്കൃത പണ്ഡിതനും, ഹിന്ദി സാഹിത്യകാരനും, ബൗദ്ധ വിജ്ഞാനിയും, ബഹുഭാഷാ വിശാരദനുമാണു്. ഈയിടെ (1963 ഏപ്രിൽ) നിര്യാതനായ ആ മഹാപണ്ഡിതൻ വിശാലമായ ഭൂമണ്ഡലത്തിൽ ഓരോ തലമുറയേയും തൻ്റെ മുമ്പിൽ നിരത്തിനിറുത്തി അവരുടെ പ്രാക്തനസംസ്കാരത്തെ – ദർശനത്തെ –നോക്കിക്കാണുന്നതിനുള്ള ഒരു മഹായത്നമാണ് ഈ ബൃഹൽഗ്രന്ഥത്തിൽ ചെയ്തിട്ടുള്ളതു്. ഗ്രീക്കുദർശനം മുതൽ ആരംഭിച്ച്, ഇസ്ലാംദർശനം, യൂറോപ്യൻദശനം, ഭാരതീയദർശനം എന്നു തുടങ്ങിയ പ്രാക്തനദർശനങ്ങൾ ഓരോന്നും സാംഗോപാംഗമായി ഇതിൽ അണിനിരത്തിയിരിക്കുന്നു. ശ്രീശങ്കരൻ്റെ കാലംവരെയാണു് ഭാരതീയ ദർശനത്തിൽ സ്പർശിച്ചിട്ടുള്ളതു്. ശ്രീശങ്കരനെ പ്രച്ഛന്നബൗദ്ധനായി അദ്ദേഹം ദർശിക്കയും ചെയ്യുന്നു. അതിമഹത്തായ ഈ ഗ്രന്ഥം വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ച പി. എം. കുമാരൻനായർ ഭാഷാഭിമാനികളുടെ അഭിനന്ദനം തീർച്ചയായും അർഹിക്കുന്നുണ്ട്.
