ഗദ്യസാഹിത്യചരിത്രം. പത്തൊൻപതാമദ്ധ്യായം

ഭാഷാവിജ്‌ഞാനിയം (തുടർച്ച)

വിശ്വസാഹിത്യദർശനം: പ്രസ്തുത നാമധേയത്തിൽ പുരാതന സാഹിത്യങ്ങളുടെ ഒരു ചരിത്രപരമ്പര കൃഷ്ണചൈതന്യ (കെ. കെ. നായർ) പ്രസിദ്ധപ്പെടുത്തിവരുന്നതു ഭാഷാസാഹിത്യത്തിനു വലിയൊരു നേട്ടമാണു്. ആ ശാഖയിലെ ആദ്യത്തെ പുസ്തകമാണു്’ ‘മെസോപൊട്ടേമിയൻ സാഹിത്യം’. മെസോപൊട്ടേമിയൻ ജനതയുടെ സാംസ്‌കാരിക ചരിത്രമാണ് ഇതിലെ പ്രമേയം. ലോകനാഗരികതയുടെ ഉറവിടമായിരുന്നല്ലോ, മെസോപൊട്ടേമിയ, ആ രാജ്യത്തിൻ്റെ ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ വിവരണമാണ് ഇതിൽ ആദ്യത്തെ അംശം. ഭൂതകാലഗഹ്വരത്തിൽനിന്നും ഘനനം ചെയ്തെടുത്ത കളിമൺപലകകളിലെ ലേഖനങ്ങളുടെ വിവരണമാണതു്. പുരാതന ദേവന്മാരെപ്പറ്റിയുള്ള പ്രകീർത്തനങ്ങളാണു അവയിൽ അധികവും.

മെസോപൊട്ടേമിയൻ സാഹിത്യ ചരിത്രത്തെത്തുടർന്നു, ഈജിപ്ഷ്യൻ സാഹിത്യചരിത്രം, യവന സാഹിത്യചരിത്രം, റോമൻസാഹിത്യ ചരിത്രം, യഹൂദ സാഹിത്യചരിത്രം ഇങ്ങനെ ആകെ അഞ്ചു സഞ്ചികകൾ ഇതിനകം ഗ്രന്ഥകാരൻ പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. ഇവയിൽ ചിലതു് ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നട എന്നീ ഇതര ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്. മലയാളത്തിൽ എഴുതിയിട്ടുള്ള ഈ വിശ്വസാഹിത്യ ദർശന പരമ്പരയിലെ മേല്പറഞ്ഞ പുസ്തകങ്ങളെ ആസ്പദമാക്കി ന്യൂയോർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻ്റർനാഷനൽ എഡ്യൂക്കേഷനിൽ നിന്നു കൃഷ്ണ ചൈതന്യയ്ക്ക് ഇക്കൊല്ലത്തെ (1964-ലെ) ‘ക്രിട്ടിക്ക് ഓഫ് ഐഡിയാസ് അവാർഡ്’ ലഭിക്കയുണ്ടായി എന്ന വസ്തുതയും ഈയവസരത്തിൽ പ്രസ്താവാർഹമാകുന്നു.

മലയാളം സാഹിത്യ കാ ഇതിഹാസ്: മലയാള ഭാഷയിലല്ലെങ്കിലും മലയാള സാഹിത്യത്തെ സംബന്ധിച്ചു പ്രഫസർ (ഡോ.) ഭാസ്ക്കരൻ നായർ ഹിന്ദിയിൽ എഴുതിയിട്ടുള്ള ഒരു സാഹിത്യചരിത്രമാണിതു്.