ഗദ്യസാഹിത്യചരിത്രം. പത്തൊൻപതാമദ്ധ്യായം

ഭാഷാവിജ്‌ഞാനിയം (തുടർച്ച)

മലയാള സാഹിത്യ ചരിത്രസംഗ്രഹം: ഗോവിന്ദപ്പിള്ളയുടെ മലയാള ഭാഷാ ചരിത്രത്തിനുശേഷം ഭാഷാ ചരിത്രപരമായി പ്രസിദ്ധീകൃതമായിട്ടുള്ളതു് 1916-ൽ പുറപ്പെട്ട കേരളപാണിനീയത്തിൻ്റെ പീഠികയാണു്. പക്ഷേ, അതു പ്രസ്തുത ഗ്രന്ഥത്തിൻ്റെ ഒരു ഭാഗം മാത്രമായാൽ ഇവിടെ പ്രത്യേകമായി പരിഗണിക്കേണ്ടതില്ല. പിന്നീട് ഈ പ്രസ്ഥാനത്തിൽ ഉണ്ടായിട്ടുള്ളവയിൽ നമ്മുടെ ശ്രദ്ധയെ ആകർഷിക്കുന്ന ആദ്യത്തെ ഗ്രന്ഥം. പ്രിൻസിപ്പാൾ പി. ശങ്കരൻനമ്പ്യാരുടെ ‘മലയാള സാഹിത്യ ചരിത്ര സംഗ്രഹ’മാണു്. 1922-ലായിരുന്നു, അതിൻ്റെ പ്രസിദ്ധീകരണം. മലയാള ഭാഷയുടെ ഉൽപത്തിമുതൽ ആധുനികങ്ങളായ പ്രസിദ്ധ സാഹിത്യ പ്രസ്ഥാനങ്ങൾവരെയുള്ള ഭാഷാസാഹിത്യപ്പറ്റി വളരെ മിതമെങ്കിലും. ഏറ്റവും വിഹിതമായ വിധത്തിൽ പ്രസ്തുത കൃതിയിൽ പ്രതിപാദിച്ചിരിക്കുന്നു. ഒന്നാമദ്ധ്യായം മലയാള ഭാഷയുടെ ഉൽപത്തിയെപ്പറ്റിയുള്ളതാണു്. മൂലദ്രാവിഡ കുടുംബത്തിലെ ഒരംഗവും മുത്തമിഴിൻ്റെ പുത്രിയും ചെന്തമിഴിൻ്റെ സഹോദരിയുമായിട്ടാണു് മലയാളഭാഷയെപ്പറ്റി അതിൽ പ്രസ്താവിക്കുന്നത്. ആകെയുള്ള ഏഴദ്ധ്യായങ്ങളിൽ മൂന്നാമദ്ധ്യായം, ഏതുകൊണ്ടും പ്രാധാന്യമർഹിക്കുന്നു. മധ്യമലയാള കാലത്തെപ്പറ്റി പ്രസ്താവിക്കുന്ന പ്രസ്തുത അദ്ധ്യായത്തിൽ ഒരു സഹൃദയോത്തമൻ്റെ നിലയിൽ ഭാഷാചമ്പുക്കളെപ്പറ്റി ചെയ്തിട്ടുള്ള പ്രപഞ്ചനം സാഹിത്യ പ്രണയികളുടെ ആദരാഭിനന്ദനങ്ങളെ സവിശേഷം അർഹിക്കുന്നതുതന്നെ. ആ അദ്ധ്യായത്തിൻ്റെ മേന്മയ്ക്കുള്ള മുഖ്യ കാരണവും, അതല്ലാതെ മറ്റൊന്നല്ല.

ഭാഷാ സാഹിത്യ ചരിതം: പണ്ഡിതരാജനായ ആറ്റൂർ കൃഷ്ണപ്പിഷാരടിയുടെ കൃതിയാണിത്. ഒന്നാം ഭാഗം. 1924-ൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണു്. അനന്തരഭാഗം പിന്നീട്ട് എഴുതുകയോ പ്രസിദ്ധപ്പെടുത്തുകയോ ചെയ്തിട്ടുള്ളതായി അറിയുന്നില്ല. ഈ ഒന്നാം ഭാഗത്തെ മൂന്നു പ്രകരണങ്ങളായി തിരിച്ച് കേരള ഭാഷയുടെയും സാഹിത്യത്തിൻ്റെയും ഉത്ഭവത്തെപ്പറ്റി കൂലങ്കഷമായി നിരൂപണം ചെയ്യുന്നു. ഭാഷാസാഹിത്യചരിതം എന്നു പറയാവുന്ന അംശം ഒടുവിൽ ഏതാനും പേജുകൾ മാത്രമേയുള്ളു. ബാക്കിയുള്ളതു മുഴുവൻ മലയാളഭാഷയുടെ ഉത്ഭവത്തെക്കുറിച്ചുള്ള പരാമർശങ്ങളാണെന്നുതന്നെ പറയാം.