ഗദ്യസാഹിത്യചരിത്രം. പത്തൊൻപതാമദ്ധ്യായം

ഭാഷാവിജ്‌ഞാനിയം (തുടർച്ച)

മലയാള ഭാഷയും സാഹിത്യവും: ആറ്റൂരിൻ്റെ മറ്റൊരു കൃതിയാണിത്. 1926-ൽ, മദിരാശി സർവ്വകലാശാലയുടെ ഏർപ്പാടുപ്രകാരം അവിടുത്തെ പ്രസിഡൻസി കോളേജിൽവച്ച് നടത്തിയ നാലു പ്രസംഗങ്ങളുടെ സമാഹാരമാണിതെന്നു പറയാം. 1927-ലാണിതു പുസ്തകാകൃതിയെ പ്രാപിച്ചതു്. പ്രസ്തുത കൃതിയിൽ, ഭാഷയുടെ സ്വഭാവം, അതിൻ്റെ ഉൽപത്തിയും വളർച്ചയും, ഭാഷോൽപത്തിയെപ്പറ്റിയുള്ള മതഭേദങ്ങൾ ഭാഷയുടെ വ്യവസ്ഥിതരൂപം, സാഹിത്യരൂപം, മണിപ്രവാള പ്രസ്ഥാനം, ഗാഥകൾ, ചമ്പുക്കൾ, മിശ്രഭാഷാകൃതികൾ, കിളിപ്പാട്ടുകൾ, കഥകളികൾ, തുള്ളലുകൾ, പലവകപ്പാട്ടുകൾ, ഗദ്യങ്ങൾ, ഭാഷയുടേയും സാഹിത്യത്തിൻ്റേയും ഉൽപത്തി എന്നിങ്ങനെയുള്ള പല കാര്യങ്ങളും നിരൂപണ ദൃഷ്ടിയോടുകൂടി വിവരിച്ചിരിക്കുന്നു. തമിൾ എന്നതു് ഇക്കാലത്തെ ദ്രമിഡഭാഷകൾക്കെല്ലാം അടിസ്ഥാനമായിട്ടുണ്ടായിരുന്ന മൂലദ്രമിഡഭാഷയ്ക്കുള്ള പേരായിരുന്നുവെന്നും, ആ മൂലദ്രമിഡഭാഷയായിരുന്ന മുത്തമിഴിനു് ദേശഭേദമനുസരിച്ചു സംഭാഷണത്തിലും മറ്റും അല്പാല്പമായ വ്യത്യാസം വന്നുകൂടി. വളരെക്കാലം കൊണ്ടു പല ശാഖകളും ഉണ്ടായിത്തീരാനിടയായി എന്നും, അങ്ങനെയാണു് മലയാള ഭാഷയുടേയും ഉൽപത്തിയെന്നും ചർച്ച ചെയ്യുന്ന ഭാഗം അതീവ ശ്രദ്ധേയമാണു്.* (പണ്ഡിതരാജനും കവിരത്നവുമായിരുന്ന ആറ്റൂർ 1964 ജൂൺ 5-നു് വെള്ളിയാഴ്ച 5 മണിക്കു തൃശൂരുള്ള പൂത്തോളിൽ ശ്രീതിലകം’ ഭവനത്തിൽവച്ചു് 87-ാമത്തെ വയസ്സിൽ നിര്യാതനായി. മള്ളൂർക്കരയ്ക്കു സമീപമുള്ള ആറ്റൂർ എന്ന സ്ഥലത്തെ ആറ്റൂർ പിഷാരത്തു പാപ്പിപ്പിഷാരസ്യാരുടേയും വടക്കേടത്തു നാരായണൻ നമ്പൂതിരിയുടേയും അഞ്ചാമത്തെ പുത്രനായി 1052 കന്നി 2-ാം തീയതി സ്മര്യപുരുഷൻ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസാനന്തരം കൊടുങ്ങല്ലൂർ കോവിലകത്തുനിന്നു കാവ്യശാസ്ത്രാദികളിൽ ഉപരിപഠനം നേടി. മണ്ണാർക്കാട്ടു മുപ്പിൽനായരുടെ അടുക്കൽ നിന്നു വീണവായനയും സംഗീത ശാസ്ത്രവും അഭ്യസിച്ചു. ഹൈസ്കൂൾ മലയാളം അദ്ധ്യാപകൻ, തിരുവനന്തപുരം രാജകീയകലാലയത്തിലെ ഭാഷാദ്ധ്യാപകൻ, തിരുവിതാംകൂർ ചിത്തിരതിരുനാൾ മഹാരാജാവിൻ്റെ ട്യൂട്ടർ എന്നീ നിലകളിൽ ജോലിനോക്കിവന്നു. 28-ാമത്തെ വയസ്സിൽ തൃശൂർ ഭാരതവിലാസം പ്രസ്സിൻ്റെ പ്രസാധകസ്ഥാനം ഏറ്റെടുത്തതുമുതല്ക്കാണു സ്മര്യപുരുഷൻ ആറ്റൂർ സാഹിത്യ വ്യവസായത്തിൽ കൂടുതൽ ശ്രദ്ധാലുവായിത്തീർന്നതു്.)