ഭാഷാവിജ്‌ഞാനിയം (തുടർച്ച)
കേരള ഭാഷാ സാഹിത്യ ചരിത്രം : ആർ. നാരായണപ്പണിക്കർ ഒട്ടുവളരെ കൃതികൾ എഴുതിയിട്ടുണ്ടെങ്കിലും, സാഹിത്യ ചരിത്രത്തോടനുബന്ധിച്ചാണു് അദ്ദേഹത്തിനു സാഹിത്യത്തിൽ സ്ഥിരപ്രതിഷ്ഠ ലഭിച്ചിട്ടള്ളതു്. അദ്ദേഹത്തിൻ്റെ സാഹിത്യചരിത്രം ഏഴുഭാഗങ്ങളായി പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. ഒന്നാം ഭാഗം 1927-ലും, ഏഴാം ഭാഗം 1951-ലു മാണു് പുറപ്പെടുവിച്ചിട്ടുള്ളതു്. പത്തദ്ധ്യായങ്ങളോടുകൂടിയ ഒന്നാംഭാഗത്തിലെ ഒന്നാമദ്ധ്യായത്തിൽ ഭാഷാനിർവ്വചനം. സാഹിത്യത്തിൻ്റെ പ്രയോജനം, സാഹിത്യവിഭാഗങ്ങൾ, സാഹിത്യചരിത്രം എന്നിങ്ങനെയുള്ള ഒട്ടേറെ വിഷയങ്ങൾ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. സംസ്കൃത പ്രഭാവകാലസാഹിത്യത്തെയാണു് പത്താമദ്ധ്യായത്തിൽ പ്രധാനമായും വിവ രിക്കുന്നതു്. ഭാഷാസാഹിത്യ ചരിത്രത്തിൻ്റെ ആദ്യത്തെ നാലു ഭാഗങ്ങളിൽ ഭാഷയുടേയും സാഹിത്യത്തിൻ്റേയും ഉൽപത്തി മുതൽ, മാനവിക്രമ ഏട്ടൻ തമ്പുരാൻവരെയുള്ള ഗ്രന്ഥകാരന്മാരെപ്പറ്റിയാണു പ്രതിപാദിക്കുന്നതെന്നു പറയാം. മൂന്നാമദ്ധ്യായത്തിൽ, എഴുത്തച്ഛനെപ്പറ്റി വിസ്തരിച്ചു പ്രതിപാദിക്കുന്നു. അഞ്ചും ആറും ഏഴും ഭാഗങ്ങൾ, അർവ്വാചിനരേയും ആധുനികരേയും കുറിച്ചുള്ളതാണ്. കേരളവർമ്മ വലിയകോയിത്തമ്പുരാൻ തുടങ്ങി കാരാട്ട് അച്യുതമേനോൻ വരെയുള്ളവരെപ്പറ്റി അഞ്ചാം ഭാഗത്തിലും, പന്തളത്തു തമ്പുരാൻ മുതൽ കേശവദേവുവരെയുള്ള ഒട്ടുവളരെ കവികളേയും സാഹിത്യകാരന്മാരേയും കുറിച്ച് അറാം ഭാഗത്തിലും വിവരിക്കുന്നു. ആറാംഭാഗത്തിൽ ചേർക്കാൻ കഴിയാതപോയ വളരെയേറെ കവികളെപ്പറ്റിയാണ് ഏഴാം ഭാഗത്തിൽ പ്രതിപാദിക്കുന്നതു്. കേരള ഭാഷാ സാഹിത്യചരിത്രത്തിൻ്റെ എഴുഭാഗങ്ങളിലുമായി 3200-ൽ പരം പേജുകൾ അടങ്ങിയിട്ടുണ്ട്. ഇത്ര ബൃഹത്തായ ഒരു ഗ്രന്ഥം കൈരളിക്കു കാഴ്ചവച്ച പ്രയത്നശീലനായ ആ പണ്ഡിതശ്രേഷൻ കേരളീയരുടെ ആദരാഭിനന്ദനങ്ങൾ തികച്ചും അർഹിക്കുന്നുണ്ട്.
എന്നാൽ ഒരു കാര്യം തുറന്നുപറയാതെ തരമില്ല. ഒരു ചരിത്രകാരന് അവശ്യം ആവശ്യമായ നിഷ്പക്ഷതയും സത്യസന്ധതയും പ്രസ്തുത കൃതിയിൽ പലേടത്തും കുറവായി തോന്നുന്നു. ആധുനികന്മാരെപ്പറ്റി പ്രസ്താവിക്കുന്നിടത്താണു് ആവക ദോഷങ്ങൾ കൂടുതൽ വെളിപ്പെട്ടുകാണുന്നതു്. ഒരു ദൃഷ്ടാന്തം മാത്രം ഇവിടെ എടുത്തുകാണിക്കാം.
