ഗദ്യസാഹിത്യചരിത്രം. പത്തൊൻപതാമദ്ധ്യായം

ഭാഷാവിജ്‌ഞാനിയം (തുടർച്ച)

ഉള്ളൂർക്കവിതകളെപ്പറ്റി 20-ാ മദ്ധ്യായത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഉമാകേരളത്തെക്കുറിച്ചുള്ള വിമർശം അതികർക്കശമായിപ്പോയെന്നു ചിലരെങ്കിലും അക്ഷേപിക്കാതിരിക്കയില്ല. അതിരിക്കട്ടെ, മഹാകവിയെപ്പറ്റി അവിടെ എത്രമാത്രം അധിക്ഷേപിച്ചിരിക്കുന്നു! ഇടപ്പള്ളിക്കവികളെപ്പറ്റിപ്പറയുന്നിടത്തു്, ഒരു ബന്ധവുമില്ലാതെ ആ മഹാകവിയെപ്പറ്റി എത്രയെത്ര ആരോപണങ്ങളാണു് കൊണ്ടുവന്നിട്ടുള്ളത്! അസ്ഥാനങ്ങളിലുള്ള ആക്ഷേപം ഇതുപോലെ വേറെയുമുണ്ട്. വ്യക്തിപരമായ വിദ്വേഷം എത്രതന്നെ ഉണ്ടായിരുന്നാലും, ഒരു ചരിത്രകാരൻ ഈമാതിരി വൈരനിര്യാതനബുദ്ധി പ്രദർശിപ്പിക്കാമോ? ആധുനിക ഗ്രന്ഥകാരന്മാരെപ്പറ്റി പ്രസ്താവിക്കുമ്പോൾ അനേകം ക്ഷുദ്രകൃതികളേയും അവയുടെ കർത്താക്കളേയും കുറിച്ച് നിർല്ലോഭം പ്രസ്താവിക്കാൻ മടിച്ചിട്ടില്ലാത്ത ഗ്രന്ഥകാരൻ, സുപ്രസിദ്ധന്മാരും സാഹിത്യലോകത്തിൽ സ്ഥിരപ്രതിഷ്ഠ ലഭിച്ചിട്ടുള്ളവരുമായ പലരേയും മനഃപൂർവ്വം വിട്ടുകളഞ്ഞിട്ടുള്ളതും ഈ ഗ്രന്ഥത്തിൻ്റെ വലിയൊരു ന്യൂനതതന്നെ. ആവർത്തനം, അതിസ്തുതി, അതിനിന്ദ, വിസ്തൃതി, മുതലായ ചില ദോഷങ്ങൾ ഈ ചരിത്രത്തെ സാരമായി ബാധിച്ചിട്ടുണ്ടു്. ഇതിലെ വമ്പിച്ച പല ന്യൂനതകളും ചൂണ്ടിക്കാണിച്ചുകൊണ്ടു ചില ഭാഷാഭിമാനികളും, അവയ്ക്കു പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിച്ചും സഹായഹസ്തം നീട്ടിയും ശ്രീ എ. ഡി. ഹരിശർമ്മയും, 1952-ലെ ‘ജയഭാരത’ലക്കങ്ങളിൽ ഒരു ലേഖനപരമ്പര പ്രസിദ്ധപ്പെടുത്തിയിരുന്നതു് ഈ അവസരത്തിൽ ഓർമ്മവരുന്നു. ഇത്തരത്തിൽ കുറ്റങ്ങളും കുറവുകളും കുറെയൊക്കെ ഇതിൽ കാണുമെങ്കിലും, പ്രസ്തുത സാഹിത്യചരിത്രം നാരായണപ്പണിക്കരുടെ നിസ്തന്ദ്രമായ സാഹിത്യവ്യ വസായത്തിൻ്റെ ഉന്മേഷശക്തിയെ വിളംബരം ചെയ്യുന്ന ഊർജ്ജിത പടഹമായി പ്രകാശിക്കുമെന്നുള്ളതിൽ രണ്ടുപക്ഷമില്ല. 1955-ൽ കേന്ദ്രസാഹിത്യഅക്കാദമിയിൽനിന്നു കേരളസാഹിത്യചരിത്ര അവാർഡ് ലഭിച്ചിട്ടുണ്ടെന്നുള്ള വസ്തുതയും ഈയവസരത്തിൽ പ്രസ്താവിച്ചുകൊള്ളട്ടെ.