ഭാഷാവിജ്‌ഞാനിയം (തുടർച്ച)
മലയാള സാഹിത്യചരിത്രം: കെ. എൻ. ഗോപാലപിള്ള 1929-ൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒരു കൃതിയാണിതു്.
ഭാഷാചരിത്രദീപിക: വിദ്വാൻ പി. കെ. രാമൻപിള്ളയാണു് ദീപികയുടെ കർത്താവ്. ഒന്നാം പതിപ്പ് 1933-ൽ പുറപ്പെട്ടതായിട്ടാണു് അറിവു്. ഈ ലേഖകനു കാണുവാൻ സാധിച്ചിട്ടില്ല. 1948-ൽ പുറപ്പെടുവിച്ച രണ്ടാംപതിപ്പിൻ്റെ പ്രസ്താവനയിൽ ഇങ്ങനെ പറഞ്ഞുകാണുന്നു: “വളരെക്കാലങ്ങൾക്കു മുമ്പു് മുഖ്യപരീക്ഷാക്ലാസ്സുകളിൽ കൊടുത്തിരുന്ന നോട്ടുകളുടെ സമാഹാരമാണു് ഈ പുസ്തകമെങ്കിലും ഈ പതിപ്പിൽ ഒന്നാം പതിപ്പിനുണ്ടായിരുന്ന പല പോരായ്മകളും പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ടു്.” ഭാഷയുടെ ആവശ്യം, ഉൽപത്തി മുതലായവയെപ്പറ്റി പ്രാരംഭമായി ചിലതു പറഞ്ഞശേഷം, പ്രാചീനഘട്ടം, മദ്ധ്യമലയാളഘട്ടം, യൗവനഘട്ടം, ആധുനികഘട്ടം, നവീനഘട്ടം എന്നിങ്ങനെ വിഭജിച്ചുകൊണ്ടാണു പ്രതിപാദനം. പ്രാചീനഘട്ടത്തിൽ തമ്പുരാൻപാട്ട് തുടങ്ങിയ പലതരം പാട്ടുകളെ അവതരിപ്പിച്ചിരിക്കുന്നു. കണ്ണശ്ശൻ കൃതികൾ, കൃഷ്ണഗാഥ, വടക്കൻപാട്ടുകൾ, ചമ്പുക്കൾ തുടങ്ങിയവയാണു് മദ്ധ്യഘട്ടത്തിലെ പ്രതിപാദ്യവിഷയങ്ങൾ. യൗവനഘട്ടത്തിൽ എഴുത്തച്ഛൻ, കുഞ്ചൻനമ്പ്യാർ എന്നിവരെയാണു്’ അനുസ്മരിക്കുന്നതു്. കേരളവർമ്മ മുതൽ ആധുനികഘട്ടമായി. നവീനഘട്ടത്തിൽ കുമാരനാശാൻ തുടങ്ങിയ ഖണ്ഡകാവ്യകർത്താക്കളെ പ്രദർശിപ്പിച്ചിരിക്കുന്നു. ‘ജീവിച്ചിരിക്കുന്ന ഇന്നത്തെ സാഹിത്യകാരന്മാരെ’പ്പറ്റിയാണു് അവസാനമായി കുറിച്ചിട്ടുള്ളതു്. ‘വിമർശനവിഹാരം’ ഡി. പി. ഉണ്ണിയുടേതായി സങ്കല്പിച്ചുകൊണ്ടു് ആർ. നാരായണപ്പണിക്കർ അദ്ദേഹത്തിൻ്റെ സാഹിത്യ ചരിത്രത്തിൽ കുറിച്ചിട്ടുണ്ടു്. രാമൻപിള്ളയും അതേ തെറ്റുതന്നെ ഇതിൽ ആവർത്തിച്ചിരിക്കുന്നു.
