ഭാഷാവിജ്‌ഞാനിയം (തുടർച്ച)
ഭാഷാചരിത്രം: വെള്ളായ്ക്കൽ നാരായണമേനോൻ എഴുതിയിട്ടുള്ള ഈ കൃതി പ്രത്യേകം പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒന്നല്ല. ‘ലക്ഷ്മീഭായി’ എന്ന മാസികയുടെ അനുബന്ധമെന്ന നിലയിൽ ഏതാനും ലക്കങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ള ഒന്നാണിത്. ആകെ പന്ത്രണ്ടു് അദ്ധ്യായങ്ങളിലായി ഭാഷാചരിത്രസംബന്ധമായി ചില കാര്യങ്ങൾ പ്രതിപാദിക്കുന്നുണ്ട് ഓരോ അദ്ധ്യായത്തിൻ്റെയും തലക്കെട്ട് യഥാക്രമം താഴെപ്പറയുന്ന വിധത്തിലാണു്. ദ്രാവിഡമാഹാത്മ്യം, മലനാടു്, ആദിഭാഷ, ഭാഷയുടെ ഉത്ഭവം, ലിപിസമുൽപത്തി, മലയാള ബ്രാഹ്മണർ, നായന്മാർ ശൂദ്രരാണോ?, വരരുചി. സംഘം, അഷ്ടവൈദ്യന്മാർ, ജഗദ്‌ഗുരു ആദിശങ്കരാചാര്യർ, മഹാകവി തോലൻ. ഇതിൽ നിന്നു ഭാഷാചരിത്രത്തിൽ പ്രതിപാദിക്കപ്പെടുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഏകദേശം ഊഹിക്കാവുന്നതാണല്ലൊ. ഭാഷയുടെ ഉത്ഭവത്തെപ്പറ്റി പ്രതിപാദിക്കുന്ന നാലാമദ്ധ്യായം സാമാന്യം ദീർഘമാണു്. അതിൽ. മലയാളം തമിഴിൻ്റെ സഹോദരിയോ പുത്രിയോ ആണെന്നുള്ള സിദ്ധാന്തങ്ങളെ പരിത്യജിച്ചിട്ട് ഗ്രന്ഥകാരൻ പുതുതായി പുറപ്പെടുവിക്കുന്ന അഭിപ്രായം ഇവിടെ ഉദ്ധരിക്കാം: “സക്രമമായ പരിഷ്ക്കാരവും അയൽഭാഷകളുമായുള്ള സംസർഗ്ഗത്തിൽനിന്നുത്ഭവിച്ച സങ്കരത്വവും നിമിത്തമായിട്ട് ഇതരഭാഷകളെപ്പോലെ ആദ്യവേഷം മാറിയിട്ടുള്ള ഒരു സ്വതന്ത്രഭാഷയാണ് മലയാളം.” (പേജ് 81).
