ഗദ്യസാഹിത്യചരിത്രം. പതിനേഴാമദ്ധ്യായം

ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)

വ്യാകരണഗ്രന്ഥങ്ങൾ: ഏതു ഭാഷയുടേയും യഥാർതഥമായ ഉൽക്കർഷം അതിലുള്ള ശാസ്ത്ര ഗ്രന്ഥങ്ങളുടെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുമെന്നുള്ളതു നിർവ്വിവാദമാകുന്നു. കേവലം മൃതഭാഷയെങ്കിലും സംസ്കൃതഭാഷയ്ക്കു വിശ്വസാഹിത്യത്തിൽ തലപൊക്കി നില്ക്കത്തക്ക ഒരു മേന്മയുണ്ടെന്നുള്ളതു അവിതർക്കിതമാണു്. വേദങ്ങൾ. ഉപനിഷത്തുകൾ, പുരാണങ്ങൾ, ഇതിഹാസങ്ങൾ, കാവ്യങ്ങൾ എന്നിവയ്ക്കു പുറമേ ശിക്ഷ, കല്പം, നിരുക്തം, വ്യാകരണം, ജ്യോതിഷം, ഛന്ദസ്സ്’ എന്നു തുടങ്ങി വിവിധവിഷയങ്ങളിൽ വിവിധ പ്രസ്ഥാനഭേദങ്ങളോടുകൂടിയ അനവധി ശാസ്ത്രഗ്രന്ഥങ്ങൾ അതിൽ ഉദിച്ചുയർന്നിട്ടുണ്ടെന്നുള്ളതാണ് അതിനു കാരണം. അനുദിനം അഭിവൃദ്ധ്യന്മുഖങ്ങളായിത്തീർന്നുകൊണ്ടിരിക്കുന്ന അനേകം ശാസ്ത്ര ഗ്രന്ഥങ്ങൾ ആംഗലഭാഷയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതുതന്നെയാണു് ആംഗല സാഹിത്യത്തിൻ്റെ അനിതര സാധാരണമായ വിജയത്തിനും നിദാനമായിട്ടുള്ളത്’. ഇങ്ങനെ നോക്കുന്നതായാൽ എല്ലാ ഭാഷകളുടേയും സാഹിത്യങ്ങളുടേയും ശരിയായ അഭിവൃദ്ധി അവയിലെ ശാസ്ത്ര ഗ്രന്ഥങ്ങളുടെ വൈവിദ്ധ്യത്തേയും വൈശിഷ്ട്യത്തേയും ആശ്രയിച്ചിരിക്കുന്നുവെന്നു നിരാക്ഷേപം പറയാം.

ലീലാതിലകം: മലയാള ഭാഷാ വിഷയകമായി നമുക്കു ലഭിച്ചിട്ടുള്ള ഏറ്റവും പ്രാചിനമായ ശാസ്ത്ര ഗ്രന്ഥമാണു്. ലിലാതിലകം. ‘ഭാഷാസംസ്കൃതയോഗോമണിപ്രവാളം’ എന്ന സൂത്രമനുസരിച്ചു് മണിസ്ഥാനിയങ്ങളായ കേരളഭാഷാപദങ്ങളും, പ്രവാളസ്ഥാനീയങ്ങളായ സംസ്കൃതഭാഷാപദങ്ങളും സംയാജിപ്പിച്ചു പ്രായേണ വസന്തതിലകാദിവൃത്തങ്ങളിൽ നിർമ്മിച്ചിട്ടുള്ള കവിതയ്ക്കാണ് മണിപ്രവാളമെന്ന പേര് ലീലാതിലകത്തിൽ കല്പിച്ചിട്ടുള്ളത്. അങ്ങനെയുള്ള ഒരു മണിപ്രവാളഭാഷയുടെ വ്യാകരണ ശാസ്ത്രത്തെയും അലങ്കാര ശാസ്ത്രത്തേയും കുറിച്ച് ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. വിഷയത്തെ സൂക്ഷ്മമായി പ്രതിപാദിക്കുന്ന സൂത്രവാക്യങ്ങളും, അതിനുപരി സ്വതന്ത്രമായ വിഷയവിചാരം ചെയ്യുന്ന വൃത്തികളും എഴുതി ഉചിതമായ ഉദാഹരണങ്ങൾ കൊടുത്തുകൊണ്ടാണു് പ്രസ്തുത ഗ്രന്ഥം രചിച്ചിട്ടുള്ളതു്. സംസ്കൃത ഭാഷയിലാണു് ഇതിൻ്റെ നിർമ്മാണമെന്നുള്ളതും പ്രസ്താവ യോഗ്യമത്രെ. മലയാള ഭാഷയുടെ ഒരു ശാസ്ത്ര ഗ്രന്ഥം സംസ്കൃതത്തിൽ നിർമ്മിക്കുവാനുണ്ടായ കാരണം എന്തെന്നു വ്യക്തമാകുന്നില്ല. ഒരു പക്ഷേ, സംസ്കൃത ഭാരതത്തിലെ ഒരു പൊതുഭാഷയായി കല്പിച്ചു മറ്റു ഭാഷക്കാർക്കുകൂടി ഇത് ഉപയോഗപ്പെടണമെന്ന് ഗ്രന്ഥകർത്താവു് കരുതിയിരിക്കുമോ? കർണ്ണാടക ഭാഷയെപ്പറ്റി കർണ്ണാടക ഭൂഷണം എന്നൊരു ഗ്രന്ഥവും. തെലുങ്കു ഭാഷാ ശാസ്ത്രവിഷയകമായി ആന്ധ്ര ശബ്ദ ചിന്താമണി എന്നൊരു ഗ്രന്ഥവും ഇതുപോലെതന്നെ സംസ്തുത ഭാഷയിൽ ഓരോ പണ്ഡിതന്മാർ പ്രാചീനകാലത്തു നിർമ്മിച്ചിട്ടുള്ളതു് മേല്പറഞ്ഞ അനുമാനത്തിനു് ഉപോൽബലകമായും തോന്നുന്നു. ഈ സംഗതി എങ്ങനെയിരുന്നാലും സംസ്കൃത ദ്രാവിഡ ഭാഷകളിൽ ഒരുപോലെ വ്യുൽപത്തി സിദ്ധിച്ചിട്ടുള്ള ഒരു പണ്ഡിതനാണു് ലീലാതിലകത്തിൻ്റെ കർത്താവു് എന്നുള്ളതിനു സംശയമില്ല.