ഗദ്യസാഹിത്യചരിത്രം. പതിനെട്ടാമദ്ധ്യായം

ഭാഷാവിജ്‌ഞാനീയം (രണ്ടാംഭാഗം)

എ. അലങ്കാരശാസ്ത്രം

ലീലാതിലകം : ഭാഷായോഷയുടെ കനകാഭരണമാണു് അലങ്കാരശാസ്ത്രം. ശബ്ദാർത്ഥങ്ങളുടെ സമുചിതമായ ഘടനകൊണ്ടു സഹൃദയന്മാർക്കു ഹൃദയാഹ്ളാദമുളവാക്കുന്ന ഒരുതരം രമണീയതയത്രേ അലങ്കാരം. അഥവാ സഹൃദയന്മാർക്കു ഹൃദയാഹ്ളാദമുളവാക്കുന്ന വാക്യവിശേഷമത്രേ അലങ്കാരം. പ്രസ്തുത വിഷയത്തെ അധികരിച്ചുള്ള അനവധി ഗ്രന്ഥങ്ങൾ സംസ്കൃത ഭാഷയിൽ ഉണ്ടായിട്ടുണ്ട്. മലയാള ഭാഷാവിഷയകമായി അത്തരത്തിൽ ആദ്യമായുണ്ടായ ഗ്രന്ഥം ലീലാതിലകമാണു്. ഈ ഗ്രന്ഥത്തെപ്പറ്റി കഴിഞ്ഞ അദ്ധ്യായത്തിൽ വിവരിച്ചിട്ടുണ്ടല്ലോ.

അലങ്കാരസംക്ഷേപം: ലീലാതിലകത്തിനുശേഷം നമുക്കു ലഭിച്ചിട്ടുള്ള അലങ്കാര ശാസ്ത്രമാണിതു്. തിരുവനന്തപുരത്തെ ഈടുവയ്പിൽനിന്നും കണ്ടെടുത്തു് ഈയിടെ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പ്രസ്തുത കൃതിയിൽ 29 അർത്ഥാലങ്കാരങ്ങളെക്കുറിച്ചും ചില ശബ്ദാലങ്കാരങ്ങളെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു. കാരിക, ഉദാഹരണം, വൃത്തി എന്നിവയിൽ ആദ്യത്തേതു രണ്ടും പ്രായേണ മണിപ്രവാളത്തിലും, ഒടുവിലത്തേതു സംസ്കൃതത്തിലുമാണു് രചിച്ചിട്ടുള്ളത്. ലീലാതിലകംപോലെതന്നെ ഈ ഗ്രന്ഥത്തേയും അമൂല്യമായ ഒരു കൃതിയായി കണക്കാക്കാം. ഗ്രന്ഥകാരനേയും നിർമാണകാലത്തേയും കുറിച്ചു സൂക്ഷ്മമായി ഒന്നും ഇതിൽ നിന്നു ഗ്രഹിക്കുവാൻ സാധിക്കുന്നില്ല. 15-ാം നൂറ്റാണ്ടിനു മുമ്പായിരിക്കണം പ്രസ്തുത കൃതിയുടെ രചനയെന്നു മഹാകവി ഉള്ളൂർ ഊഹിക്കുന്നു.* (കേരളസാഹിത്യചരിത്രം, പേജ് 424).

കേരളകൗമുദി: 1878-ൽ കോവുണ്ണി നെടുങ്ങാടി പ്രസിദ്ധപ്പെട്ടത്തിയ കേരളകൗമുദിയെപ്പറ്റി മുന്നദ്ധ്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലൊ. ഉപമാരികളായ പത്തുപതിനാലു് അലങ്കാരങ്ങൾക്കു ലക്ഷ്യലക്ഷണസമന്വയം ചെയ്തിട്ടുണ്ട്, അതിലെ അലങ്കാരലോകത്തിൽ. ഇതിലധികമായി അതിനെപ്പററി ഒന്നും പ്രസ്താവിക്കേണ്ടതായി തോന്നുന്നില്ല.