ഗദ്യസാഹിത്യചരിത്രം. പതിനെട്ടാമദ്ധ്യായം

ഭാഷാവിജ്‌ഞാനീയം (രണ്ടാംഭാഗം)

സൗന്ദര്യ നീരീക്ഷണം: എം. പി. പോൾ എഴുതിയിട്ടുള്ള ഒരു കൃതിയാണു്. സൗന്ദര്യം മനസ്സിലുള്ള വസ്തുക്കളിലോ സ്ഥിതിചെയ്യുന്നതു്, അഥവാ അതു ആത്മപ്രതീതമോ, വസ്തുപ്രതീതമോ എന്നുള്ള പ്രശ്നത്തിൻ്റെ ഇരുവശങ്ങളിലുമുള്ള വാദകോടികളെ ഉന്നയിച്ചു” ഒടുവിൽ പ്രശ്നത്തിന് സാമാന്യം യുക്തിയുക്തമായ ഒരു തത്ത്വം വെളിപ്പെടുത്തുന്ന — അഥവാ ഒരു കലാതത്വത്തെപ്പറ്റി ചർച്ച ചെയ്യുന്ന — ഒരു നല്ല ഗ്രന്ഥമാണു സൗന്ദര്യനിരീക്ഷണം.

കാവ്യപീഠിക : പാശ്ചാത്യന്മാരുടെയും പൗരസ്ത്യന്മാരുടെയും സാഹിത്യ ശാസ്ത്ര സിദ്ധാന്തങ്ങളേയും കലാതത്വങ്ങളേയും താരതമ്യപ്പെടുത്തി ചിന്താർഹങ്ങളും സാരതരങ്ങളുമായ ചില അഭിപ്രായങ്ങൾ പ്രഗത്ഭമായ വിധത്തിൽ പ്രകാശിപ്പിച്ചു വിരചിച്ചിട്ടുള്ള ഒരു അഭിനവ ശാസ്ത്ര ഗ്രന്ഥമാണ് പ്രഫസർ മുണ്ടശ്ശേരിയുടെ ‘കാവ്യപീഠിക’. സാഹിത്യകല, പ്രതിഭ, സൗന്ദര്യം, രസം, കരുണം, പാത്രം, ധ്വനി, ഔചിത്യം, രീതി, അലങ്കാരം, വൃത്തം, ഭാഷ എന്നിങ്ങനെ ഇതിലെ വിഷയങ്ങളെ പന്ത്രണ്ടു് പ്രകരണങ്ങളായി തിരിച്ച് ഓരോന്നും സമുചിതമായി പ്രതിപാദിച്ചിരിക്കുന്നു. കാവ്യങ്ങളുടെ ഉൽക്കർഷാപകർഷങ്ങളുടെ വിവേചനത്തിനു് അത്യന്തം ഉപകരിക്കുന്ന ഒന്നാന്തരം ഒരു അഭിനവ ശാസ്ത്ര ഗ്രന്ഥമാണിതെന്നു പറയാം.

രഹസ്യവാദപ്രസ്ഥാനം: കെ. എൻ. ഗോപാലപിള്ള എം. എ. യാണ് ഇതിൻ്റെ കർത്താവു്. മിസ്റ്റിസിസത്തിൻ്റെ ഉത്ഭവം, വിവിധ ഭാവങ്ങൾ എന്നിവയെ വിവരിക്കുകയും, ഗീതയിൽ നിന്നും മറ്റും ധാരാളം ഉദാഹരണങ്ങൾ ഉദ്ധരിക്കയും ചെയ്തിരിക്കുന്നു. എട്ടാമദ്ധ്യായത്തിൽ മലയാളത്തിലെ മിസ്റ്റിസിസത്തെപ്പറ്റി പ്രത്യേകം പ്രതിപാദിക്കുന്നു.