ഭാഷാവിജ്‌ഞാനീയം (രണ്ടാംഭാഗം)
കാവ്യകല: ബി. പത്മനാഭപിള്ള എം. എ. എഴുതിയിട്ടുള്ള ഒരു സാഹിത്യ ശാസ്ത്ര ഗ്രന്ഥമാണു് കാവ്യകല. പാശ്ചാത്യവും പൗരസ്ത്യവുമായ കാവ്യമീമാംസാതത്ത്വങ്ങളെ പതിനൊന്നദ്ധ്യായങ്ങളിൽ സംഗ്രഹിച്ചു പ്രതിപാദിച്ചിരിക്കുന്നു. പൗരസ്ത്യാലങ്കാര സിദ്ധാന്തങ്ങളെ ഉപജീവിച്ചാണു് ഇതിലെ ഭൂരിഭാഗവും പ്രതിപാദിച്ചിട്ടുള്ളതു്. കാവ്യോല്പത്തി, കാവ്യനിർവചനം, രീതിപ്രസ്ഥാനം, അലങ്കാരപ്രസ്ഥാനം. രസനിഷ്പത്തി, ധ്വനിപ്രസ്ഥാനം, സ്ഫോടസിദ്ധാന്തം, മിസ്റ്റിസിസം എന്നു തുടങ്ങിയവയാണ് പ്രതിപാദ്യവിഷയങ്ങൾ. ടോൾസ്റ്റോയിയും കാവ്യകലയും എന്ന അദ്ധ്യായം കൂടുതൽ ശ്രദ്ധേയമായി തോന്നുന്നു. നമ്മുടെ നിരൂപണശാഖയുടെ അന്തസ്സാരത്തെ വർദ്ധിപ്പിക്കുവാൻ ഇത്തരം കാവ്യമീമാംസാഗ്രന്ഥങ്ങൾ പ്രയോജനപ്രദങ്ങളാണു്.
പാശ്ചാത്യ സാഹിത്യ ദർശനം: എം അച്യുതൻ എം. എ. യാണ് പാശ്ചാത്യ സാഹിത്യ ദർശനത്തിൻ്റെ പ്രണേതാവു്. പൗരസ്ത്യാലങ്കാരിക സിദ്ധാന്തങ്ങളെ പ്രതിപാദിക്കുന്ന ശാസ്ത്രഗ്രന്ഥങ്ങളാണ് നമുക്കു ലഭിച്ചിട്ടുള്ളവയിൽ അധികമെണ്ണവും. ആധുനിക സാഹിത്യം, പുതിയ പ്രവണതകളെ ഉൾക്കൊള്ളുന്ന ഒന്നാകയാൽ പൗരസ്ത്യന്മാരുടെ രസാലങ്കാരവൃത്തിരിത്യാദിസങ്കല്പങ്ങൾകൊണ്ടു് ഇന്നതിനെ വിലയിരുത്തുവാൻ പുറപ്പെടുന്നതു പലവിധത്തിലും അസമർത്ഥമായിരിക്കും. അതിനാൽ അഭിനവ സാഹിത്യ ഗ്രന്ഥങ്ങളുടെ ഗുണദോഷ വിവേചനത്തിനും മൂല്യ നിർദ്ധാരണത്തിനും അതിനു പറ്റിയ വിധത്തിലുള്ള കലാതത്ത്വപ്രബോധകങ്ങളായ ശാസ്ത്രഗ്രന്ഥങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു. മലയാളത്തിൽ അത്തരം കൃതികൾ അധികമുണ്ടായിക്കഴിഞ്ഞിട്ടില്ല. ആ സ്ഥിതിക്കു സാഹിത്യകലയുടെ വിവിധവശങ്ങളെക്കുറിച്ചു പാശ്ചാത്യപണ്ഡിതന്മാർ പുറപ്പെടുവിച്ചിട്ടുള്ള അഭിപ്രായങ്ങളെ ഉചിതരൂപത്തിൽ സമാഹരിച്ചിട്ടുള്ള പ്രസ്തുത കൃതി സർവഥാ സ്വാഗതാർഹമായിരിക്കുന്നു.
