ഭാഷാവിജ്‌ഞാനീയം (രണ്ടാംഭാഗം)
സാഹിത്യദർപ്പണം: ഇതേവരെ പ്രസ്താവിച്ച കൃതികൾക്കുപുറമേ സംസ്കൃതത്തിലെ കാവ്യമീമാംസാഗ്രന്ഥങ്ങളിൽ ചിലതും വിവർത്തനങ്ങളായി നമുക്കു ലഭിച്ചിട്ടുണ്ട്. കൊച്ചി ഭാഷാപരിഷ്കരണക്കമ്മിറ്റിയിൽ നിന്നു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള വിശ്വനാഥ കവിരാജൻ്റെ സാഹിത്യ ദർപ്പണം അവയിൽ ഏറ്റവും ഗണനീയമായ ഒന്നത്രെ.
കാവ്യം, വാക്യം, രസം, ഭാവം, ധ്വനി, ഗുണീഭൂതവ്യംഗ്യം, അഭിധ, ലക്ഷണ, വ്യഞ്ജന, രൂപകങ്ങൾ, ദോഷങ്ങൾ, ഗുണങ്ങൾ, രീതികൾ, അലങ്കാരങ്ങൾ എന്നു തുടങ്ങി സാഹിത്യ ശാസ്ത്രത്തിൽ പ്രതിപാദിക്കേണ്ട വിഷയങ്ങൾ മുഴുവൻ ഉള്ളടക്കി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങൾ സംസ്കൃതത്തിൽപോലും അധികമില്ല. അങ്ങനെയുള്ളവയിൽവച്ച് ഏറ്റവും മേലേക്കിടയിൽ നില്ക്കുന്ന ഒരു സാഹിത്യശാസ്ത്രമാണു് പ്രസ്തുത കൃതി. ഇതിനെ രണ്ടു ഭാഗങ്ങളായി തിരിച്ചു് ഭാഷാപരിഷ്കരണക്കമ്മിറ്റിയിൽ നിന്നും മലയാളത്തിൽ തർജ്ജമ ചെയ്തു പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. ഒന്നാംഭാഗം കൂനെഴുത്തു പരമേശ്വരമേനവനും, രണ്ടാംഭാഗം കെ. വാസുദേവൻ മൂസ്സതുമാണു് തർജ്ജമ ചെയ്തിട്ടുള്ളതു്. കാവ്യ സ്വരൂപനിരൂപണം, വാക്യസ്വരൂപ നിരൂപണം, രസാദി നിരൂപണം, ധ്വനി, ഗുണീഭൂതവ്യംഗ്യാദി നിരൂപണം, വ്യഞ്ജനാവ്യാപാര നിരൂപണം എന്നീ വിഷയങ്ങൾ അഞ്ചു പരിച്ഛേദങ്ങളായി ഒന്നാം ഭാഗത്തിലും, ദൃശ്യകാവ്യനിരൂപണം, ദോഷ പ്രകരണം, ഗുണവിവേചനം, രീതിവിവേചനം, അലങ്കാര നിരൂപണം എന്നീ വിഷയങ്ങൾ ഷഷ്ഠം മുതൽ ദശമം വരെ അഞ്ചു പരിച്ഛേദങ്ങളായി 2-ാം ഭാഗത്തിലും പ്രതിപാദിച്ചിരിക്കുന്നു.
