ഗദ്യസാഹിത്യചരിത്രം. പതിനെട്ടാമദ്ധ്യായം

ഭാഷാവിജ്‌ഞാനീയം (രണ്ടാംഭാഗം)

ബി. വൃത്തശാസ്ത്രം

ആരംഭകൃതികൾ കേരളകൗമുദി: മലയാളസാഹിത്യം അടുത്തകാലംവരെ പദ്യരൂപത്തിലാണല്ലോ പ്രകാശിച്ചിരുന്നതു്. അതിനാൽ ദ്രാവിഡഛന്ദസ്സിലും സംസ്കൃത ഛന്ദസ്സിലും ഉൾപ്പെട്ട അനേകം വൃത്തങ്ങൾ മലയാളത്തിൽ പ്രചരിച്ചിട്ടുണ്ടു്. അങ്ങനെയുള്ളവയുടെ സ്വരൂപത്തെ പ്രദർശിപ്പിക്കുന്ന — പദ്യം വാർക്കുന്ന തോതിനെ കുറിക്കുന്ന — കൃതികൾക്കാണു് വൃത്തശാസ്ത്രമെന്നു പറയുന്നതു്. സംസ്കൃതത്തിൽ വൃത്തരത്നാകരം മുതലായി ഏതൽസംബന്ധമായ പല കൃതികളുമുണ്ട്. മലയാളത്തിൽ വൃത്ത വിഷയകമായി ആദ്യമുണ്ടായ കൃതി 1053-ൽ പുറപ്പെട്ട നെടുങ്ങാടിയുടെ കേരളകൗമുദിയാണെന്നു തോന്നുന്നു. ഇതിനെക്കുറിച്ചു മുന്നദ്ധ്യായത്തിൽ സൂചിപ്പിച്ചിട്ടുണ്ടല്ലോ.

സദ്വുത്തമാലിക: കടത്തനാട് ഉദയവർമ്മതമ്പുരാൻ 1075-ാം മാണ്ടു നിർമ്മിച്ചിട്ടുള്ള ഒരു ഛന്തശ്ശാസ്ത്രമാണു് സദ്വുത്തമാലിക. ഏതാനും ഭാഷാവൃത്തങ്ങൾക്കും ഇതിൽ ലക്ഷ്യലക്ഷണങ്ങൾ നല്കുന്നുണ്ട്.

കാന്തവൃത്തം: കാളിദാസകൃതമെന്നു സങ്കല്പിക്കപ്പെടുന്ന ‘ശ്രുതബോധം’ എന്ന വൃത്തശാസ്ത്രത്തെ അനുകരിച്ച് കൊടുങ്ങല്ലൂർ കൊച്ചുണ്ണിതമ്പുരാൻ രചിച്ചിട്ടുള്ള ഒരു കൃതിയാണു് ‘കാന്തവൃത്തം.’ 1086 – തൃശ്ശിവപേരൂർ ഭാരതവിലാസത്തിൽനിന്നു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പ്രസ്തുത വൃത്തശാസ്ത്രത്തിൽ 64 പദ്യങ്ങളും 61 വൃത്തങ്ങളും അടങ്ങിയിരിക്കുന്നു. ശ്രുതബോധത്തിൽ ചെയ്തിട്ടുള്ളതുപോലെ കാന്തയെ ഉപദേശി ക്കുന്നവിധത്തിലാണു് ഇതിലെയും പ്രതിപാദനം. “മനോഹരങ്ങളായ വൃത്തങ്ങൾ ഇതിൽ അടങ്ങിയിരിക്കകൊണ്ടും. ‘കാന്തം’ എന്നതുകൊണ്ടു് ഇതിലുള്ള വൃത്തങ്ങൾ 61 എന്നും, ‘വൃത്തം’ എന്നതുകൊണ്ടു് പദ്യങ്ങൾ 64 എന്നും സൂചിപ്പിക്കുന്നതുകൊണ്ടും ഇതിന് ‘കാന്തവൃത്തം’ എന്നു പേരുവിളിച്ചു.” പ്രതിപാദന രീതി കാണിക്കുവാൻ ഒരു ഭാഗം ഉദ്ധരിക്കുന്നു:

“വണ്ടാറണിക്കുഴലിമാരണിമൗലിമാരേ!
രണ്ടാദിനാലഥശുഭേ പതിനെട്ടുമെട്ടും
രണ്ടങ്ങൊടുക്കമതുമോർക്ക ഗുരുക്കളായി-
കണ്ടാൽ വസന്തതിലകം തിലകാഞ്ചിതാസ്യേ!”