ഭാഷാവിജ്‌ഞാനീയം (രണ്ടാംഭാഗം)
വൃത്തമഞ്ജരി: എ. ആർ. രാജരാജവർമ്മയുടെ ‘വൃത്തമഞ്ജരി’പോലെ ഈ പ്രസ്ഥാനത്തിൽ പ്രസിദ്ധിയോ പ്രചാരമോ സിദ്ധിച്ചിട്ടുള്ള ഒരു കൃതി മലയാളത്തിൽ വേറെയില്ല. കോയിത്തമ്പുരാൻ്റെ വൃത്തമഞ്ജരിയിൽ ഭാഷാ വൃത്തങ്ങളേയും സംസ്കൃത വൃത്തങ്ങളേയും സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. സമവൃത്തങ്ങൾ, അർത്ഥസമവൃത്തങ്ങൾ, വിഷമവൃത്തങ്ങൾ, ദണ്ഡകങ്ങൾ, മാത്രാവൃത്തങ്ങൾ, മിശ്രവൃത്തങ്ങൾ, ഭാഷാവൃത്തങ്ങൾ എന്നീ വിവിധവൃത്തങ്ങളെ തരംതിരിച്ച് ഓരോ വിഭാഗത്തിലും ഉൾപ്പെടേണ്ടവയെ വെവ്വേറെ തിട്ടപ്പെടുത്തി ഉചിതങ്ങളായ ഉദാഹരണ ങ്ങളോടുകൂടി വിവരിച്ച് വിശദപ്പെടുത്തുവാൻ തൽ ഗ്രന്ഥകാരൻ ചെയ്തിട്ടുള്ള യത്നം ഏററവും അഭിനന്ദനീയമായിട്ടുണ്ടു്. വിശേഷിച്ചും ഭാഷാ വൃത്തങ്ങളുടെ പേരും ലക്ഷണവും നിർണ്ണയിക്കുന്ന വിഷയത്തിൽ അവിടുന്നു പ്രദർശിപ്പിച്ചിട്ടുള്ള പാടവം ആരുടേയും അഭിനന്ദനത്തെ അർഹിക്കുന്നതു തന്നെയാണു്. എന്നാൽ ആ വിഷയത്തിൽ ഇനിയും പൂർണ്ണത വരുവാനുണ്ടെന്നുള്ള വസ്തുത ഇവിടെ വിസ്മരിക്കുന്നില്ല. അനേകമനേകം പുതിയ പുതിയ ഗാനരീതികൾ മലയാളത്തിൽ ഉദിച്ചുയന്നുകൊണ്ടിരിക്കുന്നുണ്ടല്ലോ. അവയ്ക്കു ശരിയായ നിയമങ്ങളും ലക്ഷണങ്ങളും നല്കി ഉറപ്പിച്ചു നിറുത്തിയാൽ മാത്രമേ പദ്യനിർമ്മാണത്തിനും സാഹിത്യത്തിൻ്റെ അഭിവൃദ്ധിക്കും പ്രയോജകീഭവിക്കൂ. വൃത്തമഞ്ജരിയെപ്പറ്റി ഒരു ഗ്രന്ഥകാരൻ ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു:
“ഭാഷാവൃത്തങ്ങളെ തരംതിരിച്ച് അവയ്ക്കു ലക്ഷണ സമന്വയവും നാമകരണവും ചെയ്യുന്ന വിഷയത്തിലാകട്ടെ, മഞ്ജരി ആ വർഗത്തിൽപെട്ട മറ്റു കൃതികളെ വളരെ വളരെ പിന്നോക്കം തള്ളിയിരിക്കുന്നു; ഗ്രന്ഥകർത്താവിൻ്റെ ദൃഷ്ടിയിൽപെടാതെ ഭാഷാവൃത്തങ്ങൾ ഇനിയും ശേഷിച്ചിട്ടുണ്ടെങ്കിൽ അതു വൃത്തമഞ്ജരിയ്ക്ക് ഒരു കുറവായി കണക്കാക്കേണ്ടതില്ല. പുതിയ ഒരു പ്രസ്ഥാനത്തിലേക്കു മാർഗദർശനം ചെയ്തുവെന്നുള്ള ഒരൊറ്റക്കാരണം കൊണ്ടുതന്നെ വൃത്തമഞ്ജരി ഭാഷാഭിമാനികളുടെ മുക്തകണ്ഠമായ പ്രശംസയെ അർഹിക്കുന്നുണ്ട്. അതിനേക്കാൾ പൂർണ്ണമായ വൃത്തശാസ്ത്രഗ്രന്ഥം നിർമ്മിക്കുവാൻ ഒരുമ്പെടുന്നതിനുള്ള ധൈര്യം പോലും ഇതേവരെ മറ്റാർക്കും ഉണ്ടായിട്ടില്ലെന്നുള്ളതും ആ കൃതിയുടെ ഗുണഭൂയിഷ്ഠതയെത്തന്നെയാണല്ലൊ വിളിച്ചുപറയുന്നതു്.” * (രണ്ടു സാഹിത്യനായകന്മാർ)
