ഗദ്യസാഹിത്യചരിത്രം. പതിനെട്ടാമദ്ധ്യായം

ഭാഷാവിജ്‌ഞാനീയം (രണ്ടാംഭാഗം)

ദ്രാവിഡ വൃത്തങ്ങളും അവയുടെ ദശാപരിണാമങ്ങളും ഭാഷയിൽ ഇപ്പോൾ കാണുന്ന പാട്ടുകളെ പന്ത്രണ്ടു ഗണങ്ങളായി വേർതിരിച്ച് ഉദാഹരണസഹിതം വ്യക്തമാക്കുകയും, ഗാനങ്ങളുടെ വൈവിധ്യങ്ങളെ പ്രകാശിപ്പിക്കയുമാണു് ഇതിൽ മുഖ്യമായി ചെയ്തു കാണുന്നതു്. വൃത്തമഞ്ജരി നിരൂപണവും ഇതിൽ അടങ്ങിയിരിക്കുന്നു. താളത്തിൽ പിടിച്ചല്ലാതെ, അക്ഷരങ്ങളോടു ബന്ധിച്ച മാത്രയിൽ ഉറപ്പിച്ചാൽ പാട്ടു വഴിപ്പെടില്ലെന്നു വിശദമാക്കുവാൻ ഗ്രന്ഥകാരൻ വളരെ ശ്രമിച്ചിട്ടുണ്ടു്. ഭാഷാഗാനപരിണാമത്തിൽ, പ്രാരംഭദശ, വർദ്ധമാനദശ, പരിപുഷ്ടദശ എന്നിങ്ങനെ മൂന്നു ദശകളെ കല്പിച്ചതിൻ്റെ ശേഷം, അനുകരണദശ, ജീർണ്ണദശ, ജീർണ്ണോദ്ധാരണദശ എന്ന മൂന്നു ദശകൾ കൂടിച്ചേർത്തു് പരിണാമപരിവർത്തനം പൂർത്തിയാക്കി ഗ്രന്ഥം സമാപിച്ചിരിക്കുന്നു. ദ്രാവിഡ വൃത്തങ്ങൾക്കു പ്രാധാന്യം സിദ്ധിച്ചിരിക്കുന്ന ഈ കാലസന്ധിയിൽ ഇത്തരം കൃതികളുടെ ആവശ്യം വളരെ അധികമാണു്. അതിനാൽ അപ്പൻതമ്പുരാൻ്റെ ഈ യത്നം ഒരുവിധത്തിലും നിഷ്ഫലമോ നിസ്സാരമോ അല്ല.

വൃത്തശില്പം: കുട്ടികൃഷ്ണമാരാരുടെ വൃത്തശില്പവും ഛന്ദശാസ്ത്ര പ്രതിപാദകമായ ഒരു ഉത്തമഗ്രന്ഥമാകുന്നു.

വൃത്ത സാഹായി: കൊച്ചുണ്ണിത്തമ്പുരാൻ്റെ കാന്തവൃത്തത്തിൽ എന്നപോലെ പ്രേയസിക്കു വൃത്തലക്ഷണങ്ങൾ ചൊല്ലിക്കൊടുക്കയാണ് വൃത്തസാഹായീകർത്താവായ തകഴി ഈ. ആർ. പിള്ള ചെയ്തിരിക്കുന്നതു്. സംസ്കൃത ഛന്ദസ്സിലും ദ്രാവിഢ ഛന്ദസ്സിലുമുള്ളതായി 115 വൃത്തങ്ങൾ ഇതിൽ ഉള്ളടക്കിയിരിക്കുന്നു. എല്ലാ വൃത്തങ്ങൾക്കും അതതുവൃത്തത്തിൽ തന്നെ ലക്ഷ്യലക്ഷണങ്ങൾ നല്കാൻ ശ്രമിച്ചിട്ടുള്ളതു് മുൻഗാമികൾ ചെയ്തിട്ടുള്ളതിൽനിന്നു ഒരു പ്രത്യേകതയായി കണക്കാക്കാം. ചില ദിക്കിൽ അല്പം സ്‌ഫുടത പോരാതെ തോന്നുന്നുണ്ടു്. ഇത്തരം ഗ്രന്ഥങ്ങൾക്കു ലളിതമായ ഒരു വ്യാഖ്യാനവും ഉണ്ടായിരിക്കേണ്ടതാവശ്യമാണു്.