ഗദ്യസാഹിത്യചരിത്രം. പതിനെട്ടാമദ്ധ്യായം

ഭാഷാവിജ്‌ഞാനീയം (രണ്ടാംഭാഗം)

സി. ഗദ്യരചനാശാസ്ത്രം

സാഹിത്യസാഹ്യം: ഗദ്യസാഹിത്യത്തിൻ്റെ ഗതിയെ വ്യവസ്ഥപ്പെടുത്തുന്ന ഒരു ശാസ്ത്രീയഗ്രന്ഥമാണു് സാഹിത്യസാഹ്യം. മലയാള ഭാഷയിൽ ഗദ്യരചനയെ സംബന്ധിച്ച് ഇന്നേവരെ ഉണ്ടായിട്ടുള്ള പ്രാമാണിക ഗ്രന്ഥവും ഇതുതന്നെ.

ഭാഷയിൽ ഗദ്യകൃതികൾ പ്രാചീനകാലം മുതൽക്കേ ഉത്ഭവിച്ചിട്ടുണ്ടെന്നുള്ളതു നിർവ്വിവാദമാണു്. എന്നാൽ അവയുടെ മാതൃകയെ സ്വീകരിച്ചുകൊണ്ടല്ല ആധുനികഭാഷാഗദ്യം രൂപവൽക്കരിച്ചിട്ടുള്ളതെന്നു സ്പഷ്ടമാകുന്നു. ആധുനിക ഗദ്യത്തിൻ്റെ ഉത്തമമാതൃക ആംഗ്ലേയവിദ്യാഭ്യാസത്തിൻ്റെ പ്രചാരത്തോടുകൂടി മാത്രമാണു് ആവിഭവിച്ചിട്ടുള്ളതു്. കൊല്ലവഷം ആയിരാമാണ്ടെടുത്തായിരുന്നു കേരളത്തിൽ ആംഗ്ലേയ വിദ്യാഭ്യാസത്തിൻ്റെ ആരംഭം. അന്നു മുതൽ നമ്മുടെ ഗദ്യ സാഹിത്യത്തിനു കാലോചിതമായ വളർച്ച സിദ്ധിച്ചുതുടങ്ങി എന്നാൽ ഏതു പ്രസ്ഥാനവും ശരിയായ പന്ഥാവിൽക്കൂടി നയിക്കപ്പെടുന്നില്ലെങ്കിൽ അതു ദുസ്സ്വാതന്ത്ര്യം കാണിച്ചു കാടുകയറുക പതിവാണല്ലോ. യൗവന ദശയിലേക്കു കാലൂന്നിത്തുടങ്ങിയ നമ്മുടെ മലയാള ഗദ്യസാഹിത്യവും യുവസഹജമായ ചാപല്യങ്ങൾക്കും പ്രേരണകൾക്കും വശംവദമായി ക്രമേണ അപഥത്തിലേക്കു കടക്കുന്ന ഒരു നില കണ്ടുതുടങ്ങി. ഇങ്ങനെയുള്ള ഒരു ഘട്ടത്തിലാണു് പ്രഫ‌സർ രാജരാജവർമ്മ, സാഹിത്യസാഹ്യം എന്ന ഗദ്യസാഹിത്യശാസ്ത്രം നിർമ്മിച്ച് അതിനു ശരിയായ ഒരു വ്യവസ്ഥ ചെയ്തതു്. ആധുനിക മലയാള ഗദ്യം, ആംഗ്ലേയരീതിയിൽ വളരുന്ന ഒന്നാകയാൽ സാഹിത്യസാഹ്യം അതിലെ സാഹിത്യശാസ്ത്രഗ്രന്ഥങ്ങളുടെ ചുവടുപിടിച്ചുകൊണ്ടുതന്നെ നിർമ്മിക്കപ്പെട്ടിരിക്കുന്നു. അഥവാ ഗദ്യ സാഹിത്യത്തെപ്പററി ആംഗലഭാഷാ സാഹിത്യ മീമാംസകന്മാർ പുറപ്പെടുവിച്ചിട്ടുള്ള സിദ്ധാന്തങ്ങളെ കൈരളീഗദ്യപ്രസ്ഥാനത്തിൻ്റെ വളർച്ചയ്ക്ക് പ്രയോജനപ്രദമായവിധത്തിൽ സമാഹരിച്ചു പ്രകാശിപ്പിക്കപ്പെട്ടിട്ടുള്ളതാണിതെന്നും പറയാം.