ഭാഷാവിജ്‌ഞാനീയം (രണ്ടാംഭാഗം)
പൂർവ്വഭാഗമെന്നും ഉത്തരഭാഗമെന്നും ഗ്രന്ഥത്തെ രണ്ടായിട്ടാണു് തരംതിരിച്ചിരിക്കുന്നതു്. സാഹിത്യത്തിൻ്റെ പുറമേയുള്ള രൂപം പ്രമാണിച്ച് ഗദ്യം, പദ്യം, മിശ്രം എന്നു മൂന്നായിട്ടും, ഉദ്ദേശ്യത്തിൻ്റെ സ്വഭാവം പ്രമാണിച്ചു് ആഖ്യാനം, വർണ്ണനം. വിവരണം, ഉപപാദനം എന്നു നാലായിട്ടും സാഹിത്യസ്വരൂപം പൂർവ്വഭാഗത്തിൽ നിർദ്ദേശിച്ചു കാണിക്കുന്നു. ഗദ്യരചനയിൽ ശ്രദ്ധിക്കേണ്ട അനേകം വിശിഷ്ട തത്ത്വങ്ങൾ വിവരണം, ഉപപാദനം എന്നീ ഭാഗങ്ങളിൽ വ്യക്തമാക്കി സരസങ്ങളായ ഉദാഹരണങ്ങളോടുകൂടി പ്രകാശിപ്പിക്കുന്നു. ഉപപാദനത്തിൻ്റെ ശാഖകളായ ഖണ്ഡനമണ്ഡനങ്ങളെ രചിക്കുന്നതിൽ സൂക്ഷിക്കേണ്ട സ്വപ്രത്യയസ്ഥര്യാദികളെപ്പാറ്റി പ്രതിപാദിക്കുന്ന ഭാഗം സാഹിത്യാചാര്യന്മാർക്കുപോലും മാർഗ്ഗദർശകമായിട്ടുള്ള ഒന്നാണു്.
പൂർവ്വഭാഗത്തിൽ ഏതെല്ലാം വിധത്തിൽ കൃതികളുണ്ടാകാം എന്നു വ്യക്തമാക്കിയശേഷം. സാഹിത്യത്തിൻ്റെ കരുക്കൾ ഇണക്കി ഏതുമാതിരിയിലാണു കൃതികൾ നിർമ്മിക്കേണ്ടതെന്നുള്ള വസ്തുതയാണു് ഉത്തരഭാഗത്തിൽ ഉപദേശിക്കുന്നതു്. പദങ്ങൾ ചേർന്നു വാക്യവും വാക്യങ്ങൾ ചേർന്നു ഖണ്ഡികയും ഖണ്ഡികകൾ ചേർന്നു് അദ്ധ്യായവും അദ്ധ്യായങ്ങൾ ചേർന്നു ഗ്രന്ഥവും ഉത്ഭവിക്കുന്നു. മേല്പറഞ്ഞവയിൽ പദവ്യവസ്ഥ വൈയാകരണൻ്റെ കർത്തവ്യമാണെങ്കിലും വ്യാകരണവിലക്ഷണങ്ങളായ പദപ്രയോഗ നിയമങ്ങളെ ശബ്ദശുദ്ധി എന്ന ഭാഗത്തു വിവരിച്ചിട്ടുണ്ട്. പരകീയപദങ്ങളെ ഏതേതു സന്ദർഭങ്ങളിൽ ഉപയോഗിക്കാമെന്നുള്ള വിചാരണയിൽ സാങ്കേതിക ശബ്ദ സൃഷ്ടിയെപ്പറ്റി പ്രസ്താവിക്കുന്ന ഭാഗം ഏറ്റവും ചിന്താർഹമത്രെ.
ശബ്ദ ശുദ്ധിയെപ്പറ്റിയുള്ള വിവരണാനന്തരം വാക്യശുദ്ധി, സന്ദർഭശുദ്ധി എന്നിവയെക്കുറിച്ചു വിശദമായി വിവരിക്കുന്നു. ഗദ്യകൃതികളുടെ പ്രകാശനത്തിനു് അവലംബമായ മേല്പറഞ്ഞ മൂന്നുതരം ശുദ്ധികളെ വ്യക്തമാക്കിയശേഷം, ലളിതം, കഠിനം, സരസം. ശുഷ്കം എന്നിങ്ങനെയുള്ള ഗദ്യരീതിവൈപരീത്യങ്ങളെ വകതിരിച്ച് ഉപപാദിക്കുകയും ഉചിതങ്ങളായ ഉദാഹരണങ്ങളെക്കൊണ്ടു വിശദീകരിക്കുകയും ചെയ്യുന്നു. സാഹിത്യത്തിൻ്റെ ജീവൻ ഔചിത്യമാണെന്നുള്ള ഉപദേശത്തോടുകൂടിയാണു് ഗ്രന്ഥം ഉപസംഹരിക്കുന്നതു്. ഗദ്യരചനാവിഷയത്തിൽ വ്യവസ്ഥിതമായ ഐകരൂപ്യം വരുത്തുന്നതിനു് അത്യന്തം പ്രയോജകീഭവിക്കുന്ന ഈ ഗ്രന്ഥം, മലയാള ഭാഷയുടെ ശാസ്ത്രീയഗ്രന്ഥങ്ങളിൽ ഏറ്റവും മുന്നണിയിൽ നില്ക്കുവാൻ സർവ്വഥാ അർഹമായ ഒന്നുതന്നെ.
