ഭാഷാവിജ്‌ഞാനീയം (രണ്ടാംഭാഗം)
സാഹിതൃപരിചയം: വിദ്യാർത്ഥികളുടെ ഉപന്യാസപരിശീലനത്തിനു മാർഗ്ഗനിർദ്ദേശം ചെയ്യുന്ന ഒരു കൃതിയാണ് ജി. ശങ്കരക്കുറുപ്പിൻ്റെ സാഹിത്യപരിചയം. വിദ്യാർത്ഥികളെ സാഹിത്യവുമായി പരിചയപ്പെടുത്തുവാൻ പ്രസ്തുത കൃതി പലപ്രകാരത്തിലും പ്രയോജനപ്പെടുന്നതാണു്.
മലയാളശൈലി: ഗദ്യരചനാവ്യവസ്ഥകളെ പ്രതിപാദിക്കുന്ന ഒരു സാഹിത്യ ശാസ്ത്രഗ്രന്ഥമാണു് കുട്ടിക്കൃഷ്ണമാരാരുടെ മലയാളശൈലി. “പുതിയ പ്രയോഗങ്ങളുടേയും ശൈലീവിശേഷങ്ങളുടേയും സ്വീകരണത്തെ സംബന്ധിച്ചിടത്തോളം, പൊതുജനങ്ങളുടെ രുചി പലപ്പോഴും പണ്ഡിതന്മാരുടെ വിധിയെ തട്ടിനീക്കി പ്രവഹിക്കുക” എന്നതു ജീവൽ ഭാഷകളിലെ സാധാരണ സമ്പ്രദായമാണു്. അതിനാൽ ജീവൽഭാഷകളിൽ ഏതുകാലത്തും നിലനില്ക്കുന്ന നിർദ്ദേശങ്ങൾ നല്കുവാൻ ഏതൊരാൾക്കും സാദ്ധ്യമല്ല. പക്ഷേ, ജനസാമാന്യത്തിൻ്റെ രുചിയെ തക്കസമയത്തു വേണ്ട നിർദ്ദേശം നല്കി അധികം പിഴയ്ക്കാത്ത വഴിയിൽക്കൂടി നയിക്കുവാൻ പണ്ഡിതന്മാർക്കു സാധിച്ചു എന്നുവരാം. ശ്രീ മാരാരുടെ മലയാള ശൈലി അങ്ങനെയുള്ള ഒരു കൃത്യം നിർവ്വഹിക്കുവാൻ പര്യാപ്തമാണ്. ഇംഗ്ലീഷിലെ ശൈലീവിശേഷങ്ങളെ അതേപടി പകർത്തിവിടുന്നതുകൊണ്ടു ഭംഗികേടുകളും മറ്റു വൈകൃതങ്ങളും എങ്ങനെ നിർദ്ദോഷമായി പരിഹരിക്കാൻ കഴിയും എന്നുള്ളതിനു ചില നിർദ്ദേശങ്ങൾ നൽകുകയാണു് ഇതിൽ ചെയ്തിട്ടുള്ളതു്. എട്ടാമദ്ധ്യായത്തിൽ ചില പ്രധാന ചിഹ്നങ്ങളെ പ്രസ്താവിക്കുന്നു. എം. ആർ. നായരുടെ അവതാരിക ഈ ഗ്രന്ഥത്തിനു കൂടുതൽ ശോഭകരമായിത്തീർന്നിട്ടുണ്ട്.
