ഭാഷാവിജ്‌ഞാനീയം (രണ്ടാംഭാഗം)
രൂപമഞ്ജരി : എ. ബാലകൃഷ്ണപിള്ളയുടെ രൂപമഞ്ജരി ഭാഷാഗദ്യ ശാസ്ത്രീയഗ്രന്ഥങ്ങളിൽ ഗണനീയമായ ഒരു സ്ഥാനത്തെ അർഹിക്കുന്നു. ഉപന്യാസം, നിരൂപണം, നോവൽ, റൊമാൻസ്, ചെറുകഥ, ഗദ്യനാടകം, പ്രഹസനം, ജീവചരിത്രം, ആത്മചരിത്രം എന്നിങ്ങനെയുള്ള സാഹിത്യ രൂപങ്ങളുടെയും, സാഹിത്യ മാർഗ്ഗങ്ങളുടെയും വൈവിധ്യത്തെയാണിതിൽ പ്രതിപാദിച്ചിരിക്കുന്നതു്. വിവിധ സ്വരൂപത്തിലുള്ള ഗദ്യസാഹിത്യനിർമ്മാണത്തിനും അവയുടെ സ്വരൂപജ്ഞാനത്തിനും ഈ ഗ്രന്ഥം വളരെ ഉപകരിക്കുന്ന ഒന്നാണു്. മലയാള ഗദ്യസാഹിത്യം ഏതെല്ലാം സരണികളിൽക്കൂടി ഇനിയും പുരോഗമിക്കുവാനും പരിപുഷ്ടി പ്രാപിക്കുവാനുമുണ്ടെന്നു് ഈ ഗ്രന്ഥം നമ്മെ മനസ്സിലാക്കുന്നു.
നോവൽ പ്രസ്ഥാനങ്ങൾ: ഇന്നത്തെ പാശ്ചാത്യനോവലുകളുടെ സാമാന്യ സ്വരൂപത്തെ വിവരിച്ചു കാണിക്കുന്ന ലഘുകൃതിയാണു് ബാലകൃഷ്ണപിള്ളയുടെ ഈ ഗ്രന്ഥം. ഭാഷയിൽ ഈ ഗ്രന്ഥംകൊണ്ടു വലിയ പ്രയോജനമൊന്നുമില്ലെങ്കിലും, പാശ്ചാത്യ നോവൽ പ്രസ്ഥാനങ്ങളെപ്പറ്റി അറിയണമെന്നുള്ളവർക്ക് അല്പം സഹായകമാണു്.
നോവൽ, ചെറുകഥ എന്നീ നൂതന സാഹിത്യ പ്രസ്ഥാനങ്ങളുടെ രചനയ്ക്ക് അത്യന്തം സഹായമായിത്തീരാവുന്ന രണ്ടു ശാസ്ത്ര ഗ്രന്ഥങ്ങളാണ് എം. പി. പോളിൻ്റെ നോവൽ സാഹിത്യവും ചെറുകഥാപ്രസ്ഥാനവും.
