ഭാഷാവിജ്‌ഞാനീയം (രണ്ടാംഭാഗം)
അലങ്കാരശാസ്ത്രം: 1581-ൽ വരാപ്പുഴ മുദ്രണം ചെയ്ത ശ്രദ്ധേയമായ ഒരു അലങ്കാരഗ്രന്ഥമാണു് ‘അലങ്കാരശാസ്ത്രം’. ചില വൈദേശികാലങ്കാര ഗ്രന്ഥങ്ങളെ അവലംബിച്ചാണു് പ്രസ്തുത കൃതി നിർമ്മിച്ചിട്ടുള്ളതു്. മുഖവുരയിൽ അതിനെപ്പറ്റി പ്രസ്താവിക്കുന്ന ഒരു ഭാഗം ഇവിടെ ഉദ്ധരിക്കാം:
“ഈ പുസ്തകം എഴുതിയുണ്ടാക്കുന്നതിനു യൂറോപ്യൻ ഭാഷകളിൽ എഴുതപ്പെട്ട മൂന്നുനാലു് അലങ്കാര ശാസ്ത്ര വ്യാഖ്യാനങ്ങൾ ഞങ്ങൾക്കു സഹായകമായിരുന്നാലും ഡി. കൊളോന്യ ദൊമനീക്കൻ (Dominico de Colonia) എന്ന വിദ്വാൻ, അരിസ്തോത്തലൻ, ശീശ്വരൻ, കുയിന്തല്യൻ, ദെമെത്രൻ മുതലായ യൗനായ, ലത്തീൻ എന്ന ഇരുഭാഷകളിൽനിന്നു് അലങ്കാരപ്രമാണങ്ങളെ എടുത്തു ലത്തീൻ ഭാഷയിൽ എഴുതിയുണ്ടാക്കിയ ഒരു അലങ്കാര ശാസ്ത്ര വ്യാഖ്യാനം പ്രത്യേകം ഞങ്ങൾക്കു വളരെ പ്രയോജനമുള്ളതായി. അതിൽ മേല്പറഞ്ഞ വിദ്വാൻ അനുകരിച്ച ക്രമവും രീതിയും ഇതിലും ഞങ്ങൾ അനുകരിച്ചതല്ലാതെ, മലയാള ഭാഷയ്ക്ക് ഒക്കുന്നതായി തോന്നിയ അലങ്കാര പ്രമാണങ്ങളേയും അതിൽനിന്നുതന്നെ എടുക്കുകയും ചെയ്തു.”
ഈ ഗ്രന്ഥത്തിൻ്റെ ഉൽപത്തിക്കുമുമ്പുവരെ പ്രഭാഷണകലയെപ്പറ്റി പ്രതിപാദിക്കുന്ന ഏതെങ്കിലും ഒരു കൃതി മലയാളത്തിൽ ഉടലെടുത്തതായി അറിവില്ല. ‘സാഹിത്യസാഹ്യ’ത്തിലെ മിക്കവിഷയങ്ങളും ഇതിൽ ഉള്ളടക്കിയിരിക്കുന്നു. അലങ്കാര ശാസ്ത്രം ഒരു സാഹിതീസർവ്വസ്വമായിട്ടാണു് ഗ്രന്ഥകാരൻ സങ്കല്പിച്ചിട്ടുള്ളതു്. എല്ലാവിധത്തിലും കേരളീയരുടെ അഭിനന്ദനം അർഹിക്കത്തക്ക ഒരു ഭാഷാശാസ്ത്രഗ്രന്ഥമാണിതെന്നു നിസ്സംശയം പറയാം.
