ഭാഷാവിജ്‌ഞാനീയം (രണ്ടാംഭാഗം)
നോവൽ സാഹിത്യം: കാലപൗർവ്വാപര്യമനുസരിച്ചു സംഭവങ്ങളെ നിർബന്ധിക്കുന്നതു കഥയും, കാര്യകാരണാദിവിശേഷബന്ധങ്ങളെ ആസ്പദമാക്കിയുള്ളതു് ഇതിവൃത്തമെന്നുള്ള ഭേദത്തെ ആദ്യമായി വ്യക്തമാക്കുന്നു. അനന്തരം, ഇതിവൃത്തഘടന, പരിണാമഗുപ്തി, വസ്തുവിഭാഗം, പാത്രവിവരണം, ആദർശം, അന്യാപദേശം എന്നീ വിഷയങ്ങളെ അപഗ്രഥിച്ച് ഓരോന്നും വിവേചനം ചെയ്ത് ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. പൂർവ്വോക്ത തത്വങ്ങളെ പുരസ്‌കരിച്ചു് ഭാഷയിലെ പ്രസിദ്ധ നോവലുകളെ വിമർശിക്കുകയും ചെയ്തിട്ടുണ്ട്. നോവലുകളെ സംബന്ധിച്ചു വിശദമായി വിവരിക്കുന്ന ഒരു ശാസ്ത്രഗ്രന്ഥം ഇതുപോലെ മറ്റൊന്നു മലയാളത്തിൽ ഇതേവരെ ഉണ്ടായിട്ടില്ല. എന്നാൽ ഈ ഗ്രന്ഥം പുറത്തുവന്നതിനുശേഷം നോവൽ സാഹിത്യം വളരെയധികം പുരോഗമിച്ചിട്ടുണ്ടു്. പുതിയ പതിപ്പിൽ ആ പുരോഗതികൂടി ഉള്ളടക്കി പ്രതിപാദിച്ചിരുന്നുവെങ്കിൽ ഇതു് ഈ ശാഖയിലുള്ള ഒരു പൂർണ്ണമായ ശാസ്ത്രഗ്രന്ഥം എന്നുതന്നെ പറയാമായിരുന്നു.
ചെറുകഥാ പ്രസ്ഥാനം: ചെറുകഥകളുടെ ഉല്പത്തിയേയും അവയുടെ സാമാന്യ സ്വഭാവത്തേയും കുറിച്ചു പ്രാരംഭത്തിൽ വിവരിക്കുന്നു. പിന്നീട്, വിഷയാദാനം, കഥാബീജം, കഥാരൂപണം, ആഖ്യാനരീതികൾ, പാത്രസംവിധാനം; സംഭാഷണം, തലക്കെട്ട് എന്നിങ്ങനെ ഒരു ചെറുകഥയുടെ രചനയിൽ അവശ്യം അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളെപ്പറ്റിയും ഉദാഹരണസഹിതം ഇതിൽ വിശദപ്പെടുത്തിയിട്ടുണ്ട്. കഥാകൃത്തുകൾക്കു വളരെ പ്രയോജനപ്പെടുന്ന നല്ല ഒരു ശാസ്ത്രഗ്രന്ഥമാണു് ഇതു്.
