ഗദ്യസാഹിത്യചരിത്രം. പതിനെട്ടാമദ്ധ്യായം

ഭാഷാവിജ്‌ഞാനീയം (രണ്ടാംഭാഗം)

ഡി. നാട്യശാസ്ത്രം

നാടകപ്രവേശിക: സംസ്കൃതത്തിൽ നിന്ന് അലങ്കാരശാസ്ത്രസംബന്ധമായ ഏതാനും കൃതികൾ ഭാഷയിൽ ഉത്ഭവിച്ചതുപോലെതന്നെ, നാട്യശാസ്ത്രസംബന്ധമായും ചില കൃതികൾ ഉത്ഭവിക്കാതിരുന്നിട്ടില്ല. അവയിൽ ഏറ്റവും പ്രധാനമായിട്ടുള്ളതു് ശർമ്മാസഹോദരന്മാരുടെ – എ. ഡി. ഹരിശർമ്മ, ആർ. സി. ശർമ്മ എന്നിവരുടെ കൃതിയായ നാടക പ്രവേശികയാണ്. “സാഹിത്യദർപ്പണത്തിലെ ആറാമത്തെ പരിച്ഛേദ വിഷയത്തെയാണ് ഈ പ്രവേശികാനിർമ്മാണത്തിനു പ്രായേണ മാർഗ്ഗദർശിയായി ഗ്രന്ഥകർത്താക്കന്മാർ സ്വീകരിച്ചിരിക്കുന്നതു്. പദാർത്ഥ പ്രതിപാദന വിഷയത്തിൽ ധ്വന്യാലോകം, കാവ്യപ്രകാശം, സംഗീത ദാമോദരം മുതലായ സാഹിത്യ ശാസ്ത്ര ഗ്രന്ഥങ്ങളെയാണു് നാടകപ്രവേശിക അനുകരിച്ചിട്ടുള്ളതെങ്കിലും, ദൃശ്യകാവ്യവിഷയത്തിൽ അവയിൽ നിന്നു വിലക്ഷണങ്ങളായ മതാന്തരങ്ങളേയും അംഗീകരിച്ചു സ്വമതസ്ഥാപനം ചെയ്തിരിക്കുന്നു.” ദശരൂപകങ്ങൾ, നാടകോപകരണങ്ങൾ, നായികാനായകന്മാർ എന്നു തുടങ്ങിയ വിഷയങ്ങളെ ക്രമപ്പെടുത്തി ഉചിതങ്ങളായ ഉദാഹരണങ്ങളോടുകൂടി വിവരിച്ചു വിശദപ്പെടുത്തുന്നതിൽ ഗ്രന്ഥകാരന്മാർ പ്രദർശിപ്പിച്ചിട്ടുള്ള പാടവവും ഗ്രന്ഥപരിചയവും ഏറ്റവും അഭിനന്ദനീയമാണു്. നാട്യകലയെപ്പറ്റി ഗ്രന്ഥകാരന്മാർ പുറപ്പെടുവിച്ചിട്ടുള്ള അഭിപ്രായങ്ങൾ ഗാഢമായ ആലോചനയുടെ ഫലമായിട്ടുള്ളവയാണെന്നു നിസ്സംശയം പറയാം. 1098-ലാണു് പ്രസ്തുത കൃതി പ്രസിദ്ധീകരിച്ചിട്ടുള്ളതു്. പ്രാചീനരീതിയിലുള്ള സംസ്കൃത നാടകങ്ങളുടെ സ്വഭാവം സാംഗോപാംഗമായി മനസ്സിലാക്കുന്നതിനു് ഇതുപോലെ ഉപകാരപ്രദമായ ഒരു ഗ്രന്ഥം മലയാള ഭാഷയിൽ ഇന്നുവരെ ഉണ്ടായിട്ടില്ല.