ഭാഷാവിജ്‌ഞാനീയം (രണ്ടാംഭാഗം)
ഹൈന്ദവ നാട്യശാസ്ത്രം: സംസ്കൃത നാടക ലക്ഷണങ്ങളെ പ്രകാശിപ്പിക്കുന്ന മറ്റൊരു കൃതിയാണു്, ആർ. നാരായണപ്പണിക്കരുടെ ഹൈന്ദവ നാട്യശാസ്ത്രം. നാടക പ്രവേശികയ്ക്ക് ഒരുകൊല്ലം മുമ്പു പ്രസിദ്ധീകൃതമായ പ്രസ്തുത നാട്യകലയുടെ ഉൽപത്തി, രചനാപരിപാടി മുതലായ കാര്യങ്ങൾ വളരെ സംക്ഷേപിച്ചു പ്രതിപാദിച്ചിരിക്കുന്നു.
നവീന നാടകാദർശം: മേക്കൊല്ല പരമേശ്വരൻപിള്ള എഴുതിയിട്ടുള്ള ഒരു കൃതിയാണു് നവീനനാടകാദർശം. പിഠിക മുതൽ ഉപസംഹാരംവരെ 27 അദ്ധ്യായങ്ങളിലായി നവീനഗദ്യനാടകപ്രസ്ഥാനത്തെക്കുറിച്ചും. പാശ്ചാത്യ നാടക പ്രസ്ഥാനത്തിൽ പൊതുവേ സംഭവിച്ചിട്ടുള്ള പരിവർത്തനങ്ങളെക്കുറിച്ചും ഒട്ടുവളരെ സംഗതികൾ ഇതിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. യവനദൃശ്യസാഹിത്യം, ആധുനിക ദൃശ്യ സാഹിത്യം എന്നിങ്ങനെ പാശ്ചാത്യ നാടക പ്രസ്ഥാനപരമ്പരയെ മുഴവൻ ആറു തരത്തിലായി അടുക്കി ഒതുക്കി വിവരിക്കുകയും അനന്തരം ഇതിവൃത്തം, ട്രാജഡി, കോമഡി, പ്രഹസനങ്ങൾ, ഏകാങ്കനാടകങ്ങൾ, അങ്കവിഭജനം, പാത്രാവിഷ്കരണം, സംഭാഷണം, രസാവിഷ്ക്കരണം, തത്ത്വാവിഷ്കരണം മുതലായ വിഷയങ്ങളെക്കുറിച്ച് ആധുനിക പാശ്ചാത്യലോകം സ്വീകരിച്ചിട്ടുള്ള അഭിപ്രായങ്ങളെ സ്വാഭിപ്രായങ്ങളോടും ഉചിതമായ മാതൃകകളോടും കൂടി ഗ്രന്ഥത്തിൽ പ്രകാശിപ്പിക്കുകയും ചെയ്തിരിക്കുന്നു. ചുരുക്കത്തിൽ പ്രതിക്ഷണം പരിവർത്തനോന്മുഖമായിക്കൊണ്ടിരിക്കുന്ന പാശ്ചാത്യ നാടകാദർശങ്ങളെക്കുറിച്ച് സാമാന്യം സമഗ്രമായിത്തന്നെ ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്. മലയാളത്തിലെ നാടക വേദി കാലോചിതമായി പരിഷ്കരിക്കണമെങ്കിൽ ആധുനിക പാശ്ചാത്യ നാടകങ്ങളെ മാതൃകയാക്കിയുള്ള കൃതികൾ ഭാഷയിൽ ധാരാളം ഉണ്ടാകേണ്ടിയിരിക്കുന്നു. “അത്തരം നാടകങ്ങളുടെ രചനയ്ക്കു സഹായകമായിത്തീരുന്ന ലക്ഷണഗ്രന്ഥങ്ങൾ ഭാഷയിൽ വിരളമാകയാൽ പ്രകൃതഗ്രന്ഥകാരൻ്റെ ഈ ഉദ്യമം സഫലവും അഭിനന്ദനീയവുമാണു്. കേവലം തത്വപരമായ പ്രാധാന്യം മാത്രമുള്ള പ്രകൃതഗ്രന്ഥത്തിൻ്റെ ആദ്യഭാഗങ്ങളിൽ ഗ്രന്ഥകാരൻ ചെയ്തിട്ടുള്ള പാശ്ചാത്യ നാടക പ്രസ്ഥാനങ്ങളുടെ വിവരണത്തിലും അവയുടെ നാമകരണത്തിലും പല കുറ്റങ്ങളും കുറവുകളും കാണാമെങ്കിലും. പ്രായോഗികതയെ പുരസ്‌കരിച്ചു രചിച്ചിട്ടുള്ള ബാക്കി ഭാഗങ്ങളിൽ ആധുനിക രീതിയിലുള്ള ഗദ്യനാടകങ്ങൾ രചിക്കുവാൻ ഉദ്യമിക്കുന്നവർ അവശ്യം അറിഞ്ഞിരിക്കേണ്ട നാടകീയ പ്രശ്നങ്ങളേയും തത്ത്വങ്ങളേയും ഏറെക്കുറെ സമഗ്രമായി ഗ്രന്ഥകാരൻ പ്രതിപാദിച്ചിട്ടുണ്ടു്.” എന്നു് എ. ബാലകൃഷ്ണപിള്ള ആമുഖത്തിൽ പ്രസ്താവിച്ചിട്ടുള്ളതു് അതീവ ശ്രദ്ധേയമാകുന്നു.
