ഭാഷാവിജ്‌ഞാനീയം (രണ്ടാംഭാഗം)
ഉയരുന്ന യവനിക: നവീന നാടകാദർശംപോലെതന്നെ ആധുനിക നാടകങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഒരു ശാസ്ത്ര ഗ്രന്ഥമാണു് സി. ജെ. തോമസിൻ്റെ ‘ഉയരുന്ന യവനിക’യും. നാടകമെഴുത്തുകാരും അഭിനയക്കാരും പ്രേക്ഷകരും അറിഞ്ഞിരിക്കേണ്ട അനേകം വസ്തുതകൾ ഈ ലക്ഷണഗ്രന്ഥത്തിൽ ലളിതഭാഷയിൽ ഗ്രന്ഥകാരൻ വെളിപ്പെടുത്തിയി രിക്കുന്നു.
കഥകളിയെ സംബന്ധിച്ച ഒട്ടേറെ ശാസ്ത്രഗ്രന്ഥങ്ങൾ നമുക്കു ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. മാത്തൂർ കുഞ്ഞുപിള്ളപ്പണിക്കരുടെ കഥകളിപ്രകാശിക, കുമാരപ്പണിക്കരുടെ കഥകളിപ്രവേശിക, കെ. എൻ. ഗോപാലപിള്ളയുടെ കഥകളിദീപിക, കെ. എം. ഗുരുക്കളുടെ കഥകളിപ്രദീപിക, ശിരോമണി പി. കൃഷ്ണൻനായരുടെ ആട്ടക്കഥ അല്ലെങ്കിൽ കഥകളി, ജി. കൃഷ്ണപിള്ളയുടെ കേരളീയ നൃത്ത്യകല, കഥകളി, ഗോപിനാഥൻ്റെ കഥകളിനടനം, അഭിനയാങ്കുരം, ഐ. പി.രാമൻമേനോൻ്റെ കഥകളി, വനബാലഗോപാലൻ്റെ നൃത്ത്യദർപ്പണം, കെ. പി. എസ്സ്. മേനോൻ്റെ കഥകളിരംഗം എന്നു തുടങ്ങിയവ അവയിൽ പ്രധാനങ്ങളാണു്. ചിലതിനെപ്പറ്റിമാത്രം അല്പം പ്രതിപാദിക്കാം.
കഥകളിദീപിക: പല രംഗങ്ങളിലും ഇന്നു് ആടിക്കൊണ്ടിരിക്കുന്ന മുപ്പത്തഞ്ചു കഥകളുടെ രംഗവിവരണമാണു് കെ. എൻ. ഗോപാലപിള്ളയുടെ ‘കഥകളിദീപിക’. കഥകളിയെപ്പറ്റിയും അതിന്റെ ചടങ്ങുകളെപ്പറ്റിയും അറിയാൻ പ്രയോജനപ്പെടുന്ന ഒരു നല്ല ഗ്രന്ഥമാണിതു്.
