ഗദ്യസാഹിത്യചരിത്രം. പതിനെട്ടാമദ്ധ്യായം

ഭാഷാവിജ്‌ഞാനീയം (രണ്ടാംഭാഗം)

കഥകളിനടനം: കഥകളി പ്രകടനങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണു’, നടനകലാനിധി ഗോപിനാഥൻ്റെ ‘കഥകളിനടനം’- കഥകളി, നൃത്തം, നൃത്ത്യം, നാട്യം എന്നിവയെപ്പറ്റി ഗ്രന്ഥത്തിൻ്റെ ആരംഭത്തിൽ ചുരുക്കി പ്രസ്താവിച്ചിരിക്കുന്നു. അനന്തരം, മെയ് സാധകം, മുദ്രാസാധകം, ഉപാംഗക്രിയകൾ, ദൃഷ്ടിവ്യാപാരങ്ങൾ, ദൃഷ്ടിഭേദങ്ങൾ, ഭ്രൂവ്യാപാരങ്ങൾ തുടങ്ങിയ കഥകളി പ്രകടന വിധങ്ങൾ ഓരോന്നും വിവരിക്കുന്നു. ഭരതൻ്റെ നാട്യശാസ്ത്രത്തിൽനിന്നു കഴിയുന്നത്ര പ്രമാണങ്ങളും ആ ഭാഗങ്ങളിൽ ഉദ്ധരിക്കുന്നുണ്ടു്. മെയ് സാധകം, മുദ്രകൾ മുതലായവ വിവരിക്കുന്നിടത്തു് വരച്ച ചിത്രങ്ങളും ബ്ലോക്കുകളും ചേർത്തിട്ടുള്ളതു വസ്തുഗ്രഹണത്തിന് കൂടുതൽ സഹയകമാണു്. കഥകളിയുടെ ആസ്വാദനത്തിൽ ആവശ്യമായ സാങ്കേതികജ്ഞാനം നേടുവാനും, കഥകളി വിദ്യാർത്ഥികൾക്ക് ആ വിഷയത്തിൽ കുറെയൊക്കെ അറിവുനേടുവാനും ഈ ഗ്രന്ഥം പ്രയോജനപ്പെടുമെന്നുള്ളതിൽ സംശയമില്ല. അഭിനയാങ്കുരം ഗോപിനാഥൻ്റെ മറ്റൊരു കൃതിയാണ്.

കഥകളിരംഗം: നാട്യകലയിൽ താൽപര്യമുള്ളവരെ കഥകളി വേണ്ടുംവണ്ണം കാണുവാൻ സഹയിക്കുന്ന ഒന്നാണു’ കെ. പി. എസ്‌. മേനോൻ്റെ കഥകളിരംഗം. കഥകളിയുടെ ഉൽപത്തിയെ സംബന്ധിച്ച പരിചിന്തനത്തോടുകൂടിയാണ് ഗ്രന്ഥം ആരംഭിക്കുന്നതു്. അഞ്ചാമദ്ധ്യായം മുതൽക്കിങ്ങോട്ട്, കഴിഞ്ഞ നൂറ്റാണ്ടിലേയും ഈ നൂറ്റാണ്ടിലെയും നടന്മാർ, പാട്ടുകാർ, മേളക്കാർ തുടങ്ങിയവരെപ്പറ്റിയെല്ലാം വിവരിച്ചിരിക്കുന്നു. കഥകളിഭ്രാന്തന്മാരുടെയിടയിൽ പ്രചരിച്ചിട്ടുള്ള പല കഥകൾക്കും ഗ്രന്ഥകാരൻ ഇവിടെ സ്ഥാനം കൊടുത്തിട്ടുണ്ട്. “മഹാനടന്മാരെ എത്ര ഭക്തിബഹുമാനങ്ങളോടുകൂടിയാണ് കേരളീയർ സ്മരിക്കുന്നതു് എന്നു് ഇന്നത്തെ യുവനടന്മാരെ ധരിപ്പിക്കുവാനായിരിക്കാം അത്തരം കഥകൾക്കു് ഇതിൽ സ്ഥാനം കൊടുത്തിട്ടുള്ളതു. കഥകളി പ്രേമികളെ അതിൽ രസികന്മാരാക്കിത്തീർക്കുന്നതിനു ഇത്തരം കൃതികൾ ഉപകരിക്കും.

സംഗീതചന്ദ്രിക: സംഗീത സാഹിത്യ ശാസ്ത്രാദി വിഷയങ്ങളിൽ വിപുലമായ പാണ്ഡിത്യവും വാസനയും ഉള്ളവർ മാത്രമേ ഇത്തരം കൃതികൾ നിർമ്മിക്കുവാൻ ശക്തരായിത്തീരുകയുള്ള. ഭരതമുനിയുടെ നാട്യശാസ്ത്രം മുതൽക്കിങ്ങോട്ടുണ്ടായിട്ടുള്ള മിക്ക സംഗീത ശാസ്ത്ര ഗ്രന്ഥങ്ങളും ചന്ദ്രികയുടെ രചനയിൽ ആറ്റൂർ അവലംബമാക്കിയിട്ടുണ്ടു്. എന്നാൽ, പ്രാചീനാചാര്യന്മാരുടെ സിദ്ധാന്തങ്ങളെ കണ്ണുമടച്ചു സ്വീകരിക്കയല്ല ഗ്രന്ഥകാരൻ ചെയ്തിട്ടുള്ളതു്. ഏതിനും ഒരു മറുവശം ഉണ്ടോ എന്നു ചിന്തിക്കയും അവയിൽ യുക്തിയുക്തമായതിനെ മാത്രം സ്വീകരിക്കയുമാണു് അദ്ദേഹം ചെയ്തിട്ടുള്ളതു്. ആ നിലയിൽനിന്നു നോക്കുമ്പോൾ സംഗീത ചന്ദ്രികയ്ക്ക് ഒരു സ്വതന്ത്രകൃതിയുടെ സ്ഥാനം നൽകാമെന്നു തോന്നുന്നു. മലയാളത്തിൽ ഇത്തരം ഒരു കൃതി വേറൊന്നില്ലെന്നുള്ളതും ഇവിടെ ശ്രദ്ധേയമാണ്.