ഭാഷാവിജ്‌ഞാനീയം (രണ്ടാംഭാഗം)
കലാവിദ്യാവിവരണം: ഒരു കാലത്തു ഭാഷാപോഷിണിമാസികയിൽ മുക്തിവിവേകം, രസനിരൂപണം, കലാവിദ്യാവിവരണം എന്നീ ശീർഷകങ്ങളിൽ തുടർച്ചയായി എം. കെ. ഗുരുക്കൾ ഒട്ടുവളരെ ലേഖനങ്ങൾ എഴുതി പ്രസിദ്ധപ്പെടുത്തിവന്നിരുന്നു. അവയിൽ 1097 ധനു ലക്കം മുതൽ ആരംഭിച്ചു പ്രസിദ്ധപ്പെടുത്തിയിരുന്ന കലാവിദ്യാവിവരണം എന്ന ലേഖനപരമ്പര സമാഹരിച്ചു” അദ്ദേഹത്തിൻ്റെ ചരമാനന്തരം 1937-ൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണു്’ ‘കലാവിദ്യാവിവരണം’. ഭാഷാപോഷിണിയിൽ അന്നു പൂർണ്ണമാക്കാതിരുന്ന ‘യന്ത്രമാതൃക’, വ്യായാമികീവിദ്യാജ്ഞാനം എന്നീ രണ്ടു കലകളെപ്പറ്റി കെ. വി. മാനൻ ഗുരുക്കളാണ് ഇതിൽ എഴുതിച്ചേർത്തിട്ടുള്ളതു്. കലാവിദ്യകളെക്കുറിച്ച് ഇതുപോലെ വിശദമായി വിവരിക്കുന്ന വൈജ്ഞാനിക ഗ്രന്ഥം മലയാളത്തിൽ എന്നല്ല ഭാരതത്തിലെ ഇതരഭാഷകളിലും ഇല്ലെന്നാണറിയുന്നതു്. കൗതുകചിന്താമണി, സിദ്ധനാഗാർജ്ജുനീയം, കാമരത്നം എന്നു തുടങ്ങി വാത്സ്യായനീഭാഷ്യം വരെ 94 ഗ്രന്ഥങ്ങളുടെ പിന്തുണയോടുകൂടിയാണ് ഈ വിശിഷ്ടഗ്രന്ഥം ഗുരുക്കൾ നിർമ്മിച്ചിട്ടുള്ളതെന്നറിയുന്നു. ‘ചതുഷ് ഷഷ്ടികലകൾ’ അഥവാ അറുപത്തിനാലു കലാവിദ്യകൾ എന്ന് സാധാരണ പറഞ്ഞുകേൾക്കാറുണ്ടെങ്കിലും അവ ഏതെല്ലാമെന്നറിയാവുന്നവർ നമ്മുടെയിടയിൽ അധികംപേരില്ല. ആ സ്ഥിതിക്ക് 64 കലകളേയും ഉദാഹരണസഹിതം വിവരിക്കുന്ന ഈ വിശിഷ്ടകൃതി നമ്മുടെ സാഹിത്യമീമാംസശാഖയ്ക്ക് ഏറ്റവും അനർഘമായ ഒരു നിക്ഷേപം തന്നെയാണു്. അത്രയും പറഞ്ഞാൽ പോരാ എന്നു തോന്നുന്നു. ഇന്നു നാം അറിയുന്നതരത്തിലുള്ള സർവ്വവിജ്ഞാനകോശത്തിൻ്റെ നിഷ്കൃഷ്ടസ്വരൂപവും സ്വഭാവവും ഒത്തിണങ്ങിയതല്ലെങ്കിലും പ്രാചിന ഭാരതത്തിലെ നാനാമുഖങ്ങളായ വൈജ്ഞാനികപുരോഗതികളുൾക്കൊള്ളുന്ന പല വിജ്ഞാനശാഖകളിലേയും വിജ്ഞാന വിഷയങ്ങൾ ഏകത്ര സംഭരിച്ചു സംഗ്രഹിച്ചിട്ടുള്ളതാണു് ചതുഷ്ഷഷ്ടികലകളിൽ അടങ്ങിയിട്ടുള്ളതെന്നു കാണാം. ആ നിലയ്ക്ക് ഇതിനെ ഭാരതത്തിൻ്റെ അഥവാ മലയാളത്തിൻ്റെ ആദ്യത്തെ സർവ്വവിജ്ഞാനകോശമെന്നു പറയുന്നതിൽ അധികം തെററുണ്ടാകുമെന്നു തോന്നുന്നില്ല.* (എം. കെ. ഗുരുക്കൾ കോഴിക്കോട്ട് എലത്തൂരംശത്തിൽ മരക്കാട്ടേരി എന്ന കടുംബത്തിൽ 1044-ാമാണ്ട് കുംഭമാസം 4-ാംതീയതി ജനിച്ചു. പിതാവിൻ്റെ പേർ രാരിച്ചൻ എന്നും മാതാവിൻ്റെ പേർ ഉണിച്ചിര എന്നുമായിരുന്നു. കോരപ്പൻ എന്നുള്ളതാണു ഗുരുക്കളുടെ മുഴുവൻ പേര്, കുറച്ചുകാലം ഗജകേസരി പത്രാധിപരായിരുന്നിട്ടുണ്ട്. 1929 ജൂലായ് 1-ാം തീയതി നിര്യാതനായി.)
