ഗദ്യസാഹിത്യചരിത്രം. പതിനെട്ടാമദ്ധ്യായം

ഭാഷാവിജ്‌ഞാനീയം (രണ്ടാംഭാഗം)

വിജ്ഞാനം അഥവാ മലയാളം എൻസൈക്ലോപ്പീഡിയാ: ലോകത്തിലെ പ്രമുഖ ഭാഷകളിലെല്ലാം സർവ്വവിജ്ഞാനകോശങ്ങൾ ഉണ്ടായിക്കഴിഞ്ഞിട്ടുണ്ട്. ഇംഗ്ലീഷിലെ ‘എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ,’ ‘ചേംബേഴ്‌സ്‌ ‘, ‘എൻസൈക്ലോപീഡിയാ അമേരിക്കാനാ’ തുടങ്ങിയ വിശ്വവിജ്ഞാനകോശങ്ങൾ, സുപ്രസിദ്ധങ്ങളാണു്. പുരോഗതിയിലേക്കു വളർന്നുകൊണ്ടിരിക്കുന്ന ഏതൊരു ഭാഷയ്ക്കും ഇത്തരം മഹാഗ്രന്ഥങ്ങൾ കൂടിയേതീരൂ. ഇന്ത്യയിൽ തമിഴ്‌, തെലുങ്ക്’, കന്നട, ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാത്തിഎന്നീ ഭാഷകളിലാണു് എൻസൈക്ലോപ്പീഡിയാ പ്രവർത്തനം ഇന്നു നടന്നുകൊണ്ടിരിക്കുന്നതു്. തെലുങ്കിൽ അതിൻ്റെ 7-ാം വാള്യം ഈയിടെ (1963 ജൂലൈ മാസത്തിൽ) പ്രധാനമന്ത്രി നെഹ്റു ഉദ്ഘാടനം ചെയ്യുകയും ഉണ്ടായി. ‘വിജ്ഞാന സർവ്വസ്വം’ എന്നത്രെ തെലുങ്കിൽ ഈ ബൃഹത് വിജ്ഞാനകോശത്തിനു അവർ നാമകരണം ചെയ്തിട്ടുള്ളതു്. എന്നാൽ ഇപ്പറഞ്ഞ സർവ്വവിജ്ഞാനകോശ പ്രവർത്തനങ്ങളെല്ലാംതന്നെ ഗവർമെൻ്റെുകുളുടേയും സവ്വകലാശാലകളുടേയും ആഭിമുഖ്യത്തിലുമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഇവിടെ പറയേണ്ടതുണ്ട്.

മലയാളത്തിൽ അത്തരം ഒരു പ്രസ്ഥാനം അടുത്തകാലംവരെ ആരംഭിച്ചിരുന്നില്ല. ആ കുറവിനെ പരിഹരിക്കുവാൻ ബദ്ധപരികരനായി മുന്നോട്ടിറങ്ങിയ ഏക വ്യക്തിയാണു് മാത്യു എം. കുഴിവേലി. അത്യന്തം വ്യയഹേതുകമായ ഈ സംരംഭത്തിനു പുറപ്പെട്ടപ്പോൾ പലരും വളരെ ആശങ്കയോടുകൂടിയാണു് ആ സാഹസികൻ്റെ പ്രവത്തനങ്ങളെ വീക്ഷിച്ചുകൊണ്ടിരുന്നതു്. എന്നാൽ, ഇന്നു്, ആഫലോദയകർമ്മാവായ അദ്ദേഹത്തിൻ്റെ പരിശ്രമങ്ങൾ ഏറെക്കുറെ വിജയിച്ചിരിക്കുന്നു. കഴിവുറ്റ ഒരു പണ്ഡിതസംഘത്തിൻ്റെ സഹകരണത്തോടുകൂടി ഇതിനകം അദ്ദേഹം ‘വിജ്ഞാന’ത്തിൻ്റെ – മലയാളം എൻസൈക്ലോപ്പിഡിയായുടെ – മൂന്നു വാള്യങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞിരിക്കുകയാണു്. 1955-ലാണത്രെ അദ്ദേഹം ഇതിൻ്റെ പ്രവർത്തനം ആരംഭിച്ചതു്. 1956 ജനുവരിയിൽ ഒന്നാം വാള്യവും, 1960 ജൂലൈമാസത്തിൽ രണ്ടാം വാള്യവും, 1964 ഡിസംബറിൽ മൂന്നാം വാള്യവും പുറത്തിറക്കുവാൻ ആ പ്രയത്നശാലിക്കു കഴിഞ്ഞുവെന്നുള്ളതു വലിയൊരു വിജയമാണു്. ഡെമ്മി സൈസിൽ ഏകദേശം 1200 പേജുകൾ വീതമാണു് ഓരോന്നിലുമുള്ളതു്. നാലാം വാള്യത്തിൻ്റെ അച്ചടിയും ഇപ്പോൾത്തന്നെ മിക്കവാറും പൂർത്തിയായിരിക്കുന്നുവെന്നു കേൾക്കുന്നു. 7 വാള്യങ്ങൾകൊണ്ടു് ഈ സംരംഭം പൂർത്തിയാകുമെന്നാണറിയുന്നതു്.