ഗദ്യസാഹിത്യചരിത്രം. പതിനെട്ടാമദ്ധ്യായം

ഭാഷാവിജ്‌ഞാനീയം (രണ്ടാംഭാഗം)

എൻസൈക്ലോപ്പീഡിയാ പലതരത്തിലുണ്ടു്. കുഴിവേലി പ്രസാധനം ചെയ്തുകൊണ്ടിരിക്കുന്ന എൻസൈക്ലോപ്പീഡിയാ പോപ്പുലർ മാതൃകയിലുള്ളതാണു്. വിജ്ഞാനമണ്ഡലത്തെ വിവിധഭാഗങ്ങളായി വിഭജിച്ച് അവയിലോരോന്നിലും പെടുന്ന വിഷയങ്ങളെപ്പറ്റി സുലളിതവും സുഗ്രഹവുമായ രീതിയിൽ ഉപന്യാസരൂപത്തിൽ പ്രതിപാദിക്കുകയാണു് പോപ്പുലർ എൻസൈക്ലോപ്പീഡിയായുടെ സമ്പ്രദായം. സാധാരണ ജനങ്ങളുടെ ഇത്തരം വിജ്ഞാനകോശങ്ങളാണു കൂടുതൽ ഉപകാരപ്രദങ്ങളായിത്തീരുക. ലോകത്തിൻ്റെ ഉൽപത്തിതൊട്ട് ‘പ്രാചീനരാജ്യങ്ങളും ജനങ്ങളും’ വരെയുള്ള ഭാഗങ്ങൾ ബഹുമുഖങ്ങളായ ഉപന്യാസങ്ങളിൽ, നൂറുകണക്കിനുള്ള ചിത്രങ്ങളോടുകൂടി വിജ്ഞാനത്തിൻ്റെ ഈ മൂന്നു വാള്യങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു.

മഹത്തായ മറ്റൊരു എൻസൈക്ലോപ്പീഡിയാ; പോപ്പുലർ എൻസൈക്ലോപ്പീഡിയായേക്കാൾ ഉന്നതമായ നിലവാരം പുലർത്തുന്ന ഒന്നാണു്’, ‘എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ’ തുടങ്ങിയവയെപ്പോലെ റഫറൻസ് മാതൃകയിലുള്ള സവ്വവിജ്ഞാനകോശങ്ങൾ, പണ്ഡിതന്മാർക്കും, ഗവേഷകന്മാർക്കും, ഉത്കൃഷ്ട വിദ്യാഭ്യാസത്തിലേർപ്പെട്ടിരിക്കുന്നവർക്കും അത്തരം വിജ്ഞാനകോശങ്ങളാണു് ഏറ്റവും ഉപകാരപ്രദങ്ങളായിത്തീരുക. കേരള ഗവർണ്മെൻ്റെിൽനിന്നു യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തിൽ റഫറൻസ് മാതൃകയിലുള്ള ഒരു മലയാളം എൻസൈക്ലോപ്പീഡിയായുടെ നിർമ്മാണത്തിനായി 1962 മുതൽ ഒരു പ്രത്യേകവകപ്പ് ഏർപ്പെടുത്തികഴിഞ്ഞിരിക്കയാണു്. മഹാപണ്ഡിതനും സഹൃദയനുമായ എൻ. ഗോപാലപിള്ള എം. എ. ആണു് ആ വകുപ്പിൻ്റെ അധ്യക്ഷൻ.