ഭാഷാവിജ്‌ഞാനീയം (രണ്ടാംഭാഗം)
അനതിവിദൂരമായഭാവിയിൽ മലയാള ഭാഷയിൽ ഉടലെടുക്കുവാൻ പോകുന്ന ആ മഹാവൈജ്ഞാനിക ഗ്രന്ഥത്തെപ്പറ്റി അതിൻ്റെ നേതാവായ ഗോപാലപിള്ള പുറപ്പെടുവിച്ചിട്ടുള്ള പ്രസ്താവനയിൽ നിന്നു് ഒരു ഭാഗം ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ:
“ഭാരതീയ സർവ്വവിജ്ഞാനകോശം എന്ന മഹാപ്രവാഹത്തിനു പരിപുഷ്ടിനല്കുന്ന സ്രോതസ്സുകളിലൊന്നായി തീർച്ചയായും കേരളഭാഷയിലും പ്രാമാണികമായ ഒരു സർവ്വവിജ്ഞാനകോശം ഉണ്ടാകേണ്ടതാണല്ലോ. നമുക്കു പരമപ്രധാനങ്ങളായ വിഷയങ്ങൾപോലും ഇന്നുവരെ പ്രസിദ്ധീകൃതങ്ങളായ യാതൊരു എൻസൈക്ലോപ്പീഡിയായിലും ഉണ്ടായിരിക്കുകയില്ല. ആധുനിക ഭാഷാ സാഹിത്യത്തിൻ്റെ പിതാവെന്നു നാം അഭിമാനിക്കുന്ന തുഞ്ചത്തെഴുത്തച്ഛനെപ്പറ്റിയോ കുഞ്ചൻനമ്പ്യാരെപ്പറ്റിയോ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാപോലുള്ള മഹാഗ്രന്ഥങ്ങളിൽ രണ്ടു വാക്കുപോലുമില്ലെന്നതു് നമുക്കു വിസ്മയത്തിനു വക നല്കുന്ന വസ്തുതയാണു്. അങ്ങനെ പലപല വസ്തുതകളുമുണ്ടു്. നമ്മുടെ സാഹിത്യമോ, കലയോ, ചരിത്രമോ, ഭൂമിശാസ്ത്രമോ, നമ്മുടെ ധാതുദ്രവ്യാദി സമ്പത്തോ, ഒന്നും മറ്റുള്ളവർക്കു നാം വിശ്വസിക്കുന്ന തരത്തിൽ, ഗണനാർഹമല്ലായിരിക്കാം.
നമ്മുടെ നാടിൻ്റെ വിജ്ഞാനത്തിനും സംസ്‌കാരത്തിനും പ്രാധാന്യം നല്കി, വിശാലമായ ഭാരതത്തെ സംബന്ധിച്ച വിഷയങ്ങൾക്കു പരിപൂണ്ണ പരിഗണനകൊടുത്തു് വിശാലമായ ലോക വിജ്ഞാനമണ്ഡലത്തിന് ആവോളം സ്ഥാനം പ്രദാനം ചെയ്ത്, സാമാന്യം സമഗ്രവും സംഗ്രഹിതവുമായ ഒരു സർവ്വവിജ്ഞാനകോശം മലയാള ഭാഷയിൽ ഉണ്ടാകേണ്ടിയിരിക്കുന്നു. അനുദിനം വികസ്വരമായ ആധുനിക വിജ്ഞാനത്തിൻ്റെ ഭിന്നങ്ങളായ നാനാമണ്ഡലങ്ങളിലേക്കും നമ്മുടെ ദൃഷ്ടി പതിയേണ്ടിയിരിക്കുന്നു. നമ്മുടെ ആളുകൾക്ക്, നിത്യാഭിവൃദ്ധമായ ഈ ലോക പുരോഗതിയിൽ പങ്കുകൊള്ളാൻ ചുററും അനുനിമിഷം സംഭവിക്കുന്ന കാര്യങ്ങൾ കണ്ടും കേട്ടും മനസ്സിലാക്കാൻവേണ്ട കഴിവു് കൈവരുത്തേണ്ടിയിരിക്കുന്നു. ലോക ജീവിതത്തിൻ്റെ സംഭവബഹുലമായ മഹാമേളയിൽ ഭാഗഭാക്കുകളാകാൻ നമുക്കും നമ്മെ തുടർന്നുവരുന്ന ഇളയ തലമുറയ്ക്കും നാം കളമൊരുക്കേണ്ടിയിരിക്കുന്നു. നമ്മോടും നമ്മുടെ സഹോദരങ്ങളോടും നമുക്കുള്ള കടമ നിർവ്വഹിക്കാൻ നാം സന്നദ്ധരാകേണ്ടതാണു്.
ആ സന്നാഹത്തിൻ്റെ തുടക്കമാണു് കേരളസർക്കാരിൻ്റെ ആഭിമുഖ്യത്തിൽ ഇന്ത്യാഗവർമെൻ്റിൻ്റെ സഹകരണത്തോടുകൂടി നമ്മുടെ പഞ്ചവത്സര പദ്ധതികളുടെ ഭാഗമായി സാംസ്‌കാരിക രംഗത്തു നടക്കുന്ന ഈ പ്രസ്ഥാനം.
