ഗദ്യസാഹിത്യചരിത്രം. പതിനെട്ടാമദ്ധ്യായം

ഭാഷാവിജ്‌ഞാനീയം (രണ്ടാംഭാഗം)

ഗ്രന്ഥത്തെ നാലു കാണ്ഡങ്ങളായും ഓരോ കാണ്ഡവും അനേകം അദ്ധ്യായങ്ങളായും വിഭജിച്ചുകൊണ്ടാണ് പ്രതിപാദനം. അലങ്കാര ശാസ്ത്രം, അലങ്കാരവിഷയം, അതിൻ്റെ ഭാഗങ്ങൾ, വൈശിഷ്ട്യങ്ങൾ എന്നുതുടങ്ങിയവയെപ്പറ്റിയെല്ലാം വിസ്തരിച്ച് മലയാള കൃതികളിൽനിന്നു പല ഉദാഹരണങ്ങളും എടുത്തുചേർത്തിരിക്കുന്നു. ശൃംഗാരാദികളായ രസങ്ങൾക്കുപുറമെ നിരാശ, മാത്സര്യം എന്നിങ്ങനെ രണ്ടു രസങ്ങൾകൂടി ഇതിൽ വിവരിക്കുന്നുണ്ടു്. നിരാശ ഭയാനകത്തിൻ്റെ ഒരു ഭാവഭേദമായി പ്രസ്താവിക്കുന്നു. വൈദിക വിദ്യാർത്ഥികൾക്കു വേണ്ടിയാണു് പ്രസ്തുത ഗ്രന്ഥം നിർമ്മിച്ചിട്ടുള്ളതു്. ശ്രോതാക്കളിൽ ഓരോരോ വികാരങ്ങളെ തട്ടിയുണർത്തക്കവണ്ണം പ്രസംഗപാടവം നേടുവാനുള്ള മാർഗ്ഗങ്ങളെപ്പറ്റിയാണു് ഇതിൽ കൂടുതലും പ്രതിപാദിക്കുന്നതെന്നു പറയാം.

മുഖവുര, അവതാരിക എന്നിവ ഉൾപ്പെടെ ഏകദേശം 500-ഓളം പേജുകൾ ഉള്ള ഒരു കൃതിയാണു് അലങ്കാരശാസ്ത്രം. ഫാദർ ജരാർദ്ദ് എന്നൊരു കേരളീയ വൈദികനാണു് ഈ പ്രശസ്ത കൃതിയുടെ നിർമ്മാതാവു്. മുഖവുരയിൽ, കേരളത്തിലെ ആദ്യത്തെ അലങ്കാരശാസ്ത്രമായിട്ടാണു് ഇതിനെ കണക്കാക്കിയിരിക്കുന്നതു്. എന്നാൽ ആ അഭിപ്രായം ശരിയല്ലെന്നു സ്പഷ്ടമാണല്ലൊ, ലീലാതിലകം, അലങ്കാരസംക്ഷേപം എന്നീ ഗ്രന്ഥങ്ങളുടെ കാര്യം നില്ക്കട്ടെ. വരാപ്പുഴയ്ക്ക് ഏററവും അടുത്തുള്ള കൂനമ്മാവിൽനിന്നാണല്ലോ നെടുങ്ങാടിയുടെ കേരളകൗമുദി ആദ്യം പുറപ്പെട്ടതു്. പ്രസ്തുത കൃതി ഇതിൻ്റെ പ്രസാധകന്മാർക്ക് അജ്ഞാതമാകാനിടയില്ല. ഒരുപക്ഷേ, പാശ്ചാത്യ സിദ്ധാന്തങ്ങളെ ആസ്പദമാക്കി നിർമ്മിച്ചിട്ടുള്ള ഒന്നാമത്തെ അലങ്കാരശാസ്ത്രം എന്നായിരിക്കുമോ അവരുടെ വിവക്ഷ? ഇക്കാര്യം എങ്ങനെയിരുന്നാലും വിസ്തൃതമായ ഒരു സാഹിത്യ ശഃസ്ത്ര ഗ്രന്ഥം എഴുതുവാൻ സന്നദ്ധനായ ഫാദർ ജരാർദ് കേരളീയരുടെ കൃതജ്ഞതാദരങ്ങളെ തികച്ചും അർഹിക്കുന്നുണ്ടു്.