ഗദ്യസാഹിത്യചരിത്രം. പതിനെട്ടാമദ്ധ്യായം

ഭാഷാവിജ്‌ഞാനീയം (രണ്ടാംഭാഗം)

കേരള കുവലയാനന്ദം: നെന്മാറ, രായിരംകണ്ടത്തു പി. ഗോവിന്ദമേനോൻ്റെ കൃതിയാണു് കേരള കുവലയാനന്ദം. ജയദേവഭട്ടകൃതമായ ‘ചന്ദ്രാലോക’മെന്ന അലങ്കാരശാസ്ത്രത്തിനു് അപ്പയ്യാദീക്ഷിതർ എഴുതിയിട്ടുള്ള ‘കുവലയാനന്ദം’ എന്ന വ്യാഖ്യാനം (വൃത്തി) പ്രസിദ്ധമാണു്. പ്രസ്തുത കുവലയാനന്ദത്തെ അനുകരിച്ചു ഗോവിന്ദമേനോൻ വിരചിച്ചിട്ടുള്ളതാണു് പ്രസ്തുത കൃതി. 1899-നു് കൊല്ലം 1063-നാണു് ഇതിൻ്റെ രചന. കേരള കുവലയാനന്ദത്തിൽ ഉപമാദികളായ നൂറു് അലങ്കാരങ്ങളാണുള്ളതു്. അലങ്കാരങ്ങളുടെ ലക്ഷണോദാഹരണങ്ങളെ പദ്യരൂപത്തിലാക്കി അവയ്ക്കു ‘ഭാവപ്രകാശിക’ എന്നൊരു വ്യാഖ്യാനവും ചേർത്തിരിക്കുന്നു. അലങ്കാരങ്ങൾക്കു പുറമെ, 26 ഛന്ദസ്സുകളിലും കൂടി സാധാരണമായി പ്രയോഗിച്ചു കാണാറുള്ള 73 വൃത്തങ്ങളും സമാസചക്രവും ഇതിൽ ഉൾ പ്പെടുത്തിയിട്ടുണ്ട്. ഇവയ്ക്കും വ്യാഖ്യാനം നല്കിയിട്ടുണ്ടു്. 1123-ൽ പ്രസിദ്ധപ്പെടുത്തിയ രണ്ടാംപതിപ്പിൽ കേരളീയ കുവലയാനന്ദം എന്ന തലക്കെട്ട്, കേരള കുവലയാനന്ദം എന്നു മാറ്റിയിരിക്കയാണു്. ലീലാതിലകത്തെ മാറ്റിനിറുത്തിയാൽ മലയാള ഭാഷയിലെ ഒന്നാമത്തെ അലങ്കാര ഗ്രന്ഥമാണു് കേരളീയ കുവലയാനന്ദം.

മറ്റ് അലങ്കാരഗ്രന്ഥങ്ങൾ: എണ്ണയ്ക്കാട്ട് രാജരാജവർമ്മത്തമ്പുരാൻ്റെ ‘അലങ്കാരദീപിക’, പി. കെ. ഗോവിന്ദപ്പിള്ളയുടെ ‘അർത്ഥാലങ്കാര സംഗ്രഹം’, കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ്റെ ‘അലങ്കാരമാല’, ഇരുവനാടു കെ. സി. നാരായണൻ നമ്പ്യാരുടെ ‘ഉദയാലങ്കാരം’ എന്നിങ്ങനെയുള്ള കൃതികളും ഈയവസരത്തിൽ പ്രസ്താവാർഹങ്ങളാണു്.