ഗദ്യസാഹിത്യചരിത്രം. പതിനെട്ടാമദ്ധ്യായം

ഭാഷാവിജ്‌ഞാനീയം (രണ്ടാംഭാഗം)

ഭാഷാഭൂഷണം: ഭാഷയിൽ ആവിർഭവിച്ചിട്ടുള്ള അലങ്കാരശാസ്ത്രങ്ങളിൽ ഏറ്റവും പ്രയോജനപ്രദമായ ഒന്നാണു് 1077-ൽ പ്രസിദ്ധീകരിച്ച എ. ആർ.ൻ്റെ ‘ഭാഷാഭൂഷണം’. സംസ്കൃതത്തിലുള്ള അനേകം അലങ്കാരഗ്രന്ഥങ്ങൾ പരിശോധിച്ചുകൊണ്ടാണു് പ്രസ്തുത ഗ്രന്ഥം നിർമ്മിച്ചിട്ടുള്ളതു്. അഥവാ കാവ്യാലങ്കാരശാസ്ത്രപരമായി ചിന്തിച്ചിട്ടുള്ള ഭാരതീയ സാഹിത്യമീമാംസകന്മാരുടെ അഭിപ്രയങ്ങളുടെ രത്നച്ചുരുക്കമാണിത്. ഇതിൻ്റെ പ്രസിദ്ധീകരണത്തോടുകൂടി മാത്രമേ അലങ്കാര ശാസ്ത്രത്തെ ഒരു ശരിയായ ജ്ഞാനം സംസ്കൃതാനഭിജ്ഞന്മാരായ കേരളീയർക്ക് സിദ്ധിച്ചിട്ടുള്ളു. കവിത, കാവ്യരസം, ധ്വനി, കാവ്യശരീരത്തിൽ അലങ്കാരത്തിനുള്ള സ്ഥാനം എന്നിങ്ങനെയുള്ള അലങ്കാരശാസ്ത്രത്തിൻ്റെ മിക്ക ഭാഗങ്ങളെപ്പറ്റിയും സാമാന്യം നിഷ്കൃഷ്ടമായിത്തന്നെ അതിൽ നിരൂപണം ചെയ്തിരിക്കുന്നു. ആദ്യം അർത്ഥാലങ്കാരങ്ങളെ സാമ്യോക്തി, വാസ്തവോക്തി, അതിശയോക്തി, ശ്ലേഷോക്തി എന്നിങ്ങനെ നാലായി വിഭജിച്ചു്, ഓരോ വിഭാഗത്തിലും ചേരേണ്ടവയെ തരംതിരിച്ച് ക്രമപ്പെടുത്തി ഉചിതങ്ങളായ ഉദാഹരണങ്ങളോടു കൂടി വിവരിച്ച് വിശദപ്പെടുത്തിയശേഷം ശബ്ദാലങ്കാരങ്ങളെപ്പറ്റി പ്രസ്താവിച്ചിരിക്കുന്നു. ശബ്ദാലങ്കാരങ്ങളിൽ ദ്വിതീയാക്ഷര പ്രാസത്തെപ്പറ്റി പ്രസ്താവിക്കുന്ന ഭാഗം, അന്നത്തെ പ്രാസവഴക്കിനെക്കൂടി അനുസ്മരിച്ചുള്ള ഒന്നാണു്. അനന്തരം പദം, വാക്യം, അർത്ഥം എന്നീ ഭാഗങ്ങളിൽ വന്നുകൂടാറുള്ള കാവ്യദോഷങ്ങളെ വിവരിച്ചു, പിന്നീടു ഗുണങ്ങളേയും രസസ്വരൂപത്തേയും നിരൂപണം ചെയ്തിരിക്കുന്നു. പ്രസ്തുത ഭാഗങ്ങളിലെല്ലാം ഗ്രന്ഥകാരൻ പ്രദർശിപ്പിച്ചിരിക്കുന്ന ഔചിത്യമാണ് ഈ ഗ്രന്ഥത്തിൻ്റെ മൂല്യവും കാന്തിയും വർദ്ധിപ്പിക്കുവാൻ കാരണമായിട്ടുള്ളത്. മലയാളത്തിൽ ഭാഷാഭൂഷണത്തേക്കാൾ കൂടുതൽ പ്രചാരം സിദ്ധിച്ചിട്ടുള്ള ഒരലങ്കാരഗ്രന്ഥം വേറൊന്നില്ലതന്നെ.