ഗദ്യസാഹിത്യചരിത്രം. പതിനെട്ടാമദ്ധ്യായം

ഭാഷാവിജ്‌ഞാനീയം (രണ്ടാംഭാഗം)

രസസ്വരൂപനിരൂപണം: ഗ്രാമത്തിൽ രാമവർമ്മ കോയിത്തമ്പുരാൻ്റെ കൃതിയാണു് രസസ്വരൂപനിരൂപണം. 1077-ൽ പ്രസിദ്ധപ്പെടുത്തിയ ഭാഷാഭൂഷണത്തിൽ രസപ്രകരണത്തിലെ സഞ്ചാരിഭാവങ്ങൾക്കും മറ്റും പ്രസ്തുത കൃതിയിൽനിന്നു് ഉദാഹരണങ്ങൾ ഉദ്ധരിച്ചുകാണുന്നുണ്ട്. അതിനാൽ ഇതിൻ്റെ രചന 1077-നു മുമ്പായിരിക്കണമന്നുള്ളതു സ്പഷ്ടമാണു്. വിഷയവിവരണങ്ങൾ എല്ലാം ഗദ്യത്തിലും, ഉദാഹരണങ്ങൾ പദ്യത്തിലുമാണു്. മിക്കവയും സ്വയം വിരചിതങ്ങളുമാണു്. ഗ്രന്ഥം ഇതേവരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. കോയിത്തമ്പുരാൻ്റെ അലങ്കാര ശാസ്ത്രജ്ഞാനത്തെ പ്രകാശിപ്പിക്കുന്ന ഒരു ഉത്തമ നിദർശനമാണിതു്.

കവിതാഭരണം: കടത്തനാട്ട് ഉദയവർമ്മതമ്പുരാൻ്റെ ഒരു കൃതിയാണ് കവിതാഭരണം. 1075-നോടടുത്താണു് ഇതിൻ്റെ രചന. നാലദ്ധ്യായങ്ങളായി വിഭജിച്ചു്, കാവ്യരൂപം, കവിതാഭ്യാസസമ്പ്രദായം, കവിവിജ്ഞേയങ്ങളായ കാവ്യസാമഗ്രികൾ, പൂർവ്വകവിസങ്കേതങ്ങൾ എന്നീ വിഷയങ്ങളെപ്പറ്റി യഥാക്രമം ഓരോന്നിലും പ്രതിപാദിച്ചിരിക്കുന്നു.

ഭാഷാഭൂഷണത്തിനുശേഷം: ഭാഷാഭൂഷണത്തിനുശേഷം അലങ്കാരശാസ്ത്രപരമായും കാവ്യശാസ്ത്രപരമായും ഏതാനും ഗ്രന്ഥങ്ങൾ ഉണ്ടായിട്ടുണ്ടു്. അവയിൽ മുഖ്യമായവ, കുഞ്ഞിക്കുട്ടൻതമ്പുരാൻ്റെ ശബ്ദാലങ്കാരം, പന്തളത്തു തമ്പുരാൻ്റെ ശ്രീമൂലപ്രകാശിക, ആററൂർ കൃഷ്ണപ്പിഷാരടിയുടെ ഭാഷാദർപ്പണം, പേരൂക്കട കൊച്ചപ്പൻ്റെ ബാലാലങ്കാരം, മേലങ്ങത്തു് അച്യുതമേനോൻ്റെ വഞ്ചിരാജീയം, വടക്കംകൂറിൻ്റെ സാഹിതീസർവ്വസ്വം, കട്ടിക്കൃഷ്ണമാരാരുടെ സാഹിത്യഭൂഷണം, ശിരോമണി പി. കൃഷ്ണൻനായരുടെ കാവ്യജീവിതവൃത്തിയും കാവ്യാലോകവും, പി. എം. ശങ്കരൻനമ്പ്യാരുടെ സാഹിത്യലോചനം, എം. പി. പോളിൻ്റെ സൗന്ദര്യനിരീക്ഷണം, മുണ്ടശ്ശേരിയുടെ കാവ്യപീഠിക, കെ. എൻ. ​ഗോപാലപിള്ളയുടെ രഹസ്യവാദപ്രസ്ഥാനം, ബി. പത്മനാഭപിള്ളയുടെ കാവ്യകല, എം. അച്യുതൻ്റെ പാശ്ചാത്യസാഹിത്യദർശനം എന്നു തുടങ്ങിയവയാണു്. ഇവയിൽ ചിലതിനെപ്പറ്റി മാത്രമേ ഇവിടെ സ്പർശിക്കുന്നുള്ളു.