ഗദ്യസാഹിത്യചരിത്രം. പതിനെട്ടാമദ്ധ്യായം

ഭാഷാവിജ്‌ഞാനീയം (രണ്ടാംഭാഗം)

സാഹിത്യദർപ്പണം: എ. ആർ.ൻ്റെ ഭാഷാഭൂഷണത്തിനുശേഷം അതുപോലെ വിദ്യാർത്ഥികൾക്കു പഠിക്കുവാൻ പറ്റിയ പാകത്തിൽ ഒരു അലങ്കാരശാസ്ത്രം വിരചിതമായതു് 1935-ലാണു്. ആറ്റൂർ കൃഷ്ണപ്പിഷാരടിയുടെ സാഹിത്യദർപ്പണമാണു് പ്രസ്തുത കൃതി. ഈ അലങ്കാരശാസ്ത്രത്തിനു സാഹിത്യഭാഷണമെന്നു പേരിട്ടതിൻ്റെ യുക്തി സ്പഷ്ടമല്ല. മമ്മടൻ്റെ കാവ്യപ്രകാശവും ജഗന്നാഥപണ്ഡിതൻ്റെ രസഗംഗാധരവുമാണു് സാഹിത്യദർപ്പണത്തിൻ്റെ നിർമ്മാണത്തിൽ ആറ്റൂരിനു പ്രധാന അവലംബമായിട്ടുള്ളതു്. ‘പ്രകാശം’ എന്ന പേരിൽ നാലു ഖണ്ഡങ്ങൾ ഈ ഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്നു. കാവ്യസ്വരൂപനിരൂപണമാണു് ഒന്നാം പ്രകാശത്തിലെ വിഷയം. കാവ്യത്തിൻ്റെ ആത്മാവായ ശൃംഗാരാദിരസങ്ങളുടെ ചർച്ചയാണു് രണ്ടാം പ്രകാശത്തിൽ. ഉത്തമകല്പകാവ്യത്തിൻ്റെ ജീവൻതന്നെയായ വസ്ത്വലങ്കാരവ്യംഗ്യങ്ങളുടെ വിശദീകരണമാണു് മൂന്നാം പ്രകാശത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഉപമാദ്യലങ്കാരങ്ങളുടെ നിരൂപണം നാലാം പ്രകാശത്തിൽ അടങ്ങിയിരിക്കുന്നു. അലങ്കാരങ്ങളുടെ എണ്ണം കുറയ്ക്കുന്ന വിഷയത്തിൽ ആററൂർ ഭാഷാഭൂഷണ കർത്താവിനേക്കാൾ കുറച്ചുകൂടി സൂക്ഷ്മമായി ചിന്തിച്ചിട്ടുണ്ടെന്നു കാണുന്നു. അലങ്കാരവിദ്യാർത്ഥികൾക്ക് ഉപരിചിന്തയ്ക്ക് എല്ലാവിധത്തിലും പ്രയോജനപ്പെടുന്ന ഒരു കൃതിയാണു് ഭാഷാദർപ്പണമെന്നു നിസ്സംശയം പറയാം. * (1964 ജൂൺ 5-ാം തീയതി തൃശൂരുള്ള ‘ശ്രീതിലക മന്ദിരത്തിൽ വച്ചു് 88-ാം വയസ്സിൽ ആറ്റൂർ നിര്യാതനായി. കൊല്ലവർഷം 1051 കന്നി 14-ാം തീയതി ബുധനാഴ്ച ഉത്രം നക്ഷത്രത്തിലാണു് സ്മര്യപുരുഷൻ ജനിച്ചതു്. ആറ്റുർ പിഷാരത്തെ പാപ്പിക്കുട്ടി പിഷാരസ്യാരും വെള്ളാറ്റഞ്ഞൂരു വടക്കേടത്തു നാരായണൻ നമ്പൂതിരിയുമായിരുന്നു മാതാപിതാക്കന്മാർ.)