ഗദ്യസാഹിത്യചരിത്രം. പതിനെട്ടാമദ്ധ്യായം

ഭാഷാവിജ്‌ഞാനീയം (രണ്ടാംഭാഗം)

സാഹിതീസർവസ്വം: ഏറ്റവും ശ്രദ്ധാർഹമായ ഒരു വിശിഷ്ട ഗ്രന്ഥമാണിതു്. ഭാഷയിലും സംസ്കൃതത്തിലും ഉള്ള മിക്ക സാഹിത്യശാസ്ത്രഗ്രന്ഥങ്ങളേയും പരിശോധിച്ചുകൊണ്ടാണു് പ്രസ്തുത കൃതിയുടെ രചന. സാഹിതീസർവസ്വം എന്ന സംജ്ഞകൊണ്ടു് സാഹിത്യസംബന്ധമായി ഒട്ടുമിക്ക വിഷയങ്ങളും ഇതിൽ അടങ്ങിയിരിക്കുമെന്ന് ഊഹിക്കാ വുന്നതാണല്ലോ. ഭാഷ, കാവ്യം, രസം, അലങ്കാരം. വിമർശനം എന്നിവയുടെ സ്വരൂപത്തെ നിരൂപണം ചെയ്തുകൊണ്ടുള്ള അഞ്ചു സുദീർഘ പ്രകരണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഭാഷാസ്വരൂപ നിരൂപണത്തിൽ, കേരളഭാഷയുടെ ഉൽപത്തിയെപ്പറ്റി പ്രസ്താവിക്കുമ്പോൾ അതു സംസ്കൃതത്തിൽനിന്നും ഉണ്ടായതാണെന്നാണു ഗ്രന്ഥകാരൻ സിദ്ധാന്തിക്കുന്നതു്.

“മലയാളികൾ തൻ ഭാഷ മലയാളം പ്രകീർത്തിതം
ഗീർവ്വാണഭാഷയാം ദേവിതന്നിൽനിന്നുത്ഭവിച്ചതായ്
ദ്രാവിഡത്തോടു വൻചാർച്ച പൂണ്ട് വർത്തിപ്പു കൈരളി.”

ഈ സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ് കോവുണ്ണി നെടുങ്ങാടിയാണു്. നെടുങ്ങാടിയുടെ അഭിപ്രായത്തെ കേരളപാണിനീയകർത്താവു്, ആ കൃതിയുടെ പീഠികയിൽ യുക്തിയുക്തം ഖണ്ഡിച്ചു സ്വമതം സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, കേരളപാണിനിയുടെ അഭിപ്രായങ്ങളെ ഖണ്ഡിച്ച്, മലയാളം സംസ്കൃതത്തിൻ്റെ സന്താനമാണെന്നു സ്ഥാപിക്കുവാനാണു് ഭാഷാസ്വരൂപനിരൂപണത്തിൽ ഗ്രന്ഥകാരൻ കൂടുതൽ യത്നം ചെയ്തിട്ടുള്ളതു്. ഗ്രന്ഥകാരൻ്റെ പാണ്ഡിത്യവും പരിശ്രമവും വേണ്ടുവോളം ഈ ഭാഗത്തു വ്യക്തമായിട്ടുണ്ടെങ്കിലും, അദ്ദേഹത്തിൻ്റെ അഭിപ്രായത്തോ‌ടു യോജിക്കുന്ന ഭാഷാഭിമാനികൾ അധികംപേരുണ്ടെന്നു തോന്നുന്നില്ല. സാഹിതീസർവസ്വത്തിലെ പ്രസ്തുത ഭാഷാസ്വരൂപനിരൂപണത്ത ആ ഗ്രന്ഥത്തിൻ്റെ ആവിർഭാവകാലത്തു തന്നെ വിദ്വാൻ സി. ശങ്കുണ്ണി നായർ വിമർശിച്ചു .എ. ആർ.ൻ്റെ മതംതന്നെ പുനഃസ്ഥാപിക്കുവാൻ ശ്രമിച്ചിട്ടുണ്ടെന്നുള്ള വസ്തുതകൂടി ഈ സന്ദർഭത്തിൽ പ്രസ്താവിക്കേണ്ടതുണ്ടു്. ഈ ഭാഗം എങ്ങനെയിരുന്നാലും, അലങ്കാരശാസ്ത്രവിഷയകമായി ഗ്രന്ഥകാരൻ ചെയ്തിട്ടുള്ള പരിശ്രമം ഏററവും അഭിനന്ദനീയമാണെന്നുള്ളതിനു സംശയമില്ല. അലങ്കാരശാസ്ത്രസംബന്ധമായി ഭാഷാഭൂഷണത്തിൽ വന്നിട്ടുള്ള അപൂർണത സാഹിതീസർവസ്വത്തിൻ്റെ ആവിർഭാവത്തോടുകൂടി നിശ്ശേഷം പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നുതന്നെ പറയാം.