ഗദ്യസാഹിത്യചരിത്രം. പതിനെട്ടാമദ്ധ്യായം

ഭാഷാവിജ്‌ഞാനീയം (രണ്ടാംഭാഗം)

സാഹിത്യഭൂഷണം : ഭാഷാഭൂഷണത്തെ ഏതാണ്ടു ഖണ്ഡിക്കുന്നു എന്ന മട്ടിൽ, പ്രസ്തുത കൃതിയെ മുൻനിറുത്തി സാഹിത്യശാസ്ത്രം സംബന്ധിച്ചുള്ള ചില സ്വതന്ത്രാഭിപ്രായങ്ങളുടെ ആവിഷ്കരണമാണു് കുട്ടികൃഷ്ണമാരാരുടെ മേല്പറഞ്ഞ കൃതിയിലുള്ളതു്.

കാവ്യജീവിതവൃത്തി: ശിരോമണി പി. കൃഷ്ണൻനായർ രചിച്ചിട്ടുള്ളതും, മദ്രാസ് സവ്വകലാശാലയിൽനിന്നു പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതുമായ ഒരു അലങ്കാരഗ്രന്ഥമാണു് പ്രസ്തുത കൃതി. പ്രഥമ സഞ്ചികയിൽ സാഹിത്യ സാമാന്യ സ്വരൂപാദികളേയും ശബ്ദാലങ്കാരങ്ങളേയും വിവരിച്ചു നിരൂപണം ചെയ്യുന്നു. ദ്വിതീയസഞ്ചികയിൽ അർത്ഥാലങ്കാരനിരൂപണമാണടങ്ങിയിട്ടുള്ളതു്. സംസ്കൃത സാഹിത്യത്തിലെ പ്രാചീന ആചാര്യന്മാരിൽ പലരുടേയും കാവ്യമീമാംസാഗ്രന്ഥങ്ങളെ ഉപജീവിച്ച് രചിച്ചിട്ടുള്ള ഈ ശാസ്ത്രഗ്രന്ഥം മലയാളഭാഷയ്ക്ക് ഒരു നേട്ടംതന്നെയാണു്.

കാവ്യാലോകം: ആനന്ദവർധനാചാര്യരുടെ ധ്വന്യാലോകം തർജ്ജമചെയ്തു് അതിനു് അഭിനവഗുപ്തൻ്റെ ലോചനം എന്ന വ്യാഖ്യാനത്തെ അനുസരിച്ചു ‘ആസ്വാദനം’ എന്ന ഭാഷാവ്യാഖ്യാനത്തോടുകൂടി പി. കൃഷ്ണൻനായർ മദിരാശി വിശ്വവിദ്യാലയത്തിൽനിന്നും പുറപ്പെടുവിച്ചിട്ടുള്ള മറെറാരു നല്ല കൃതിയാണു് കാവ്യാലോകം.

സാഹിത്യലോചനം: പ്രാചീനന്മാരും നവീനന്മാരുമായ ഒട്ടുവളരെ പണ്ഡിതന്മാരുടെ സാഹിത്യശാസ്ത്രസിദ്ധാന്തങ്ങളെ വിവേചിച്ചു സംഗ്രഹിച്ചിട്ടുള്ള ഒരു വിശിഷ്ട കൃതിയാണു് പി. എം. ശങ്കരൻനമ്പ്യാരുടെ സാഹിത്യലോചനം. കലാലോചനം, സൗന്ദര്യലോചനം, കാവ്യ ലോചനം, അനുകരണലോചനം, പ്രയോജനലോചനം, രസലോചനം (രണ്ടു ഭാഗങ്ങൾ) എന്നിങ്ങനെ പ്രസ്തുത കൃതിയെ ഏഴു ലോചനങ്ങളായി വിഭജിച്ചിരിക്കുന്നു. ഇതിൽ പ്രയോജനലോചനവും രസലോചനവും പാശ്ചാത്യമതങ്ങളെ മുഖ്യമായി അവലംബിച്ചെഴുതിയിട്ടുള്ളവയാണു്.