ഗദ്യസാഹിത്യചരിത്രം. ഇരുപത്തൊന്നാമദ്ധ്യായം

ഭൗതികവിജ്‌ഞാനീയം

മനശ്ശാസ്ത്രം: ഒ. എം. ചെറിയാൻ എഴുതിയിട്ടുള്ള ‘മനസ്സിൻ്റെ മാനദണ്ഡം’, പി. എൻ. മൂസ്സതിൻ്റെ ‘മനശ്ശാസ്ത്രം’, മേക്കൊല്ല പരമേശ്വരൻപിള്ളയുടെ ശിശുഹൃദയം തുടങ്ങിയവ മനശ്ശാസ്ത്രപരമായി മലയാള ഭാഷയ്ക്കു ലഭിച്ചിട്ടുള്ള ഗ്രന്ഥങ്ങളിൽ പ്രധാനമായവയാണു്.

കൃഷിശാസ്ത്രം: കൃഷിശാസ്ത്രപരമായ ചില കൃതികളും ഭാഷയിൽ ഉടലെടുത്തിട്ടുണ്ട്. അവയിൽ ഡോക്ടർ എൻ. കുഞ്ഞൻപിള്ള എം. എ. എഴുതിയിട്ടുള്ള കൃഷിശാസ്ത്രം (3 ഭാഗങ്ങൾ) ഏറ്റവും ശ്രദ്ധേയമാകുന്നു. അൻപതു വർഷങ്ങൾക്കുമുമ്പാണു് പ്രസ്തുത കൃതി പ്രസിദ്ധീകരിച്ചിരുന്നതു് എന്നുകൂടി പറഞ്ഞുകൊള്ളട്ടെ. ഐ. സി. ചാക്കോയുടെ ‘കൃഷിവിഷയങ്ങൾ’, എസ്‌. എ. പിള്ളയുടെ ‘കൃഷിതത്ത്വങ്ങൾ’, ജെ. വി. അക്കരപ്പറ്റിയുടെ ‘കൃഷിശാസ്ത്രം’ (രണ്ടു ഭാഗങ്ങൾ), കെ. എസ്. നീലകണ്ഠത്തിൻ്റെ ‘കർഷകസഹായി’ തുടങ്ങിയ കൃതികളും ഇവിടെ പരിഗണനാർഹങ്ങളാകുന്നു.

ജന്തുശാസ്ത്രം: കെ. കെ. ഇന്ദുചൂഡൻ്റെ ‘കേരളത്തിലെ പക്ഷികൾ’ പക്ഷികളെ സംബന്ധിച്ച പല സൂക്ഷ്മവസ്തുതകളും വിവരിക്കുന്ന ഒരു ശാസ്ത്രഗ്രന്ഥമാണു്. മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയ കാലം മുതൽക്കുതന്നെ പ്രസ്തുത കൃതി വായനക്കാരുടെ ശ്രദ്ധയെ ആകർഷിച്ചു കഴിഞ്ഞിട്ടുള്ള ഒന്നാണു്. എം. എസ്. പിള്ളയുടെ മൃഗശാലയിൽ, ഡോമനിക്കു ചെറിയാൻ കോഴിവളർത്തൽ, തേനീച്ചവളർത്തൽ, കെ. സുകുമാരൻ്റെ പ്രാണിവംശചരിത്രം, ഡോ. സൈമൻ്റെ മൃഗസംരക്ഷണവും കോഴിവളർത്തലും എന്നിത്യാദി കൃതികളും ഈയവസരത്തിൽ പ്രസ്താവയോഗ്യങ്ങൾതന്നെ.

രാഷ്ട്ര വിജ്ഞാനീയം: ശാസ്ത്രവിജ്ഞാനം പോലെതന്നെ പ്രാധാന്യമർഹിക്കുന്ന ഒന്നത്രെ രാഷ്ട്രവിജ്ഞാനവും. നാം ഒരു സ്വതന്ത്രരാഷ്ട്രത്തിലെ പൗരന്മാരായിത്തീർന്നിരിക്കയാണല്ലൊ. ഇന്നാട്ടിലെ ഓരോ പൗരനും ഇന്നു രാഷ്ട്രീയമായ ചില അവകാശങ്ങളും ചുമതലകളുമുണ്ട്. അവയെപ്പറ്റി ശരിയായ വിധത്തിൽ അറിഞ്ഞിരുന്നാൽമാത്രമേ കൃത്യ നിർവ്വഹണത്തിനു ശക്തിയും പ്രേരണയും ഉണ്ടാവുകയുള്ളു. അതിനു പ്രയോജനപ്പെടുന്ന ചില കൃതികളും നമുക്കു ലഭിച്ചുകഴിഞ്ഞിട്ടുണ്ട്.