ഗദ്യസാഹിത്യചരിത്രം. ഇരുപത്തൊന്നാമദ്ധ്യായം

ഭൗതികവിജ്‌ഞാനീയം

പൗരനും ഭരണഘടനയും: പ്രഫ‌സർ എം. രത്നസ്വാമി ഇംഗ്ലീഷിൽ എഴുതിയിട്ടുള്ളതാണു് പ്രസ്തുതകൃതിയുടെ മൂലം. എം. കെ. മാധവൻനായർ വിവർത്തനം ചെയ്തിട്ടുള്ള പ്രസ്തുത കൃതിയിൽ, നമ്മുടെ രാജ്യഭരണം എങ്ങനെ നിർവ്വഹിക്കപ്പെടുന്നു? ഭരണഘടനയുടെ സവിശേഷതകൾ എന്തെല്ലാം? എന്നു തുടങ്ങി ഒരു പൗരൻ അറിഞ്ഞിരിക്കേണ്ടവയെല്ലാം വളരെ ലളിതവും സംക്ഷിപ്തവുമായി വിവരിച്ചിരിക്കുന്നു.

ഭരണഘടനകൾ: എം. പ്രഭയാണ് ഇതിൻ്റെ പ്രണേതാവു്. ബ്രിട്ടൻ, അമേരിക്ക, റഷ്യ, ഇന്ത്യ, ഐക്യരാഷ്ട്ര സംഘടന എന്നുതുടങ്ങി പത്തുപതിമൂന്നു രാഷ്ട്രങ്ങളുടെ ഭരണഘടനകൾ ഇതിൽ ഉള്ളടക്കിയിരിക്കുന്നു. താരതമ്യപഠനത്തിനു് ഏറ്റവും പ്രയോജനപ്പെടുന്ന ഒരു കൃതിയത്രെ പ്രഭയുടെ ‘ഭരണഘടനകൾ’.

നമ്മുടെ ഭരണഘടന: കോന്നിയൂർ നരേന്ദ്രനാഥിൻ്റെ കൃതിയാണിതു്. ഭരണഘടനയിലെ വിവിധവശങ്ങളെ സാധാരണക്കാർക്ക് എളുപ്പത്തിൽ ഗ്രഹിക്കാവുന്നവിധത്തിൽ വ്യാഖ്യാനിച്ചും മറ്റു ഭരണഘടനകളിലെ തത്ത്വങ്ങളുമായി താരതമ്യപ്പെടുത്തിയും നിർമ്മിച്ചിട്ടുള്ള ഈ കൃതി മലയാളത്തിൽ വന്നിട്ടുള്ള ഇതരകൃതികളെക്കാൾ മെച്ചമേറിയതായി തോന്നുന്നു. സർദാർ പണിക്കരുടെ അവതാരിക പ്രസ്തുത കൃതിക്ക് ഒരു ഭൂഷണമായിത്തീർന്നിട്ടുണ്ട്.