ഗദ്യസാഹിത്യചരിത്രം. ഇരുപത്തൊന്നാമദ്ധ്യായം

ഭൗതികവിജ്‌ഞാനീയം

ഇന്ത്യൻ പീനൽ കോഡ്: ഇന്ത്യയിലും കേരളത്തിലും ബ്രിട്ടീഷ് ഭരണത്തിനു മുമ്പുവരെയുള്ള നീതിന്യായനിർവ്വഹണം, മനുസ്മൃതി, കൗടില്യൻ്റെ നീതിശാസ്ത്രം മുതലായവയെ മുൻനിറുത്തിയായിരുന്നല്ലൊ. അതു മിക്കവാറും ചാതുർവർണ്യത്തെ ആസ്പദമാക്കിയുള്ളതുമായിരുന്നു. ഇന്ത്യയിൽ ഒട്ടാകെയുള്ള ജനസമുദായങ്ങൾക്ക് ഏകീകൃതമായ ഒരു നിയമവും അന്നുവരെ ഉണ്ടായിരുന്നില്ല. ആ ന്യൂനതയെ പരിഹരിക്കുവാൻ മെക്കാളിപ്രഭുവിൻ്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി ഏർപ്പെടുത്തുകയും അങ്ങനെ 1980-ലെ 45-ാം നമ്പറായി ഇന്ത്യൻ പീനൽ കോഡും സിവിൽ കോഡും ഇവിടെ ഉടലെടുക്കുകയും ചെയ്തു. പ്രസ്തുത കൃതികൾ രണ്ടും അചിരേണ ഇംഗ്ലീഷിൽനിന്നു മലയാളത്തിലേക്കു വിവർത്തനം ചെയ്യപ്പെടുകയുണ്ടായി. ‘അയ്മനം ശിരസ്തദാർ’ എന്ന പ്രസിദ്ധനായ കോട്ടയത്തു അയ്മനം സ്വദേശിയായ പി. ജോൺ ആയിരുന്നു മേല്പറഞ്ഞ കൃതികളുടെ പരിഭാഷകൻ. ജോണിൻ്റെ വിവർത്തന ഗ്രന്ഥങ്ങളെപ്പറ്റി കെ. സി. മാമ്മൻ മാപ്പിള തൻ്റെ ‘ജീവിതസ്മരണകളി’ൽ കുറിച്ചിട്ടുള്ള ഒരു ഭാഗം ശ്രദ്ധേയമാണു്: “ഈ ഗ്രന്ഥങ്ങൾ വായിച്ചു പഠിച്ച് അന്നു കൊച്ചിയിലും മലബാറിലും തിരുവിതാംകൂറിലും നിന്നു് അനേകമാളുകൾ വക്കീൽപ്പരീക്ഷ പാസ്സായിട്ടുണ്ട്. കേരളക്കരയിൽ നിയമജ്ഞാനത്തിനു അടിസ്ഥാനമിട്ടതു് ഈ ഗ്രന്ഥങ്ങളാണെന്നു പറയാം. മുൻസിഫ് കോടതി, ജില്ലാക്കോടതി, ഹൈക്കോടതി ഈ മൂന്നു കോടതികളിലെ വക്കീൽ പരീക്ഷയ്ക്കും ഇവതന്നെയായിരുന്നു പാഠ്യപുസ്തകങ്ങൾ.”* (മനോരമ ആഴ്ചപ്പതിപ്പ്, 1948 ഒക്ടോബർ 24). ഇന്ത്യൻ പീനൽ കോഡും മീനച്ചൽ ഡിസ്ട്രിക്ട്‌ രജിസ്ട്രാറായിരുന്ന കൊല്ലം പ്രാക്കുളത്തു താണിക്കൽ സി. പത്മനാഭപിള്ള ‘പാന’രീതിയിൽ എഴുതി 1892-ൽ തിരുവനന്തപുരം കേരളവിലാസം പ്രസ്സിൽനിന്നു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നുകൂടി ഈയവസരത്തിൽ പറഞ്ഞുകൊള്ളട്ടെ.