ഗദ്യസാഹിത്യചരിത്രം. ഇരുപത്തൊന്നാമദ്ധ്യായം

ഭൗതികവിജ്‌ഞാനീയം

കെ. ദാമോദരൻ്റെ കൃതികൾ: ആധുനിക കാലത്തു ധനശാസ്ത്ര വിഷയകമായി ചില വസ്തുതകൾ മലയാളത്തിൽ ആദ്യം പ്രകാശിപ്പിച്ചതു് ‘വിദ്യാവിനോദിനി’ പത്രാധിപരായിരുന്ന സി. അച്യുതമേനോനാണെന്നു തോന്നുന്നു. അക്കാലത്തെ വിദ്യാവിനോദിനിയിൽ തൽസംബന്ധമായി പല ലേഖനങ്ങളും അദ്ദേഹം എഴുതിയിരുന്നു. എന്നാൽ പിൽക്കാലത്തു പ്രസ്തുത വിഷയകമായി ഏറ്റവും അധികം എഴുതിയിട്ടുള്ളതു കെ. ദാമോദര(മലബാർ)നാണെന്നു പറയുന്നതിൽ അധികം അബദ്ധമുണ്ടെന്നു തോന്നുന്നില്ല. ധനശാസ്ത്ര തത്ത്വങ്ങൾ, ധനശാസ്ത്ര പ്രവേശിക, നാണയ പ്രശ്നം, ഉറുപ്പിക എന്നു തുടങ്ങി ഒട്ടനേകം കൃതികൾ അദ്ദേഹം കൈരളിക്കു സംഭാവന ചെയ്തിട്ടുണ്ടു്. ധനശാസ്ത്ര തത്ത്വങ്ങളിൽ – പണം, ബാങ്കും പണമിടപാടും, പണത്തിൻ്റെ വിലയും വിദേശ വിനിമയവും എന്നിങ്ങനെയുള്ള വിഷയങ്ങൾ വളരെ വിശദമായി ചർച്ചചെയ്തിരിക്കുന്നു. എന്നാൽ മാർക്സിൻ്റെ പ്രയത്നസിദ്ധാന്തങ്ങളെ കണ്ണുമടച്ചു് ഇതിൽ കൈക്കൊണ്ടിട്ടുള്ളതു സത്യാന്വേഷണതല്പരതയ്ക്ക് അല്പം ഹാനികരമായിട്ടുണ്ടെന്നു സമ്മതിച്ചേ മതിയാവൂ. ‘ധനശാസ്ത്രപ്രവേശിക’ യിൽ – ചരക്കു, പ്രയത്നം, കൈമാറ്റം, വില, മിച്ചവില, പണം, മൂലധനം മുതലായി ധനശാസ്ത്രപരമായി അറിഞ്ഞിരിക്കേണ്ട മിക്കപ്രമേയങ്ങളെക്കുറിച്ചും നാതി സംക്ഷേപമായി പ്രതിപാദിച്ചിരിക്കുന്നു.

കെ. ഈ. ജോബ്: ഒട്ടധികം ലേഖനങ്ങളും കൃതികളും എഴുതിയിട്ടുള്ള ഒരു വ്യക്തിയാണു് പരേതനായ കെ. ഈ. ജോബ്’ എം.എ., എൽ. ടി. അദ്ദേഹത്തിൻ്റെ ധനതത്ത്വപ്രവേശിക (മൂന്നുഭാഗങ്ങൾ) പ്രശംസാർഹമായ ഒരു സാമ്പത്തികശാസ്ത്രഗ്രന്ഥമാണു്. ധനതത്ത്വശാസ്ത്രത്തെ ഭൂമിശാസ്ത്രപരമെന്നും, മാനവശാസ്ത്രപരമെന്നും രണ്ടു ഘടകങ്ങളായി വേർതിരിച്ച് ഓരോന്നിനെ സംബന്ധിച്ചും പ്രാരംഭമായി അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളാണു് പ്രസ്തുത കൃതിയിൽ പ്രതിപാദിക്കുന്നതു്. ഒന്നാം ഭാഗത്തിൽ, ധനതത്ത്വശാസ്ത്രത്തിൻ്റെ ഭൂമിശാസ്ത്ര ഘടകങ്ങളെപ്പറ്റിയും – കാർഷിക പ്രശ്നങ്ങളെപ്പറ്റിയും വിവരിക്കുന്നു. ഇതരഭാഗങ്ങളിൽ മാനവശാസ്ത്രപരമായ കാര്യങ്ങളെപ്പറ്റിയും. മദിരാശി ഗവൺമെൻ്റെിൻ്റെ പാരിതോഷികത്തിനു് അർഹമായിത്തീർന്നിട്ടുള്ളതാണു് പ്രസ്തുത കൃതി എന്നുകൂടി പറഞ്ഞുകൊള്ളട്ടെ.