ഭൗതികവിജ്‌ഞാനീയം
സഹകരണ പ്രസ്ഥാനം: സഹകരണ പ്രസ്ഥാനത്തിൻ്റെ തത്ത്വങ്ങളേയും, അതിൻ്റെ ഉത്ഭവം, വളർച്ച, വ്യാപ്തി, ഭാവി എന്നിങ്ങനെയുള്ള കാര്യങ്ങളേയും കുറിച്ച് പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണു് സി. നാരായണൻ്റെ ‘പരസ്പരസഹായപ്രസ്ഥാനം.’ സഹകരണ പ്രസ്ഥാന വിഷയകമായി അനേകം കൃതികൾ ചമച്ചിട്ടുള്ള ഒരെഴുത്തുകാരനാണു് തുറവൂർ ആർ. മാധവപ്പൈ. സഹകരണദീപിക, വായ്പസഹായി, സഹകരണപ്രവേശിക തുടങ്ങിയവ അദ്ദേഹത്തിൻ്റെ കൃതികളത്രെ. കെ. മാധവക്കുറുപ്പിൻ്റെ സഹകരണമാഹാത്മ്യം, ടി. കെ. കുഞ്ഞയ്യപ്പൻ്റെ സഹകരണം – സിദ്ധാന്തവും പ്രയോഗവും, വേലപ്പൻ ആലപ്പാട്ടിൻ്റെ സഹകരണം എന്നിങ്ങനെയുള്ള ഏതാനും കൃതികൾ കൂടി ഇവിടെ പരിഗണനാർഹങ്ങളാണു്.
ആരോഗ്യ ശാസ്ത്രം: ഈ വിഷയത്തിൽ കൂടുതൽ പരിശ്രമിച്ചിട്ടുള്ള ഒരു വ്യക്തിയാണു് മിസ്സിസ് ഹെലൻതോമസ്. ശിശുജനനം, സൂതി ശാസ്ത്രം, ആരോഗ്യദീപ്തി, ശിശുപരിചരണം, രോഗാണുഗവേഷകന്മാർ എന്നിങ്ങനെ ഒട്ടുവളരെ കൃതികൾ ആ മഹതി മലയാളഭാഷയിൽ അവതരിപ്പിച്ചിട്ടുണ്ട്.
സൂതിശാസ്ത്രം: പ്രകൃതിയുടെ സ്വാഭാവികമായ പ്രവർത്തനങ്ങളിൽ ഒന്നാണു് ജനിക്കുക എന്നതു്. ആ ജനനകർമ്മത്തെ പ്രയാസമുള്ള ഒന്നാക്കിത്തീർക്കുന്നതു മനുഷ്യൻ്റെ അജ്ഞതയാണു്. തന്മൂലം ഈ വിഷയത്തിൽ സംഭവിക്കുന്ന ക്ലേശങ്ങളും നാശങ്ങളും എത്രമാത്രമെന്നു പറയാവതല്ല. അതിനു ഒരു പരിഹാരമാർഗ്ഗം കുറിക്കുക എന്നതാണ് മിസ്സിസ് തോമസ് സൂതിശാസ്ത്രംകൊണ്ടു സാധിച്ചിട്ടുള്ളതു്. 24 അദ്ധ്യായങ്ങളിൽ അനവധി ചിത്രങ്ങളോടുകൂടി, മാതാവായിട്ടുള്ളവരും മാതാവാകാൻ ആഗ്രഹിക്കുന്നവരും അറിഞ്ഞിരിക്കേണ്ട അനേകം വസ്തുതകൾ പ്രസ്തുത കൃതിയിൽ ഗ്രന്ഥകർത്രി ഭംഗിയായി വിശദീകരിച്ചിരിക്കുന്നു. ശിശുജനനം, ഗർഭധാരണം തുടങ്ങി പ്രസവംവരെ അനുഭവപ്പെടുന്ന സ്ഥിതിവിശേഷങ്ങളും, പ്രസവാനന്തരം ഉണ്ടാകാനിടയുള്ള ഉപദ്രവങ്ങളും, അവ ഓരോന്നിനുമുള്ള പ്രതിവിധികളുമെല്ലാം വിവരിച്ചിരിക്കുന്നു. സൂതിശാസ്ത്രവിഷയത്തിൽ സാധാരണക്കാരിലുള്ള അജ്ഞതയെ ദുരീകരിക്കുവാൻ ഇതിലെ വിവരണങ്ങൾ വളരെ പ്രയോജനപ്പെടുന്നവയാണു്. കൊടുത്തിട്ടുള്ള ചിത്രങ്ങൾ വിവരണത്തിനു കൂടുതൽ മിഴിവേകുന്നവയുമാണ്.
അമ്മയും കുഞ്ഞും: ശിശുപരിപാലന വിഷയത്തിൽ അമ്മമാർ അവശ്യം അറിഞ്ഞിരിക്കേണ്ട മിക്ക കാര്യങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്ന ഒരു നല്ല പുസ്തകമാണു് ഡോക്ടർ മിസ്സിസ് മേരി ചെറിയാൻ്റെ ‘അമ്മയും കുഞ്ഞും’. ഡോക്ടർ കെ. വി. മാത്യുവിൻ്റെ സൂതികാശാസ്ത്രം, ഡോക്ടർ മിസ്സിസ് ഡിസൂസായുടെ സൂതികാശാസ്ത്രം തുടങ്ങിയ കൃതികളും ഇവിടെ സ്മരണാർഹങ്ങളാണു്.
