ഭൗതികവിജ്‌ഞാനീയം
ശാസ്ത്രഗ്രന്ഥങ്ങൾ: ആധുനിക ശാസ്ത്ര തത്ത്വങ്ങളെ സംബന്ധിച്ചു് അവഗാഢവും ഗവേഷണപരവുമായ പഠനത്തിനു് മതിയായ ഗ്രന്ഥങ്ങളൊന്നും മലയാളഭാഷയിൽ ഇതുവരെ ഉണ്ടായിട്ടില്ല. വിദ്യാലയങ്ങളിൽ ശാസ്ത്രീയവിഷയങ്ങൾക്കു പ്രാധാന്യം വേണ്ടതാണെന്നുള്ള അഭിപ്രായത്തിൻ്റെ വെളിച്ചത്തിൽ ഉടലെടുത്തവയാണ് പ്രാരംഭ കൃതികൾ എന്നു പറയുന്നതിൽ തെറ്റില്ല. പിന്നീടുണ്ടായവ കുറച്ചുകൂടി പുരോഗമിച്ചുവെങ്കിലും ആധുനിക ശാസ്ത്രവിഷയങ്ങളെപ്പറ്റി സാമാന്യ ജ്ഞാനം നൽകുന്നതിനേ അവയും പ്രയോജനപ്പെടുന്നുള്ളു. പ്രസ്തുത കൃതികളിൽ ഭാഷയിൽ ആദ്യമുണ്ടായതേതെന്നു ഖണ്ഡിതമായി പറയുവാൻ പ്രയാസമുണ്ടു്. ഡോക്ടർ കെ. കൃഷ്ണൻപണ്ടാലയുടെ ‘രസതന്ത്രപ്രവേശിക’ എന്ന കൃതിയാണ് ഇവയിൽ ആദ്യത്തേതെന്നു സങ്കല്പിച്ചുപോരുന്നു. അതിനെത്തുടർന്നുണ്ടായ ‘നവീനശാസ്ത്രപീഠിക’ തുടങ്ങിയ ചില കൃതികൾ വളരെക്കാലം തിരുവിതാംകൂറിലെ വിദ്യാലയങ്ങളിൽ പ്രചരിച്ചിരുന്നവയാണു്.
നവീനശാസ്ത്രപീഠിക: എം. രാജരാജവർമ്മയാണു് പ്രസ്തുത കൃതിയുടെ കർത്താവു്. ഗ്രന്ഥം നാലദ്ധ്യായങ്ങളായി വിഭജിച്ചിരിക്കുന്നു. ഒന്നാമദ്ധ്യായത്തിൽ, ആധുനികശാസ്ത്രഗ്രന്ഥങ്ങളെ പ്രകൃതിവിജ്ഞാനീയം, ജീവശാസ്ത്രം, മനശ്ശാസ്ത്രം എന്നിങ്ങനെ മൂന്നായി വിഭജിക്കുകയും അവ തമ്മിലുള്ള ബന്ധം വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. പ്രകൃതിവിജ്ഞാനീയമെന്ന രണ്ടാമദ്ധ്യായത്തിൽ, ക്രിസ്തുവിനു രണ്ടുമൂന്നു നൂറ്റാണ്ടുകൾക്കു മുമ്പു ജീവിച്ചിരുന്ന യൂക്ലിഡ്, ആർക്കിമിഡീസ് എന്നിവരുടെ ക്ഷേത്രഗണിതസംബന്ധമായും, ശില്പശാസ്ത്രസംബന്ധമായും മറ്റുമുള്ള കണ്ടുപിടുത്തങ്ങൾ തുടങ്ങി 19-ാം നൂററാണ്ടിൻ്റെ അവസാനത്തെ കണ്ടുപിടുത്തമായ യുറേനിയം, റേഡിയം എന്നിതുവരെയുള്ള പ്രകൃതിശാസ്ത്രസംബന്ധമായ പല കാര്യങ്ങളും പ്രതിപാദിച്ചിരിക്കുന്നു. മൂന്നാമദ്ധ്യായത്തിൽ ജീവശാസ്ത്രത്തെപ്പറ്റിയും, നാലിൽ മനശ്ശാസ്ത്രത്തെപ്പറ്റിയുമാണു് പ്രതിപാദിച്ചിട്ടുള്ളത്. ഒരു ‘സങ്കേതശബ്ദനിഘണ്ടു’വും അവസാനത്തിൽ ചേർത്തിട്ടുണ്ട്. വിഹായവിഹാരം, സസ്യശാസ്ത്രം, ജീവശാസ്ത്രം തുടങ്ങിയവയാണു് തമ്പുരാൻ്റെ മറ്റു കൃതികൾ.
