പദ്യസാഹിത്യചരിത്രം. നാലാമദ്ധ്യായം

മണിപ്രവാളകാവ്യങ്ങൾ (തുടർച്ച)

പ്രാചീന ചമ്പുക്കൾ: ഗദ്യപദ്യമയമായ കാവ്യത്തിനാണു ചമ്പു എന്നുപറയുന്നതു്. ഗദ്യം എന്നു പറയുന്നതു നാം സാധാരണ ഉപയോഗിക്കുന്ന ഗദ്യമല്ല. അയവും പടർപ്പുമുള്ള ദ്രാവിഡവൃത്തങ്ങളിൽ ഗ്രഥിതങ്ങളാണ് ചമ്പുക്കളിലെ ഗദ്യങ്ങൾ. വർണ്ണനകളിൽ അധികഭാഗവും അത്തരം ഗദ്യങ്ങളിലാണു് ചെയ്തുകാണാറുള്ളതു്. സംസ്കൃതചമ്പുക്കളെ അനുകരിച്ചായിരിക്കണം ഭാഷയിലും ചമ്പുക്കൾ ഉത്ഭവിച്ചിട്ടുള്ളതെന്നു തോന്നുന്നു. ഉണ്ണിയച്ചീചരിതം, ഉണ്ണിച്ചിരുതേവീചരിതം, ഉണ്ണിയാടിചരിതം ഇവയണ് ഭാഷയിലെ പ്രാചീന ചമ്പു കാവ്യങ്ങൾ. ഇവ മൂന്നും അടുത്ത കാലത്തായി തിരുവനന്തപുരത്തെ ഗവേഷണവകുപ്പിൽനിന്നു് ഡോ ക്ടർ പി. കെ. നാരായണപിള്ള പ്രസാധനം ചെയ്തിട്ടുണ്ടെന്നുള്ള വസ്തുതയും ഈയവസരത്തിൽ പ്രസ്താവിച്ചുകൊള്ളട്ടെ

ഉണ്ണിയച്ചീചരിതം: ഭാഷയിലെ പ്രാചീനചമ്പുക്കളിൽ ആദ്യത്തേതാണു ഉണ്ണിയച്ചീചരിതം. 1346 നു മുമ്പായിരിക്കണം ഇതിൻ്റെ രചനയെന്നു മഹാകവി ഉളളൂർ പ്രസ്താവിച്ചുകാണുന്നു. കവി ആരെന്നു നിശ്ചയമില്ല. ”തേവൻ ചിരീകുമാഞ്ചൊന്ന ചമ്പു മുറ്റവുമാദരാൽ” എന്നു കാവ്യത്തിൻ്റെ അവസാനത്തിൽ ഒരു ഭാഗത്തു കാണുന്നതിൽനിന്നു ഒരു ദേവൻകുമാൻ ആണു ഇതിൻ്റെ കർത്താവെന്നു മാത്രം ഊഹിക്കാം.

കഥാവസ്തു: കവിതയുടെ ആദ്യഭാഗം കിട്ടിക്കഴിഞ്ഞിട്ടില്ല. ഉപലബ്ധമായ ഭാഗത്തിൽ തിരുച്ചരളി എന്ന ദേശത്തെയാണ് ആദ്യമായി വർണ്ണിക്കുന്നത്. ഇതിവൃത്തം ഇങ്ങനെ സംഗ്രഹിക്കാം. വടക്കൻകോട്ടയത്തു നങ്ങൈപ്പിള്ളയുടെ പുത്രിയായി അച്ചിയാർ എന്നൊരു സ്ത്രീരത്നം ജനിച്ചു. അച്ചിയാരുടെ രണ്ടു പെൺമക്കളിൽ ഇളയവളാണു് കഥാനായികയായ ഉണ്ണിയച്ചി. തിരുനെല്ലിക്കു സമീപമുള്ള തിരുമരുതൂർക്ഷേത്രത്തിലെ നർത്തകിയായിരുന്നു അവൾ. ഒരിക്കൽ ആ മോഹനാംഗിയാൽ ആകൃഷ്ടനായി ഒരു ഗന്ധർവ്വയുവാവ് ഭൂമിയിലെത്തി അവളെപ്പറ്റി അന്വേഷിക്കുവാനിടയായി. ഒരു ചാത്തിരൻ അഥവാ ചട്ടൻ (ബ്രാഹ്മണവിദ്യാർത്ഥി) ഉണ്ണിയച്ചിയെയും അവളുടെ ഗൃഹത്തെയും സൗന്ദര്യത്തെയുംപറ്റി ആ ഘട്ടത്തിൽ ഗന്ധർവനെ വർണ്ണിച്ചുകേൾപ്പിക്കുന്നു. രാത്രി മുഴുവൻ ചിന്താപാരവശ്യത്തോട കഴിഞ്ഞുകൂടിയശേഷം പ്രഭാതത്തിൽ ചാത്തിരനേയും കൂട്ടിക്കൊണ്ട് ഗന്ധർവ്വൻ ഉണ്ണിയച്ചിയുടെ കോയിലിലേക്കു പുറപ്പെടുന്നു. ഈ ഘട്ടത്തിൽ നായികയെ ഒന്നുകൂടി വർണ്ണിക്കുന്നു. ഒടുവിൽ പഴഞ്ചേരി ഭദ്രകാളിയെ സ്തുതിച്ചുകൊണ്ടു കാവ്യവും അവസാനിപ്പിക്കുന്നു. ഈ സ്മൃതി ചമ്പുവിൽ അന്തർഭൂതമാണോ എന്നു് ഉളളൂർ ശങ്കിക്കാതിരിക്കുന്നില്ല.