മണിപ്രവാളകാവ്യങ്ങൾ (തുടർച്ച)
ഇനി, പുനത്തിൻ്റെ വർണ്ണനകളിൽ ചിലതു സ്ഥാലീപുലാകന്യായേന ഉദ്ധരിച്ചുകൊണ്ടു് ഈ ഭാഗം അവസാനിപ്പിക്കാം.
രാവണപത്നിയാൽ സീതയ്ക്കുണ്ടാകാവുന്ന മേന്മയെപ്പറ്റി ഉദ്യാനപ്രവേശത്തിൽ രാവണൻ പറയുന്നിടത്തു പ്രതിഫലിപ്പിച്ചിട്ടുള്ള മനോധർമ്മവിലാസം നോക്കുക:
ഞാനും നീയുമണഞ്ഞഴിഞ്ഞൊരു മുഹൂ-
ർത്തം പോലിരുന്നീടുകിൽ
കാണേണം തവ ഭാഗ്യമെന്തു പറയാ-
വല്ലേതുമോർക്കും വിധൗ
താനേ വന്നു സഹസ്രലോചനനഹോ
വായും പുതച്ചാസ്ഥയാ
നൂനം വീണു നമസ്കരിക്കുമതുപോ-
രായോ വധൂനാം പദം?
സ്വയംവരസമയത്തു് വരണമാല്യവുമായി രംഗപ്രവേശം ചെയ്യുന്ന സീതയുടെ ഒരു ചിത്രമാണ് താഴെ കുറിക്കുന്നത്:
‘മന്ദീഭൂതേ ജനൗഘേ, പരിമളബഹുളാം
കയ്യിലാദായ മാലാം
മന്ദാരാഭോഗമന്ദസ്മിതമധുരമുഖീ
മംഗലസ്ത്രീസമേതാ,
മന്ദം മന്ദം നയന്തി ഘനജഘനഭരം
പ്രാഭൃതപ്രായമഗ്രേ
മന്ദാക്ഷാലംകൃതാക്ഷീ മനസിജകലികാ
മൈഥിലീ സാ നടന്നാൾ.