മണിപ്രവാളകാവ്യങ്ങൾ (തുടർച്ച)
മുളീടും ഭൃംഗപാളീ വിവലനമധുരാം
മാലികാം കൈത്തലേ ചേ —
ർത്താളീദത്താവലംബം നിജതനുമഹസാ
രംഗമുദ്യോതയന്തി
വ്രീളാവേശേന രാമാനനമിടയിടയിൽ
കട്ടുനോക്കി പ്രമോദ-
വ്യാലോലാ മെല്ലെമെല്ലെന്നരികിലുപഗതാ
കോമളാഭ്യാം പദാഭ്യാം.
ഇതിലെ ”നിജതനുമഹസാ രംഗമുദ്യോതയന്തീ” എന്ന ഭാവപുഷ്ടമായ കല്പനയും, ”വ്രീളാവേശേന രാമാനനമിടയിടയിൽ കട്ടുനോക്കി” എന്ന തന്മയീഭാവപൂർണ്ണമായ മനോധർമ്മവും, രസികരസായനങ്ങളെന്നേ പറയാവൂ. അംഗുലീയാങ്കത്തിലെ ഒരു സന്ധ്യാവർണ്ണനകൂടി ഉദ്ധരിച്ചുകൊള്ളട്ടെ:
അന്നേരം മന്ദമന്ദം വിമലകുളിർനിലാ-
വായ മാലേയപങ്ക-
സ്യന്ദംകൊണ്ടൊക്കെ മേളിച്ചൊരു തെളിമ ദിശാ-
യോഷിതാമാദധാനം
മിന്നും പ്രാചീവധൂടിക്കഴകിലുടനണി-
ഞ്ഞോരു പൊൽത്താലി പോലേ
നന്നായ് മേളം കലർന്നൈന്ദവമുദയഗിരൗ
മണ്ഡലം പ്രാദുരാസീൽ.