മണിപ്രവാളകാവ്യങ്ങൾ (തുടർച്ച)
നൈഷധചമ്പു: ചമ്പുകാവ്യങ്ങളിൽ പുനത്തിൻ്റെ രാമായണം കഴിഞ്ഞാൽ മഴമങ്ഗലത്തിൻ്റെ നൈഷധമാണ് പ്രഥമസ്ഥാനത്തിനു് അർഹമായിട്ടള്ളതു്. ഭാഗവതകഥയെ ആസ്പദമാക്കിയുള്ള പ്രസ്തുത കൃതി, പൂർവ്വഭാഗമെന്നും ഉത്തര ഭാഗമെന്നും രണ്ടു ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. കവിയുടെ മനോധർമ്മവും കല്പനാശക്തിയും വേണ്ടത്ര കളിയാടുന്നതു് പൂർവ്വഭാഗത്തിലാണെന്നുള്ളതു സർവ്വസമ്മതമാണു്. സ്വതന്ത്രങ്ങളും സ്വായത്തങ്ങളുമായ ആശയങ്ങൾ മാത്രം കലർത്തിയുള്ള കാവ്യരചനയ്ക്കാണു നൈഷധചമ്പുകാരൻ മുതിർന്നിട്ടുള്ളതു്. ശ്രീഹർഷൻ്റെ വിഖ്യാതമായ നൈഷധീയചരിതം മുന്നിലിരിക്കെ അതിനെ പല വിധത്തിലും സ്പർശിക്കുവാൻ ഇവിടെ ധാരാളം അവസരങ്ങളുണ്ടായിരുന്നു. മുൻഗാമികൾ സാധാരണ ചെയ്യാറുള്ളതും അങ്ങനെയാണു. എന്നാൽ ആ വഴിക്കു തിരിക്കാതെ കവി സ്വതന്ത്രമാർഗ്ഗത്തിൽക്കൂടെത്തന്നെ സഞ്ചരിച്ചു സഹൃദയസമ്മതമായ ഒരു മനോഹരകാവ്യം ചമച്ചതിലാണ് മഴമങ്ഗലം വിജയിയായിത്തീർന്നതു്. കവിയുടെ കല്പനാപാടവത്തെ വെളിപ്പെടുത്തുന്ന ഒന്നുരണ്ടു ഭാഗങ്ങൾ ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ. വിവാഹവേദിയിൽ ദമയന്തിയുടെ രംഗപ്രവേശമാണിത്:
കലയന്തീ കരേ മാലാം – തുലയന്തീ രതീം രുചാ
ദമയന്തി ഗതാ രംഗം നമയന്തീ മുഖാംബുജം.
ഈ ചെറിയ പദ്യം എത്ര മധുരോദാരമായിരിക്കുന്നുവെന്നു് സഹൃദയന്മാർ ആലോചിച്ചറിയേണ്ടതാണു്.
പരിത്യക്തയായ ദമയന്തിയുടെ വിലാപം കേൾക്കേണ്ട ഒന്നുതന്നെ:
കാന്താരേ ഹന്ത മാം ദന്തുരമൃഗപടലീസിന്ധുരേന്ദ്രാതിഘോരേ
കാന്താരേ! പേർത്തുമിട്ടേച്ചിഹ സപദി ഭവാനെങ്ങുപോയി ഗുണാബ്ധേ!
താന്താനഞ്ഞുറുവട്ടം നിജഗമനവിധൗ യാത്രയും ചൊല്ലിയേച്ചേ
കാന്താമെന്നെപ്പിരിഞ്ഞിട്ടൊരു പദമിളകൂ പണ്ടു നീ പുണ്യരാശേ!