പദ്യസാഹിത്യചരിത്രം. നാലാമദ്ധ്യായം

മണിപ്രവാളകാവ്യങ്ങൾ (തുടർച്ച)

കാനന ഭാഗങ്ങളിൽ ആ നിശാവേളയിൽ നടമാടിയ ഭീകരതയെ കവി ചിത്രീകരിക്കുന്ന ഒരു ഗദ്യം നോക്കുക:

അസ്തഗിരീശ്വരമസ്തകസീമനി ഭാസ്കരഭഗവാൻ മറയുന്നേരം,
ഗതവതി സവിതരി ഗുഹകളിൽനിന്നാത്തിമിരകരീശ്വരരിളകുന്നേരം,
ദിക്ഷുവിദിക്ഷു ചമുഷ്ക്കരരായ തരക്ഷുഗണങ്ങൾ തിമിർക്കുന്നേരം,
കാട്ടിൻനടുവിൽക്കാട്ടാളാവലി കൂട്ടംകൂടിപ്പാടുന്നേരം,
മല്ലീ വല്ലീ ഫുല്ലാവലിരിഹ മെല്ലേ മെല്ലേ വിരിയുന്നേരം,
പക്ഷികൾ വൃക്ഷാവലിയിലടങ്ങിയിണങ്ങി മയങ്ങിയുറങ്ങുന്നേരം,
കാമുകപടലികൾ മാനിനിമാർതൻ കോമളമുലകളിലണയുന്നേരം,
ക്രോഷ്ടൂനാം തതി കാട്ടിൻനടുവേ കൂട്ടംകൂടിക്കരയുന്നേരം,
മയിലുകൾ പീലികൾ ചാലവിരിച്ചന്നൃത്തവുമാടിയടങ്ങുന്നേരം,
ഞെടുഞെടയുടനുടനടവികൾതോറും കരടികൾ കടുതരമലറുന്നേരം
രൂക്ഷതതേടിന രാക്ഷസപടലീ തീക്ഷ്ണനിനാദം കലരുന്നേരം,
ശ്രോത്രാനന്ദം ചേർത്തീടാതേ ദാത്യു ഹാവലി കരയുന്നേരം,
പിശിതാശനശതബഹളപിശാചികളശിവനിനാദം കലരുന്നേരം
കുന്നുകൾപോലെ കുന്നിവരും ചില പന്നികളോടിച്ചാടുന്നേരം,
കാനനനികരേ വിരഹിതവിവരേ ദീനതപൂണ്ടു നടന്നുമുഴന്നും,
സർപ്പാനുഗ്രാൻ ദർപ്പോദഗ്രാനഭ്യാശേ കണ്ടാശു വിറച്ചും,
ഗമനനിരാശാ കുഹചനദേശേ നിഷസാദൈഷാ മഹിതാ യോഷാ.