പദ്യസാഹിത്യചരിത്രം. നാലാമദ്ധ്യായം

മണിപ്രവാളകാവ്യങ്ങൾ (തുടർച്ച)

ശബ്ദാർത്ഥങ്ങളുടെ ചേതോഹരമായ ഘടനയും, കവിയുടെ ചിത്രീകരണപടുതയും വെളിപ്പെടുത്തുവാൻ ഇതൊന്നു മാത്രം മതി. ചന്ദ്രോദയത്തെ വർണ്ണിക്കുന്ന ഒരു പദ്യമാണു താഴെ ഉദ്ധരിക്കുന്നതു്:

കാതര്യം ചേർത്തു കോകങ്ങളിലഖിലചകോരാവലീ പ്രാണരക്ഷാ–
ചാതുര്യം കൈവളർത്തിസ്സകലകമുദിനീ കാമനീപുണ്യഭ്രമാ
വൈധുര്യാവേഗദായി വിരഹിഷു സുഷമാപുരപീയൂഷധാരാ–
മാധുര്യം പോഷയൻ ദേഹിഷു പുനരുദിയായൈഷ പീയൂഷധാമാ.

ഒരു വിഷ്ണുവന്ദനവുംകൂടി ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ:

പാലംഭോരാശിമദ്ധ്യേ ശശധരധവളേ ശേഷഭോഗേ ശയാനം
മേളം കോലും കളായദ്യുതിയൊടു പടതല്ലുന്ന കാന്തിപ്രവാഹം
നാളൊന്നേറിത്തുളുമ്പും നിരുപമകരുണാഭാരമിത്യുൽകടാക്ഷം
നാളീകത്താരിൽമാതിൻ കുളുർമുലയുഗളീഭാഗധേയം ഭജേഥാഃ

പോരാ, കാവ്യാരംഭത്തിലെ സുപ്രസിദ്ധമായ ആ വന്ദനശ്ലോകവുംകൂടി ഇവിടെ ഉദ്ധരിച്ചേ മതിയാവൂ:

അമ്പത്തൊന്നക്ഷരാളീ കലിതതനുലതേ! വേദമാകുന്ന ശാഖി-
ക്കൊമ്പത്തമ്പോടു പൂക്കും കുസുമതതിയിലേന്തുന്ന പൂന്തേൻകുഴമ്പേ!
ചെമ്പൊൽത്താർബാണഡംഭപ്രശമനസുകൃതോപാത്ത സൗഭാഗ്യലക്ഷ്മീ-
സമ്പത്തേ! കുമ്പിടുന്നേൻ കഴലിണ വലയാധീശ്വരീ വിശ്വനാഥേ!

ചമ്പുകർത്താക്കളിൽ രാമായണചമ്പുകാരനായ പുനത്തെയും, നൈഷധചമ്പൂകാരനായ മഴമങ്ഗലത്തെയും സഹൃദയർ എന്നും സ്മരിക്കുകതന്നെചെയ്യും.