മണിപ്രവാളകാവ്യങ്ങൾ (തുടർച്ച)
മഴമങ്ഗലത്തിൻ്റെ കാലം: നൈഷധചമ്പുകർത്താവായ നാരായണൻ നമ്പൂരിയുടെ ജീവിതകാലം എട്ടാം നൂറ്റാണ്ടാണെന്നു സാമാന്യമായിപ്പറയാം. മഴമങ്ഗലഭാണത്തിൽ മാടമഹാരാജാവായ രാജരാജനെപ്പറ്റി പ്രകീർത്തിക്കുന്നു. ഈ രാജരാജൻ 712 മുതൽ 740 വരെ കൊച്ചിയെ ഭരിച്ചിരുന്ന വീരകേരളവർമ്മയായിരിക്കണമെന്നു മഹാകവി ഉള്ളൂർ ഊഹിക്കുന്നു. വീരകേരളവർമ്മയ്ക്കു ശേഷം, 740 മുതൽ 776 വരെ രാജ്യം ഭരിച്ച രാമവർമ്മരാജാവിൻ്റെ ആശ്രിതനും ആസ്ഥാനകവിയുമായി നമ്പൂരി വർത്തിച്ചിരുന്നുവെന്നും, അക്കാലത്തു പ്രസ്തുത മഹാരാജാവിൻ്റെ അപദാനങ്ങളെ അനുകീർത്തനം ചെയ്യുവാൻവേണ്ടിയാണു് രാജരത്നാവലീയം ചമ്പു ചമച്ചതെന്നും കൂടി മഹാകവി അഭിപ്രായപ്പെടുന്നു. *1 (കേരളസാഹിത്യചരിത്രം, രണ്ടാംഭാഗം, പേജ് 295.)
രാമായണം, നൈഷധം എന്നീ രണ്ടു ചമ്പുക്കൾ യഥാക്രമം പുനത്തിൻ്റേതെന്നും, മഴമങ്ഗലത്തിൻ്റേതെന്നും പ്രസിദ്ധിയാർജ്ജിച്ചവയാണു്. കാവ്യഗുണം കൊണ്ട് ഇവയെപ്പോലെതന്നെ വിഖ്യാതങ്ങളായ കൃതികൾ വേറെയുമുണ്ട്. അവയിൽ മുഖ്യമായവ ഭാരതം, രാവണവിജയം, കാമദഹനം, രാജരത്നാവലീയം, ബാണയുദ്ധം, കൊടിയവിരഹം, ചെല്ലൂർനാഥോദയം, നാരായണീയം, തെങ്കൈലനാഥോദയം, രുഗ്മിണീസ്വയംവരം, കംസവധം, ദക്ഷയാഗം, സ്യമന്തകം, ത്രിപുരദഹനം, കല്യാണസൗഗന്ധികം, രാമാർജ്ജ്ജുനീയം തുടങ്ങിയവയാണു്. ഇവയിൽ മിക്കവയുടേയും നേർമ്മാതൃത്വം ഇനിയും നിർണ്ണയിച്ചുകഴിഞ്ഞിട്ടില്ല. ചമ്പുക്കളിൽ അധികമെണ്ണവും പുനത്തിൻ്റേതായിരിക്കാം എന്നൊരഭിപ്രായം ഭാഷാചരിത്രത്തിൻ്റെ ഉത്ഭവകാലത്തും അതിൻ്റെ കർത്താവായ ഗോവിന്ദപ്പിള്ള പുറപ്പെടുവിച്ചിരുന്നു. അതേ അഭിപ്രായം തന്നെയാണ് ഇന്നു പലരും സ്വീകരിച്ചുപോരുന്നതു്. പുനത്തെപ്പറ്റി ചന്ദ്രോത്സവത്തിൽ,
മദനസമരസമ്മർദ്ദാന്തരോൽഭൂതകാന്താ-
മണിതമധുരമാധുര്യൈകവംശപ്രസൂതൈഃ
മതുമതമണമോലും പദ്യഗദ്യൈരനേകൈ-
ർമ്മദയതി പുനമിന്നും ഭൂരിഭൂചക്രവാളം.
എന്നു പ്രസ്താവിച്ചുകാണുന്നുണ്ട്. തന്നിമിത്തം പദ്യഗദ്യങ്ങളായ അനേകം കാവ്യങ്ങൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ടെന്നുള്ളതു സ്പഷ്ടമാണു്. എന്നാൽ അവ ഏതെല്ലാമെന്നു നിർണ്ണയിക്കുവാൻ ഗവേഷകന്മാർക്ക് ഇന്നും സാധിച്ചിട്ടില്ല. ആശയങ്ങളുടേയും പ്രയോഗങ്ങളുടേയും പരസ്പരസാമ്യം, ഭാഷാശൈലിയുടെ പഴക്കം മുതലായവയെ മുൻനിർത്തി മേല്പറഞ്ഞവയിൽ ചിലതെല്ലാം പുനത്തിൻ്റെ നാമധേയത്തോടു ബന്ധിച്ചു പറഞ്ഞുപോരുന്നു എന്നുമാത്രം. ഭാരതം, നാരായണീയം, ചെല്ലൂർനാഥോദയം, കൊടിയവിരഹം, പാരിജാതഹരണം, ബാണയുദ്ധം, രാജരത്നാവലീയം എന്നിവ പുനത്തിൻ്റേതായിരിക്കണമെന്നു വടക്കുംകൂർ രാജരാജവർമ്മ അഭിപ്രായപ്പെടുന്നു. 2* (സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ, പേജ് 508-509) രാജരത്നാവലീയം, കൊടിയവിരഹം, ബാണയുദ്ധം എന്നിവ നൈഷധചമ്പുകർത്താവായ മഴമങ്ഗലത്തിൻ്റേതായിരിക്കണമെന്നാണു് ഉളളൂരിൻ്റെ അഭിപ്രായം. *1 (കേരള സാഹിത്യചരിത്രം, രണ്ടാംഭാഗം, പേജ് 417.) തെങ്കൈലനാഥോദയത്തിലെ,
വിദ്യാവല്ലഭ, നീലകണ്ഠ, സുകവേ, ചെല്ലൂരനാഥോദയം
ചിത്രം പണ്ടു കൃതം, പുനശ്ച രചിതം നാരായണീയം ത്വയാ;
അദ്യൈവാരഭതാം ഗിരാ മമ ഭവാൻ തെങ്കൈലനാഥോദയ-
പ്രത്യഗ്രാഖ്യകലർന്ന ബന്ധുരഗുണം ബന്ധും പ്രബന്ധോത്തമം.
എന്ന പദ്യത്തിൽനിന്നു ചെല്ലൂർനാഥോദയം, നാരായണീയം, തെങ്കൈലനാഥോദയം എന്നിവ നീലകണ്ഠകവിയുടെ കൃതികളാണെന്നു സ്പഷ്ടമാകുന്നു. ഈ നീലകണ്ഠൻ പുനം തന്നെയായിരിക്കുമോ എന്നു വടക്കുംകൂർ ശങ്കിക്കാതിരിക്കുന്നില്ല. എന്നാൽ അതു നിർമ്മൂലമാണെന്നും, കൊല്ലവർഷം 776 മുതൽ 790 വരെ കൊച്ചിയെ ഭരിച്ച വീരകേരളവർമ്മൻ്റെ സദസ്യനും മഴമംഗലത്തിൻ്റെ സമകാലികനുമാണു മേൽപ്പറഞ്ഞ നീലകണ്ഠൻ നമ്പൂരിയെന്നും മഹാകവി ഉള്ളൂർ സമർത്ഥിക്കുന്നു.*2 (കേരളസാഹിത്യചരിത്രം, രണ്ടാംഭാഗം, പേജ് 433-435.) ഇങ്ങനെ ചമ്പൂകാവ്യങ്ങളുടെ കർത്തൃത്വത്തെപ്പറ്റി പണ്ഡിതന്മാരുടെ ഇടയിൽ ഇന്നും ഭിന്നാഭിപ്രായമാണുള്ളതു്. എന്നാൽ കൊല്ലം ഏഴാം ശതകം മുതൽ ഒൻപതാം ശതകത്തിൻ്റെ പൂവ്വാർദ്ധം വരെയുള്ള കാലഘട്ടം ചമ്പുക്കളുടെ സുവർണ്ണ ദശയായിരുന്നു എന്ന കാര്യത്തിൽ ആർക്കും ഭിന്നാഭിപ്രായമില്ല.
ഭാഷാചമ്പുക്കളുടെ ഉത്പത്തി: ഭാഷാചമ്പുക്കളുടെ ഉത്പത്തിക്കുള്ള ഹേതു ഇന്നും വാദഗ്രസ്തമായിരിക്കുന്നു. കൊളത്തേരി ശങ്കരമേനോൻ പുറപ്പെടുവിച്ചിട്ടുള്ള അഭിപ്രായം ശ്രദ്ധേയമാണു്. അതിലെ ചില ഭാഗങ്ങൾ ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ:
”ആദികാലം മുതല്ക്കുതന്നെ കേരളത്തിൽ പുരാണകഥകളെ വിസ്തരിച്ചു പറഞ്ഞു മനസ്സിലാക്കുന്നതിനായി പല ഏർപ്പാടുകളും ചെയ്തിട്ടുണ്ടായിരുന്നു. അക്കൂട്ടത്തിൽ കൂത്തിനാണു് പ്രാധാന്യം കല്പിച്ചിട്ടുണ്ടായിരുന്നതു്.
കൂത്തുപറയുന്നതിനു പാടവമുള്ള ചാക്യാന്മാർ കുറവായും, കേൾക്കുവാനാഗ്രഹമുള്ള ജനങ്ങളുടെ സംഖ്യ വർദ്ധിച്ചുമിരുന്ന മുൻകാലത്തു നമ്പ്യാന്മാരും കഥാപ്രസംഗത്തിൽ പ്രവേശിക്കാതിരുന്നില്ല. കൂത്തുപറയുന്നതു ചാക്യാന്മാരുടെ കുലധർമ്മമാകയാലും, അതിനെ മറ്റുള്ളവർക്കു് അനുകരിച്ചുനടത്തുവാൻ അന്നത്തെ സമുദായ ഘടന അനുവദിക്കായ്കയാലും, നമ്പ്യാന്മാർ ചെയ്യുന്ന പുരാണകഥാപ്രസംഗത്തിനു ‘പാഠക’മെന്നു പ്രസിദ്ധിയുണ്ടായി. കാലക്രമത്തിൽ ബ്രാഹ്മണരും, അമ്പലവാസികളും സമുദായത്തിൻ്റെ ആവശ്യമോ അപേക്ഷയോ അനുസരിച്ചു പാഠകം പറഞ്ഞുതുടങ്ങി….
ആദ്യകാലങ്ങളിൽ കൂത്തിനും പാഠകത്തിനും ഉപയോഗപ്പെടുത്തിവന്നിരുന്ന ഗദ്യപദ്യങ്ങൾ മലയാള ഭാഷയിൽ പ്രത്യേകം ഈ ആവശ്യത്തിലേക്കായി എഴുതിയുണ്ടാക്കിയിട്ടുള്ളവതന്നെയായിരുന്നു. ചാക്യാന്മാരും പാഠകക്കാരും കൂത്തിനോ പാഠകത്തിനോ ആരംഭിക്കുന്ന സമയം, മന്ത്രംപോലെ ആദ്യമായി മനസ്സുകൊണ്ടു ചൊല്ലാറുള്ളത്, ഒരു ഭാഷാശ്ലോകമാണു്. അതു താഴെ ചേർക്കുന്നു:
ഘോരാണാം ദാനവാനാം നിരുപമപൃതനാഭാരഖിന്നാം ധരിത്രീ-
മോരോ ലീലാവതാരൈരഴകിനൊടു സമാശ്വാസയന്തം നിതാന്തം
ക്ഷീരാം ഭോധൗ ഭുജംഗാധിപശയനതലേ യോഗനിദ്രാമുദാരാം
നേരേ കൈക്കൊണ്ടു ലക്ഷ്മീകുളുർമുല പുണരും പത്മനാഭം ഭജേഥാഃ.
ശിവപരമായ കഥ പറയുവാനാണു ഭാവമെങ്കിൽ താഴെ ചേർക്കുന്ന ശ്ലോകം കൂടി ചൊല്ലിവരാറുണ്ട്: